ഭക്ഷണത്തിൽ നോൺ വെജ് വേണമോ എന്ന കാര്യം സർക്കാർ ആണ് തീരുമാനിക്കുന്നത്. അക്കാര്യം ചർച്ച ചെയ്യുന്നതും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതും ഒക്കെ ശരിയാണ്. ആ ചർച്ച ശ്രദ്ധിച്ച സർക്കാർ ഗൗരവ പൂർവം ആ വിഷയത്തെ അഡ്രസ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇത്തരം വിഷയങ്ങളിൽ ജാതീയതയും വർഗീയതയും കുത്തികയറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. എന്തിലും അനാവശ്യമായി വർഗീയത കുത്തികയറ്റുന്ന ഒരു പ്രവണത ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട് .
അത്തരം സങ്കുചിതവാദങ്ങൾക്ക് ചെവി കൊടുക്കാനും ചർച്ചയാക്കാനും കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുന്നത് ശരിയല്ല.
കേരളത്തിലെ നല്ല കാര്യങ്ങൾ എല്ലാം മറച്ചു വയ്ക്കുന്ന മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ആഘോഷിക്കുകയാണ്.
മോഹനൻ നമ്പൂതിരി, നമ്പൂതിരി ആയത് കൊണ്ടല്ല ടെണ്ടർ ലഭിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഭക്ഷണ ‘മെനു’ തീരുമാനിക്കുന്നത് പഴയിടവുമല്ല.
നോൺ വെജ് പാചകം ചെയ്യാൻ അദ്ദേഹം മടിച്ചിട്ടുമില്ല. കായിക മേളയ്ക്ക് അദ്ദേഹം അത് ചെയ്യുന്നുമുണ്ടല്ലോ ?
കഴിഞ്ഞ അറുപതു വർഷമായി ഇല്ലാത്ത പ്രശ്നം വർഗീയമായി കുത്തിപ്പൊക്കുന്നത്തിൽ ചില ലിബറലുകളും പോസ്റ്റ് മോഡേണിസ്റ്റുകളും എടുത്ത നിലപാട് ശരിയല്ല. അത് ഏറ്റുപിടിക്കുകയാണ് വി ടി ബൽറാമിനെ പോലുള്ളവർ ചെയ്തത്.
udf ന്റെ കാലത്ത് ബൽറാം ഇത് പറഞ്ഞില്ലലോ ?
അന്നത്തേതിൽ നിന്നും എന്ത് മാറ്റമാണ് ഇന്നുണ്ടായത് ?
ഈ വിവാദം കൊണ്ട് നേട്ടമുണ്ടാക്കുന്നത് സംഘ പരിവാർ ആണ്.
ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ അവർക്ക് ഒരു സംഗതി കിട്ടി. അവർ അത് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. മാധ്യമങ്ങളുടെ അരുമയായ ശ്രീജിത്ത് പണിക്കർ തന്നെ ഇഗ്ളീഷിൽ പോസ്റ്റ് ഇട്ടുകൊണ്ട് അത് ആരംഭിച്ചിട്ടുണ്ട്.
അതി വിപ്ലവകാരികളായി അഭിനയിക്കുന്ന ചിലരും, ചില മാധ്യമങ്ങളും, ചില യു ഡി എഫുകാരും ഇപ്പോൾ സംഘ പരിവാറിന് ആയുധം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലാണ്.
മോഹനൻ നമ്പൂതിരി ഇനി സ്‌കൂൾ മേളകളിൽ പാചകം ചെയ്യണമോ വേണ്ടയോ എന്നത് അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. അതിൽ അഭിപ്രായം പറയേണ്ടതില്ല. അദ്ദേഹം അല്ലെങ്കിൽ മറ്റാരെങ്കിലും ആ പണി ചെയ്യും.