ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച തരത്തിൽ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അത്തരത്തിലുള്ള ഒരു പദ്ധതിയുടെ ഘടന മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം ആ പദ്ധതിയെ തന്നെ ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇനിയങ്ങോട്ട് 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം എന്ന നിലയിൽ പദ്ധതിയുടെ ഘടന മാറ്റുമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി പ്രഖ്യാപിച്ചത്. ഇതു നടപ്പായാൽ രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും. വർഷം 1400 കോടിയിലധികം രൂപ സംസ്ഥാനം കണ്ടെത്തേണ്ടി വരും. പദ്ധതിക്കുള്ള ബജറ്റ് വിഹിതം 30,000 കോടിയോളം രൂപ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പദ്ധതിയെ ഇല്ലാതാക്കാനുള്ള കേന്ദ്രശ്രമം.