ആർഎസ്‌എസുമായി രഹസ്യ ചർച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി; ഇനിയും തുടരുമെന്ന് ജനറല്‍ സെക്രട്ടറി

ആർഎസ്എസുമായി അടച്ചിട്ട മുറയിൽ രഹസ്യ ചർച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡൽഹിയിൽ വെച്ചായിരുന്നു രഹസ്യ ചർച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറിയും കേരള മുൻ അമീറുമായ ടി ആരിഫ് അലി "ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചർച്ചകൾ ഇനിയും തുടരുമെന്നും നിലവിൽ നടന്നത് പ്രാഥമിക ചർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ എതിർക്കുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിപ്പെട്ടത്.

അഖിലേന്ത്യാ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ടി ആരിഫ് അലി പറയുന്നു. മാത്രമല്ല, ആർഎസ്എസുമായി ചർച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര സർക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു. ഈ ചർച്ചയിലൂടെ ആർഎസ്എസാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചർച്ചയിൽ വിശ്വസിക്കുന്നവരുമാണ് തങ്ങൾ.

ചർച്ചയിൽ ആർഎസ്എസ് പ്രധാനമായും ഉയർത്തിയത് കാശി, മഥുര മസ്ജിദ് വിഷയങ്ങളാണ്. വിശ്വാസത്തിന്റെ പ്രശ്‌നമാണ് ഇവയെന്നതായിരുന്നു ആർഎസ്എസ് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് മറുപടി പറഞ്ഞു. കേരളത്തിൽ നിന്ന് മറ്റ് സംഘടനകളൊന്നും ആർഎസ്എസുമായുള്ള ചർച്ചയിൽ പങ്കെടുത്തിട്ടില്ല. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷിയാണ് ചർച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ പങ്കെടുക്കാനുള്ള തീരുമാനം അഖിലേന്ത്യാ നേതൃത്വമാണ് എടുത്തത്. ജംഇയ്യത്തുൽ ഉലമയുടെ ഇരുവിഭാഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. അവർ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. അഹ്‌ൽ ഹദീസ്, ഷിയാ, അജ്മീർ ചിശ്തി എന്നിവയുടെ പ്രതിനിധികളും മുസ്ലീം പണ്ഡിതന്മാരും പങ്കെടുത്തു. ചർച്ചകൾ തുടരും. രണ്ടാം നിര നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തി. ഉന്നത തല നേതാക്കൾ തമ്മിലുള്ള ചർച്ച പിന്നീട് നടക്കും ആരിഫ് അലി പറഞ്ഞു.

ആർ.എസ്.എസുമായുള്ള സംഭാഷണത്തിന് വേദിയൊരുങ്ങിയതെങ്ങനെ എന്ന ചോദ്യത്തിനുള്ള പ്രതികരണം ഇങ്ങനെയായിരുന്നു.
മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ഷാഹിസ് സിദ്ദീഖി, സയ്യിദ് ഷെർവാണി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് സംഘചാലക് മോഹൻ ഭഗവതിനെ കണ്ടു. തുടർന്ന് കൂടുതൽ ചർച്ചകൾക്കായി ആർഎസ്എസ് നാലംഗ സംഘത്തെ നിയോഗിച്ചു എന്നായിരുന്നു മറുപടി.

ജമാഅത്തെ ഇസ്‌ലാമിയുടെയും ആർഎസ്എസിന്റെയും ഇടനിലക്കാരൻ ആരായിരുന്നു?
ഖുറേഷി ഞങ്ങളെ ബന്ധപ്പെടുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റ് മുസ്ലീം സംഘടനകളുമായും അദ്ദേഹം സംസാരിച്ചു. എന്നാൽ സംഭാഷണം തുല്യ തലത്തിലായിരിക്കണമെന്നും അതിന് ഘടനയുണ്ടാകണമെന്നും സുതാര്യമായിരിക്കണം എന്നും ഞങ്ങൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മറ്റൊരാൾ പറയുന്നത് കേൾക്കാൻ രണ്ട് പാർട്ടികളും സമ്മതിക്കണം. യോഗത്തിനൊടുവിൽ യുക്തിസഹമായ ഒരു നിഗമനം വേണമെന്നും ഞങ്ങൾ നിർബന്ധിച്ചു. ഇക്കാര്യങ്ങളിലെല്ലാം ഖുറേഷി ഉറപ്പ് നൽകിയിരുന്നു.

എന്തുകൊണ്ടാണ് നിങ്ങൾ അത് സ്വീകരിച്ചത്? നിങ്ങളുടെ സംഭാഷണത്തിലൂടെ നിങ്ങൾ ആർഎസ്എസിനെ നിയമവിധേയമാക്കുകയാണെന്ന് പറയപ്പെടുന്നു.
ഞങ്ങൾ സംഭാഷണത്തിൽ വിശ്വസിക്കുന്നു, സമൂഹത്തിലെ ഒരു വിഭാഗവുമായും ഇടപഴകുന്നതിൽ ഒരു തടസ്സവും തോന്നിയിട്ടില്ല. മുസ്ലീം സംഘടനകളുമായുള്ള ഈ ചർച്ചയിലൂടെ ആർഎസ്എസ് കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് തെളിയിച്ചിരിക്കുകയാണ്. അതാണ് സത്യം. എന്നിരുന്നാലും, ചർച്ച വ്യക്തിപരവും സംഘടനാപരവുമായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത് എന്ന ഞങ്ങളുടെ നിലപാടിൽ ഞങ്ങൾ വളരെ വ്യക്തമായിരുന്നു. ചർച്ച ഇന്ത്യൻ പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെങ്കിൽ ഞങ്ങൾ പിന്മാറാൻ തീരുമാനിച്ചു.

സമൂഹത്തിലും കേരളത്തിലും എന്തെങ്കിലും തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടോ?
ഇല്ല. ജമാഅത്തെ ഇസ്ലാമി വ്യക്തമായ പരിപാടികളുള്ള ഒരു സംഘടനയാണ്. യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ഞങ്ങൾ ഉന്നതതലത്തിൽ ചർച്ച ചെയ്തു. ഞങ്ങളുടെ നിലപാട് കേഡറുകളെ അറിയിക്കുകയും ചെയ്തു. കേന്ദ്രത്തിൽ സർക്കാരിനെ നയിക്കുന്ന ഒരു സംഘടനയുമായി സംസാരിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്ന് ഞാൻ കരുതുന്നു.

untitled-1-copy-1069079