വായ്പ്പാ അനുമതി

കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഈ വർഷം വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം. എന്നാൽ 2 ശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്ര സർക്കാർ അയച്ചിരിക്കുന്ന ഇണ്ടാസ്.

സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജിഡിപി 11 ലക്ഷം കോടി രൂപയാണ്. അതിന്റെ 3.5 ശതമാനം 38000 കോടി രൂപവരും. 3 ശതമാനംവച്ച് കണക്കാക്കിയാൽപോലും 33000 കോടി രൂപ വരും. എന്നാൽ ആദ്യത്തെ 9 മാസത്തേക്കായി അനുവദിച്ചിരിക്കുന്ന തുകവച്ച് കണക്കാക്കിയാൽ നമുക്ക് 20-22000 കോടി രൂപയേ വായ്പയായി ലഭിക്കൂ. ഈ വർഷം അർഹതപ്പെട്ടതിൽ 11-13000 കോടി രൂപ കുറച്ചേ കേരളത്തിനു ലഭിക്കൂ.

എന്താണ് ഇതിനു കാരണമായി കേന്ദ്രം പറയുന്നത്?

ഇപ്പോൾ അയച്ച കത്തിൽ കാരണമൊന്നും പറയുന്നില്ല. ആദ്യത്തെ 9 മാസക്കാലത്തേക്ക് 22000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 15390 കോടി രൂപയേ ലഭിക്കുകയുള്ളൂവെന്നു മാത്രമുള്ള അറിയിപ്പാണ്. എന്നാൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയുടെ ഒരു ഭാഗം തട്ടിക്കിഴിച്ചതുകൊണ്ടാണ് ഈ കുറവ് വന്നിരിക്കുന്നത് എന്നാണ് ഊഹം.

എന്തൊരു അന്യായമാണ് ഇത്?

കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് എടുക്കുന്ന വായ്പകൾ ഇതുവരെ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. ഇപ്പോഴും കേന്ദ്രത്തിൽ ഇങ്ങനെ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. പ്രതിവർഷം 3-4 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തുകയ്ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വായ്പയെടുത്ത് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കു പണം തിരിച്ചുനൽകും. കേരളത്തിന്റെ കാര്യത്തിൽ കിഫ്ബി നടപ്പാക്കുന്ന പ്രൊജക്ടുകൾ ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചവപോലും അല്ല. എന്നാലും കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ഒരു പുതിയ നിയമം കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളെ മുൻകൂറായി അറിയിച്ച് നടപ്പാക്കേണ്ടുന്ന ഒന്നല്ലേ ഇത്? ഇതിനു പകരം കേരളത്തിൽ ഈ നിയമം മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കുകയാണ്. കിഫ്ബി തുടങ്ങിയകാലം മുതൽ എടുത്ത വായ്പകൾ ഭാവിയിൽ ഗഡുക്കളായി സംസ്ഥാനത്തിന്റെ വായ്പയിൽ നിന്നും കിഴിക്കുംപോലും. ഇത് ഒരൊറ്റകാര്യം മാത്രം മതി കേന്ദ്ര സർക്കാരിന്റെ നീക്കം എത്ര ദുരുപധിഷ്ഠിതമാണെന്നു മനസിലാക്കാൻ.

പെൻഷൻ കമ്പനിയുടെ കാര്യം ഇതിലേറെ കൗതുകകരമാണ്. പാവങ്ങൾക്ക് കോവിഡ് കാലത്ത് മാസംതോറും കൊടുക്കുമെന്ന് ഉറപ്പുവരുത്താൻ ഉണ്ടാക്കിയ സംവിധാനമാണിത്. സർക്കാരിന്റെ കൈയിൽ തല്കാലം കാശില്ലെങ്കിൽ പെൻഷൻ ഫണ്ട് വായ്പയെടുത്ത് പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കും. സർക്കാർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ വായ്പ തിരിച്ചടയ്ക്കും. ഇങ്ങനെ പെൻഷൻ കമ്പനി 12000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ 10000-ത്തിലേറെ കോടി രൂപ സർക്കാർ തിരിച്ച് അടച്ചിട്ടുമുണ്ട്. എന്നാൽ അസ്സൽ 2000 കോടി അല്ല, മൊത്തത്തിൽ എടുത്ത 12000 കോടി രൂപയാണ് സർക്കാർ അനധികൃതമായി വായ്പയെടുത്തത് എന്നാണ് കേന്ദ്രം വിധിച്ചിരിക്കുന്നത്. അതും ഗഡുക്കളായി ഭാവിയിൽ വെട്ടിക്കുറയ്ക്കുമത്രേ.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെട്ടിക്കുറവു വരുത്തി. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ. ഈ വർഷം അത് 2 ശതമാനമായി കുറച്ചിരിക്കുകയാണ്.

ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തത്? യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് കേരളം കടക്കെണിലാണെന്നൊരു ഒരു പൊതുബോധ്യം കേരളത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്. 39 ശതമാനം കടബാധ്യതയുള്ള കേരളം കടക്കെണിയിലാണെങ്കിൽ 60 ശതമാനം കടബാധ്യതയുള്ള കേന്ദ്ര സർക്കാരല്ലേ കൂടുതൽ കടക്കെണിയിൽ? കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധ:പതിച്ചിരിക്കുന്നു.

കേന്ദ്ര സർക്കാർ വായ്പ്പാ അനുമതി തരുന്നില്ല എന്നു പറയുമ്പോൾ നിങ്ങൾ എന്തിനാണ് ഈ വായ്പ്പയും കാത്തിരിക്കുന്നത് എന്നു ചോദിക്കുന്ന പൊതുബോധ നിർമ്മിതിയാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ ഈ നാടിനോട് ചെയ്ത പ്രധാന ദ്രോഹം. പൊതു ധനകാര്യത്തിൽ deficit financing എന്നു പറയുന്നത് നാം വ്യക്തികൾ കടം എടുക്കുന്നത് പോലെയല്ല എന്നു പറഞ്ഞാലും ഇവർ ഈ പൊതുബോധ നിർമ്മിതി തുടർന്നുകൊണ്ടേ ഇരിക്കും. അപ്പോൾ മനസ്സിലാകാൻ കേന്ദ്ര സർക്കാരിന്റെ ഒരു വർഷത്തെ വായ്പ്പ എത്ര, അവരുടെ cumulative outstanding liability എത്ര എന്നൊക്കെ നമ്മൾ പറയും . അപ്പോൾ പക്ഷേ മാദ്ധ്യമങ്ങൾ അവരുടെ പക്ഷപാതിത്വം കൊണ്ട് ആ താരതമ്യത്തിനു തലവയ്ക്കുകയുമില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? 2022-2023 ൽ മാർച്ച്മാസം AG യുടെ ആ സാമ്പത്തിക വർഷത്തെ provisional figures വന്നപ്പോൾ കേരളത്തിന്റെ ധനക്കമ്മി 2.2 ശതമാനമാണ്. 3.5 ശതമാനം എടുക്കാൻ അനുമതി ഉള്ളപ്പോൾ ഇവർ നമുക്കനുവദിച്ചത് 2.2 ശതമാനം മാത്രം . നഷ്ട്ടം 14000 കോടി രൂപയാണ്. കേരളത്തിലെ മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന പൊതു പ്രതീതി എന്താണ്? റിസർവ് ബാങ്ക് നൽകുന്ന കൈവായ്പ്പയായ ways and means advance ഉം overdraft ഉം എന്തോ മഹാ അപരാധമാണ് എന്നതാല്ലേ? ചുരുക്കത്തിൽ ഇതു പോലും എടുക്കാൻ പറ്റാത്ത ഒരു യാഥാസ്ഥിതിക കെട്ടുപാടിൽ നാം പെടുകയാണ് ചെയ്യുന്നത്.

ഇതിന്റെ ഫലമെന്താണ്? അനിവാര്യമായ ചെലവുകൾക്കു പണം സമയത്തു കണ്ടെത്താൻ കഴിയാത്ത നില വരും. ധനഉത്തരവാദിത്ത നിയമം അനുസരിച്ച് സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം അസ്സൽ വായ്പ്പ അനുവദനീയമാണ്. അവിടെയാണ് 2.2 ശതമാനമായി അവർ വെട്ടിക്കുറച്ചത്. ദ്രോഹിക്കുകയാണ് കേരളത്തെ. ഇതിനാണ് ഈ മാദ്ധ്യമങ്ങൾ ഓശാന പാടുന്നത്.

ആർഎസ്എസ് ന്റെ കേന്ദ്ര സർക്കാരിനു ഫെഡറൽ മര്യാദകൾ ബാധകമല്ല. അവരോടു ഫൈറ്റ് ചെയ്യുക എന്നതാണ് വഴി. ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പെൻഷൻ കമ്പനി വഴി 5000 കോടി രൂപ കൂടി എടുത്തിരുന്നു എങ്കിലും ധനക്കമ്മി നിയമ പരിധിയിൽ നിൽക്കുമായിരുന്നു. ഒരാളുടെയും അനുമതി വേണ്ട . ഐഎഎസ് കാർ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉദ്യോഗസ്ഥരാണ്. അവരെക്കൊണ്ടു നമ്മുടെ നയം നടപ്പിലാക്കുകയേ വഴിയുള്ളൂ. അവർ കേന്ദ്രം പറയുന്നത് ഇൻസിസ്റ്റ് ചെയ്യും. സ്വാഭാവികം. പെൻഷൻ എല്ലാ മാസവും നൽകുന്നത് എന്തിനാണ് എന്നു ചോദിക്കുന്നത് പല വട്ടം കേട്ടിട്ടുണ്ട്. അവർ ചോദിക്കട്ടെ. പക്ഷേ നമ്മുടെ നയം നടപ്പിലാക്കണം. ഇവിടെയാണ് ഈ മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന പൊതു ബോധം പ്രസക്തമാകുന്നത് . എന്തിനാണ് ഇവർ കേരളത്തോടു ശത്രുത പ്രഖ്യാപിക്കുന്നത്.?

ഇപ്പോൾ സംഭവിക്കുന്നതിന്റെ ഒരു ചിത്രം നോക്കാം.

 2023-2024 ലെ കേരളത്തിന്റെ പ്രതീക്ഷിത സംസ്ഥാന വരുമാനം- 1132194 കോടി രൂപ.

 ബജറ്റ് ചെയ്ത ധനക്കമ്മി- 3.5 %

 ധനക്കമ്മി രൂപയിൽ -39662 കോടി രൂപ

 ഈ തുകയാണ് വായ്പ്പാ വരുമാനമായി ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ പിരിവു നോക്കാം

 പൊതുക്കടം ( പബ്ലിക് Debt ) – 28552 കോടി രൂപ

 ട്രഷറി നിക്ഷേപവും മറ്റും ചേരുന്ന പൊതുക്കണക്ക് ( Public Account) – 11073 കോടി രൂപ.

 പിന്നെ അല്ലറ ചില്ലറയും കൂടി ചേരുന്നതാണ് ഈ ധനക്കമ്മി.

 ബോണ്ട് ഇറക്കി എടുക്കുന്ന വിപണി വായ്പ്പ, നബാർഡ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പ്പ എന്നിവ ഈ പൊതുക്കടം എന്നു പറയുന്നതിലാണ് വരുന്നത്.( Open Market Borrowing( OMB) , Institutional Loans ) ഇവ എടുക്കാൻ കേന്ദ്രം മുൻകൂർ അനുമതി തരണം എന്നാണു വയ്പ്പ്. കൃത്യമായ ഭരണ ഘടനാ വ്യവസ്ഥ അതല്ല. അതു മുൻപു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ അനുമതിയാണ് കേന്ദ്ര ധനമന്ത്രാലയം 15390 കോടി രൂപയായി വെട്ടി കുറച്ചത്.

 ഇനിയിപ്പോൾ 3 ശതമാനമേ പറ്റൂ എന്നതാണെങ്കിൽ ധനക്കാമി എത്രയാകാം? 1132194 ന്റെ 3 ശതമാനം. 33965 കോടി രൂപ. അതിൽ ട്രഷറി നിക്ഷേപം വഴിയും മറ്റുമുള്ള Public Account തുകയായ 11073 കോടി രൂപ കുറച്ചാൽ 22938 കോടി രൂപ. ഇതല്ലേ കണക്ക് ? അനുവദിക്കുന്നത് 15390 കോടി രൂപ. 7548 കോടി രൂപ കുറയുന്നു. നികുതിയിലും ഗ്രാന്റിലും അനുഭവിക്കുന്ന വിവേചനത്തോടൊപ്പം ഈ കെടുതി കൂടി അടിച്ചേൽപ്പിക്കുകയാണ്.

 കേരളം മൂന്നു ശതമാനം ധനക്കമ്മിയിൽ നിന്നു കൊള്ളണം, അതു തന്നെ ഞങ്ങൾക്ക് സൌകര്യപ്പെട്ടാൽ തരും എന്നു പറയുന്ന കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഇപ്പോൾ 6.7 ശതമാനമാണ്. 2025 ൽ 4.5 ശതമാനമാക്കും, അങ്ങനെ ഞങ്ങൾ fiscal consolidation പാതയിലാണ് എന്നതാണ് അവരുടെ ബജറ്റിലെ അവകാശ വാദം. ബജറ്റിലെ ഒരു സ്റ്റേറ്റ്മെന്റ് ഇവിടെ കൊടുത്തിട്ടുണ്ട്.

 കേന്ദ്രത്തിന്റെ ആകെ കടം എത്ര ശതമാനം വരും? 82.8 ശതമാനം. കേരളത്തിന്റെ 36 ശതമാനത്തിനു നേരെ ഉറഞ്ഞു തുള്ളുകയാണ് കേന്ദ്രം. പ്രതിമാസ ധനഅവലോകനത്തിലെ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്.

ഇതു കേരളം എന്ന ആശയത്തോടുള്ള വെല്ലു വിളിയാണ്. അതിനെ ചെറുക്കുക എന്ന രാഷ്ട്രീയം എല്ലാവരും സ്വീകരിക്കേണ്ട സമയം. പിണറായി വിരോധം മൂത്ത് കേരളത്തെ ചുടാൻ മാധ്യമ സുഹൃത്തുക്കളും കോൺഗ്രസ്സും കൂട്ടു നിൽക്കുമോ എന്നതാണ് ചോദ്യം.


T21

ഈ വര്‍ഷം 33,420 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അവകാശമുള്ളത്. ഇതില്‍ 15,390 കോടി രൂപ മാത്രം എടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ കേന്ദത്തിന്റെ ഉത്തരവ്. അതായത്, വര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാവുന്ന പരിധിയില്‍നിന്ന് 54 ശതമാനം കേന്ദ്രം വെട്ടി. സംസ്ഥാനത്തിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച കേന്ദ്രത്തിന്റെ പകപോക്കല്‍ കൂടിയാണ് ഈ നടപടി.