പ്രസ് റിലീസ് 04-01-2023
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്
പ്രത്യേക പരിശോധന 547 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 48 എണ്ണം
കഴിഞ്ഞ 6 മാസം കൊണ്ട് നടത്തിയത് അര ലക്ഷത്തോളം പരിശോധനകള്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുന്നതാണ്.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍
· സംസ്ഥാന വ്യാപകമായി ഇന്നലെയും ഇന്നുമായി 976 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതും ഉള്‍പ്പെടെ 91 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.
· സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.
· സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ 5864 പരിശോധനകള്‍ നടത്തി. 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.
· പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് രാത്രി ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്‌പെന്‍ഡ് ചെയ്തു.
· സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
· ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.