സംരംഭക നിറവിൽ കേരളം

സംരംഭക നിറവിൽ കേരളം

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം കൊച്ചിയിൽ നടക്കാനിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾക്കും ഇകഴ്ത്തിക്കാട്ടലുകൾക്കുമിടയിൽ കേരള സർക്കാർ രചിച്ച വിജയത്തിന്റെ കഥയാണ് അവിടെ ഒത്തുചേരുന്ന ഓരോ സംരംഭകർക്കും പറയാനുണ്ടാവുക. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരം നേടി കുതിക്കുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,22,080 സംരംഭങ്ങളും 7462.92 കോടിയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായി. 39,282 സ്‌ത്രീ സംരംഭകരും ഒമ്പത്‌ ട്രാൻസ്‌ജെൻഡർ സംരംഭകരും ഇതിൽ ഉൾപ്പെടും. പദ്ധതി ആരംഭിച്ച് കേവലം 235ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് വഴിയുള്ള സേവനവും സർക്കാർ ലഭ്യമാക്കി.

2022 മാര്‍ച്ച് 30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകള്‍ നിരവധിയാണ്. ഏപ്രിലില്‍ തുടക്കം കുറിച്ച പദ്ധതി നവംബര്‍ ആയപ്പോള്‍ തന്നെ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. സംരംഭക വര്‍ഷം പദ്ധതിയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. സംരംഭക വര്‍ഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിക്കുകയും ചെയ്തു.

കേരളത്തിൽ മാനുഫാക്ചറിങ്ങ് രംഗത്ത് നിക്ഷേപകരില്ലേ? കേരളത്തിലൊക്കെ ആരെങ്കിലും നിക്ഷേപം തുടങ്ങുമോ? കേരളത്തിൽ നിക്ഷേപം തുടങ്ങാൻ കൈക്കൂലി വേണമോ? എന്നിങ്ങനെ സാധാരണ ജനങ്ങളിൽ ഉയർന്നേക്കാവുന്ന സംശയങ്ങൾക്കും ഇങ്ങനൊരു പുതിയ പദ്ധതി ഉണ്ടാകുമ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിക്കുന്ന കപട ആശങ്കകൾക്കും എല്ലാമുള്ള മറുപടിയാണ് ഒരു ലക്ഷത്തിൽപരം സംഭരകരുടെ ഈ ഒത്തുചേരൽ. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായസൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചു. ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാള്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ പദ്ധതിക്ക് സാധിച്ചു. ഒരു വർഷത്തിനുള്ളിൽ വ്യവസായസൗഹൃദ റാങ്കിങ്ങിൽ 13 പടികൾ കയറി 28ൽനിന്ന് 15–-ാംറാങ്കിൽ കേരളം എത്തി എന്നുള്ളത് തന്നെ വ്യവസായ മേഖലയിലെ കേരളത്തിന്റെ കുതിപ്പിന്റെ ഉദാഹരണമാണ്.

എത്രയൊക്കെ തകർക്കാനും തളർത്താനും ശ്രമിച്ചിട്ടും കേരള സർക്കാർ ജനങ്ങൾക്കൊപ്പം കുതിക്കുകയാണ്. ഇതുവരെ ജനങ്ങൾ കാണാത്ത അത്രയും ഫലപ്രദമായും പദ്ധതികളുടെ ആവിഷ്കാരവും നടത്തിപ്പും ജനങ്ങളിൽ സർക്കാരുണ്ടാക്കിയ വിശ്വാസം ചെറുതൊന്നുമല്ല. എതിർപ്പുകൾക്കു മുന്നിൽ അടി പതറാതെ നിർഭയം മുന്നോട്ടു പോകുന്ന കേരള സർക്കാരിന്റെ വിജയങ്ങളിൽ ഏറ്റവും മുന്നിൽ തന്നെ സംഭരകത്വത്തിന്റെ വിജയവും ഉണ്ടാവും എന്ന് നിസ്സംശയം പറയാം.