സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതല പഴയിടം മോഹനന്‍ നമ്പൂതിരി ഏറ്റവും ഭംഗിയായി വഹിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്‌നങ്ങളില്ല. പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തിൽ നേരത്തെ പ്രതികരണം നടത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂൾ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. സ്‌കൂൾ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.