മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാപക പണം തട്ടിപ്പു

വ്യവസായ വകുപ്പിനെതിരെ ഉള്ള കള്ളപ്രചാരണങ്ങളുടെ ഒരു നീണ്ട ക്യാമ്പെയ്ൻ മന്ത്രി തന്നെ പൊളിച്ചതോടെ അടുത്ത ക്യാമ്പെയ്‌നുമായി മുഖ്യധാരാ മാധ്യമങ്ങളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. ഒരു രാത്രി ഉറങ്ങി എണീക്കുമ്പോൾ പെട്ടെന്നുണ്ടാവുന്ന ബോധോദയങ്ങൾ പോലെയാണ് കേരളത്തിലെ മാധ്യമങ്ങളുടെ ലീഡുകളെല്ലാം. ഇതുവരെ കണ്ടെത്താത്തതും എന്നാൽ വളരെയധികം ഗൗരവമുള്ളതുമായ വിഷയങ്ങളെക്കുറിച്ച് സ്വിച്ച് ഇട്ടപോലെ കുറെ വാർത്തകൾ പൊട്ടിമുളയ്ക്കും, രണ്ടുദിവസത്തിനപ്പുറം പോലും ആയുസില്ലാത്ത കുമിളകളാണ് ഇതൊക്കെയെന്ന് ഇപ്പോൾ ജനം നന്നായി മനസിലാക്കി കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ പോലെ വരികൾക്കിടയിലൂടെ വായിക്കാനുള്ള മലയാളിയുടെ കഴിവിനെ underestimate ചെയ്യുകയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും.

ഇന്ന് രാവിലെ തൊട്ട് എല്ലാ പത്രങ്ങളെയും അലട്ടുന്ന പ്രധാന പ്രശ്നം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാപക പണം തട്ടിപ്പു നടന്നെന്ന് വിജിലൻസ് കണ്ടെത്തി എന്നതാണ്. ഇങ്ങനെ ഒരു വാർത്ത ജനങ്ങളിലുണ്ടാക്കുന്ന ധാരണ എന്തായിരിക്കും. ദുരിതാശ്വാസ നിധിയിലേക്ക് പാവങ്ങൾ അവരുടെ ആടിനെ വിറ്റും കുഞ്ഞുങ്ങൾ കുടുക്ക പൊട്ടിച്ചും നൽകുന്ന പണം സർക്കാർ അനർഹർക്ക് വിതരണം ചെയ്യുന്നു എന്ന് ആവില്ലേ. എന്നിട്ടു സർക്കാരിന്റെ ആ അനധികൃത പ്രവർത്തനം വിജിലൻസ് കൈയോടെ പിടിച്ചെന്ന്. ഇത് തന്നെയാണ് അവരുടെ വാർത്തകളുടെ ഉദ്ദേശവും. സർക്കാരിനെതിരെ ആവുന്നത്രയും പ്രചാരണങ്ങൾ നടത്തുക, അതിപ്പോ വ്യാജവാർത്ത ആയാലും, അതിന്റെ പേരിൽ ജനങ്ങളും മന്ത്രിമാരും പോലും ചോദ്യം ചെയ്താലും ഈ വ്യാജവാർത്ത ചമയ്ക്കലിൽ നിന്ന് ഒരു മാധ്യമങ്ങളും പിന്മാറുന്ന ലക്ഷണമില്ല എന്നതിന്റെ പ്രധാന ഉദാഹരണം തന്നെയാണ് ഈ വാർത്ത.

അതിനെ പൊളിച്ചടുക്കിക്കൊണ്ട് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ press release തന്നെ വന്നിട്ടുണ്ട്. അതിൽ കൃത്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർ കൈപ്പറ്റുന്നത് കണ്ടെത്തുന്നതിലേക്ക് വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയെ സംബന്ധിച്ച വിവരങ്ങളെല്ലാം അക്കമിട്ടു തന്നെ നിരത്തിയിട്ടുണ്ട്. എന്നാൽ ഈ മിന്നൽ പരിശോധന എന്തായാലും വിജിലൻസ് കിട്ടിയ ദിവ്യവെളിച്ചതിന്റെ പിറകെ പോയതുകൊണ്ട് ഉണ്ടായതല്ലല്ലോ, ആരെങ്കിലും ചുമതലപ്പെടുത്തി തന്നെ ഉണ്ടാവേണ്ടതല്ലേ. അതിലേക്കാണ് കടക്കുന്നത്, മുഖ്യമന്ത്രി വളരെയധികം ലക്ഷ്യങ്ങളോടുകൂടി ആരംഭിച്ച ദുരിതാശ്വാസ നിധി ഒരു കാരണവശാലും ദുർവിനിയോഗം ചെയ്യപ്പെട്ടു പോകരുതെന്ന ലക്ഷ്യത്തോടെ അതിലെ ക്രമക്കേടുകൾ പരിശോധനം സർക്കാർ നിർദേശപ്രകാരം നടത്തിയ വിജിലൻസിന്റെ പരിശോധനയെയാണ് വിജിലൻസ് കണ്ടെത്തിയ സർക്കാരിന്റെ ക്രമക്കേടായി കേരളത്തിലെ നുണ പ്രചാരകർ ഒറ്റ വാക്യം കൊണ്ട് മാറ്റി മറിച്ചത്.

സർക്കാർ നിർദേശം കൃത്യമായി പാലിച്ച വിജിലൻസിന്റെ കണ്ടെത്തലുകളോടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പക്ഷം. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് മാധ്യമങ്ങളുടെ കാര്യത്തിൽ പുതുതായൊന്നുമല്ല. എന്നാലും സർക്കാരിനെ കരിവാരിതേയ്ക്കാൻ തലച്ചോറ് പണയംവച്ചു പണിയെടുക്കുന്ന അത്രയും ആത്മാർത്ഥമായ മാധ്യമപ്രവർത്തനം ആണ് ഇവരുടെ ഭാഗത്തുനിന്ന് നിരന്തരം കാണുന്നത്. തങ്ങളുടെ വിശ്വാസ്യത ഒക്കെ പോയാലും വേണ്ടില്ല, ഒരു സെക്കന്റ് നേരത്തേക്കെങ്കിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും ജനങ്ങൾ തെറ്റിദ്ധരിച്ചാൽ മതി എന്ന നിഷ്കളങ്കമായ ജീർണലിസം അപാരം തന്നെ.






Screenshot 2023-02-25 121253
Screenshot 2023-02-25 121417