ബ്രാഹ്മണ്യത്തിന്റെയും മധ്യകാല രാജവാഴ്ചയുടെയും അവശിഷ്ടഭാരം മാത്രമായ ഒരു ചെങ്കോൽ ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിനുള്ളിൽ സ്ഥാനംപിടിച്ചുകഴിഞ്ഞു. ഭരണഘടനാമൂല്യങ്ങൾക്കു മുകളിൽ രാജവാഴ്ചാമൂല്യങ്ങളെ പ്രതിഷ്ഠിക്കുന്ന ഹൈന്ദവ വർഗീയതയുടെ രാഷ്ട്രീയ കാര്യപരിപാടിയുടെ ലജ്ജാകരമായ പ്രദർശനമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നടന്നത്. രാഷ്ട്രത്തിന്റെ പരമാധികാരിയും സർവസൈന്യാധിപയുമായി ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രപതിക്ക് ആ ചടങ്ങിൽ കാഴ്ചക്കാരിയുടെ പദവിപോലും ഉണ്ടായില്ല. രാഷ്ട്രപതിയും ഇരുസഭകളും ഉൾപ്പെട്ടതാണ് പാർലമെന്റ് എന്ന ഭരണഘടനാവ്യവസ്ഥ നിലനിൽക്കെത്തന്നെയാണ് നഗ്നവും ലജ്ജാകരവുമായ ഭരണഘടനാ ലംഘനത്തിന്റെയും അശ്ലീലകരമായ ആചാരപ്രദർശനത്തിന്റെയും വേദിയായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ഭരണനേതൃത്വം മാറ്റിത്തീർത്തത്. അവസാനത്തെ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ, പണ്ഡിറ്റ് നെഹ്റുവിന് കൈമാറിയ ചെങ്കോൽ എന്നതടക്കമുള്ള പച്ചക്കള്ളങ്ങളുടെ നിർബാധമായ പ്രചാരണം നടത്താൻ ഭരണനേതൃത്വത്തിന്റെ നടത്തിപ്പുകാർക്ക് ഒട്ടുംമടിയുണ്ടായില്ല. ഒരു രാഷ്ട്രമെന്നനിലയിൽ നാം എത്തിപ്പെട്ട വിപര്യയത്തിന്റെയും പ്രതിസന്ധിയുടെയും ആഴം ഇതിലും നന്നായി മറ്റൊന്നിനും വെളിപ്പെടുത്താനാകുകയുമില്ല.
ഹിന്ദുത്വമെന്ന ആശയത്തിന്റെ അവതാരകനായ സവർക്കർ അതിനു നൽകിയ വിശദീകരണത്തിന് ഈ സന്ദർഭത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. ഹിന്ദുത്വം ഒരു വാക്കല്ലെന്നും അതൊരു സമഗ്രചരിത്രമാണെന്നും (Hindutwa is not a word; but a whole history) സവർക്കർ എഴുതി. ഈ സമഗ്രചരിത്ര നിർമാണചരിത്രത്തിലെ സുപ്രധാന സന്ദർഭങ്ങളിലൊന്നായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സന്ദർഭത്തെ രൂപപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സമ്മേളന ദിവസങ്ങളും സഭാസമിതികളും വിശദ ചർച്ചകളും എല്ലാം റദ്ദാക്കിക്കൊണ്ട് പാർലമെന്റിനെ ഒരു കെട്ടിടംമാത്രമായി ചുരുക്കുന്ന പുതിയ പ്രവർത്തനരീതിയുടെ തുടർച്ച അതിലുണ്ട്. ഏകഛത്രാധിപതിയായ ഒരു പരമാധികാരിയുടെ ഭരണവും അതിനുള്ള പൗരോഹിത്യത്തിന്റെ അനുഗ്രഹാശിസ്സുകളുമെന്ന മധ്യകാലസങ്കൽപ്പത്തിന്റെ അലയടികൾ ആ ചടങ്ങിലുടനീളം കാണാനായതും അതുകൊണ്ടാണ്.
ഈ ചരിത്രനിർമാണത്തിന്റെ മറ്റൊരു സുപ്രധാന മുഖത്തെയാണ് സമീപകാലത്ത് പാഠപുസ്തകങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങളിലും കാണാനാകുക. ചില പാഠഭാഗങ്ങൾ ഒഴിവാക്കുകയെന്ന തോന്നൽ ഉളവാക്കുന്നതാണെങ്കിലും വിശാലമായ ചരിത്ര രാഷ്ട്രീയമാനങ്ങൾ ഉള്ളവയാണ് ആ പരിഷ്കാരങ്ങൾ. എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തിയ തിരുത്തലുകളും പിൻവലിക്കലുകളും പരിശോധിച്ചാൽ സവർക്കർ മുന്നോട്ടുവച്ച ബദൽ ചരിത്രത്തിലേക്കുള്ള വഴിയാണ് അതിനു പിന്നിലുള്ളതെന്ന് കാണാനാകും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് എന്നുപറഞ്ഞാണ് ഈ പരിഷ്കരണങ്ങളൊക്കെ എൻസിഇആർടി നടപ്പാക്കുന്നത്. എന്നാൽ, അതിനു പിന്നിലെ അടിസ്ഥാന താൽപ്പര്യം തീർത്തും വ്യത്യസ്തമാണ്. ഹൈന്ദവ വർഗീയതയുടെ ലോകവീക്ഷണത്തോടും രാഷ്ട്രീയ കാര്യപരിപാടികളോടും ഒത്തുപോകുന്നവിധത്തിൽ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുകയും അതുവഴി വരുംതലമുറയുടെ ലോകാവബോധത്തെ തിരുത്തുകയുമാണ് ഭരണനേതൃത്വം ലക്ഷ്യമിടുന്നത്. ഹിന്ദുത്വം ഒരു വെറുംവാക്കല്ലെന്നും അതൊരു സമഗ്രചരിത്രമാണെന്നുമുള്ള സവർക്കറുടെ പ്രസ്താവനയുടെ നിർവഹണമാണത്.
ജനാധിപത്യത്തിന്റെ മറപറ്റിനിന്ന് ഫാസിസം വേരുപിടിച്ചു വളരുന്ന ഇടമാണ് കേവല ഭൂരിപക്ഷവാദം. ഇത്തരം കേവല ഭൂരിപക്ഷവാദമായി ജനാധിപത്യത്തെ ചുരുക്കിയെടുക്കാനും അതിന്റെ വിശാലമാനങ്ങളെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത പരിശ്രമമാണ് പാഠഭാഗങ്ങളുടെ പുനക്രമീകരണത്തിനു പിന്നിലെ ഒന്നാമത്തെ താൽപ്പര്യം.
പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട ഭാഗങ്ങളെ അടിസ്ഥാനപരമായി നാലു വിഭാഗമായി പരിഗണിക്കാനാകും. ജനാധിപത്യവും അതുമായി ബന്ധപ്പെട്ട പ്രമേയങ്ങളുമാണ് ഒന്ന്. ജനാധിപത്യത്തിന്റെ ആധാരതത്ത്വങ്ങളായ വ്യത്യസ്തത, വിയോജിക്കാനുള്ള ഇടം തുടങ്ങിയ ആശയങ്ങളെല്ലാംതന്നെ ഹൈന്ദവവർഗീയവാദികൾക്ക് അങ്ങേയറ്റം എതിർപ്പുള്ളവയാണ്. അവരെ സംബന്ധിച്ച് കേവല ഭൂരിപക്ഷവാദമാണ് (മെജോറിറ്റേറിയനിസം) ജനാധിപത്യം. ജനാധിപത്യത്തിന്റെ മറപറ്റിനിന്ന് ഫാസിസം വേരുപിടിച്ചു വളരുന്ന ഇടമാണ് കേവല ഭൂരിപക്ഷവാദം. ഇത്തരം കേവല ഭൂരിപക്ഷവാദമായി ജനാധിപത്യത്തെ ചുരുക്കിയെടുക്കാനും അതിന്റെ വിശാലമാനങ്ങളെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത പരിശ്രമമാണ് പാഠഭാഗങ്ങളുടെ പുനക്രമീകരണത്തിനു പിന്നിലെ ഒന്നാമത്തെ താൽപ്പര്യം.
ഇന്ത്യയുടെ അടിസ്ഥാന സാമൂഹ്യ യാഥാർഥ്യങ്ങളെ പാഠപുസ്തകങ്ങളിൽനിന്ന് പടിയിറക്കുക എന്നതും ഇതോടൊപ്പംതന്നെ നടക്കുന്നു. അസമത്വത്തെയും ദാരിദ്ര്യത്തെയുംകുറിച്ചുള്ള പാഠഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെടുന്നത് അങ്ങനെയാണ്. 121 രാജ്യംമാത്രം ഉൾപ്പെടുന്ന ആഗോള പട്ടിണിസൂചികയിൽ 2022ൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. (കഴിഞ്ഞവർഷം ഇത് 101ഉം 2014ൽ 55ഉം ആയിരുന്നു). പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറിയതിനെച്ചൊല്ലിയുള്ള തമ്പേറുകൾ മുഴങ്ങുമ്പോൾത്തന്നെയാണ് ദാരിദ്ര്യത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും ഭീകരമായ വളർച്ച ഇന്ത്യയിൽ ഉണ്ടാകുന്നത്. ജനാധിപത്യത്തെ സമത്വത്തോടും സ്വാധികാരത്തോടും ബന്ധപ്പെടുത്തി മനസ്സിലാക്കുന്നത് തടയുകയെന്നത് ഭരണനേതൃത്വത്തിന്റെ മുഖ്യ താൽപ്പര്യമായി മാറുന്നതും അങ്ങനെയാണ്. ഭൂരിപക്ഷം മാത്രമാണ് ജനാധിപത്യമെന്നു വന്നാൽ ഈ പ്രശ്നങ്ങളൊന്നും പ്രധാനമല്ലാതാകുമെന്ന് ഹിന്ദുത്വശക്തികൾ നന്നായി മനസ്സിലാക്കുന്നുണ്ട്. ജനാധിപത്യസംബന്ധമായ പാഠങ്ങളെന്നപോലെ സംവരണത്തെയും സാമൂഹ്യസമത്വത്തിനായുള്ള പോരാട്ടങ്ങളെക്കുറിക്കുന്ന പാഠഭാഗങ്ങളെയും ഒഴിവാക്കുന്നതിനു പിന്നിലെ പ്രേരണയും മറ്റൊന്നുമല്ല.
ജനാധിപത്യരാഷ്ട്രത്തിലേക്ക് എത്തിപ്പെടാനുള്ള ഇന്ത്യൻ ജനതയുടെ പരിശ്രമങ്ങളെ പല നിലയിലും പല കാലങ്ങളിലും പിന്നിൽനിന്നു കുത്തിയ ഹിന്ദുത്വത്തിന്റെ ചരിത്രമാണ് ഇതുവഴി മറച്ചുവയ്ക്കപ്പെടുന്നത്.
ഇന്ത്യൻ ജനാധിപത്യപ്രക്രിയയിൽ ഹൈന്ദവ വർഗീയവാദികളുടെ സമ്പൂർണമായ അഭാവത്തെയും ജനാധിപത്യ ധ്വംസനത്തിലുള്ള അവരുടെ പങ്കിനെയുംകുറിച്ചുള്ള പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടവയിൽ രണ്ടാമതൊരു വിഭാഗം. ഗാന്ധിവധം, ആർഎസ്എസ് നിരോധനം, ഗുജറാത്ത് വംശഹത്യ തുടങ്ങിയവയെല്ലാം ഒഴിവാക്കപ്പെടുന്നതിന്റെ പശ്ചാത്തലമതാണ്. ജനാധിപത്യരാഷ്ട്രത്തിലേക്ക് എത്തിപ്പെടാനുള്ള ഇന്ത്യൻ ജനതയുടെ പരിശ്രമങ്ങളെ പല നിലയിലും പല കാലങ്ങളിലും പിന്നിൽനിന്നു കുത്തിയ ഹിന്ദുത്വത്തിന്റെ ചരിത്രമാണ് ഇതുവഴി മറച്ചുവയ്ക്കപ്പെടുന്നത്.
ഹിന്ദുത്വത്തിന്റെ സാമൂഹ്യസങ്കൽപ്പത്തിന് സ്വീകാര്യമല്ലാത്ത ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളാണ് ഒഴിവാക്കപ്പെട്ടവയിൽ മൂന്നാമത്തേത്. പരിണാമസിദ്ധാന്തംമുതൽ പീരിയോഡിക് ടേബിൾവരെയുള്ള പാഠഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ പ്രേരണ അതാണ്. ശാസ്ത്രീയവും ചരിത്രപരവുമായ അവബോധ രൂപീകരണത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്ന ആശയങ്ങൾ കഴിയുന്നത്ര കുറച്ചുകൊണ്ടുവരിക എന്നതാണ് ഇതിലെ താൽപ്പര്യം. ശാസ്ത്രത്തെ സാങ്കേതികജ്ഞാനവും പ്രയോഗവൈഭവവുമാക്കി മാറ്റി, മൂലധനത്തിന്റെ താൽപ്പര്യനിർവഹണത്തിന് ഉതകുന്ന പണിക്കാരെ ഉണ്ടാക്കുന്ന പ്രക്രിയയായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയെന്ന താൽപ്പര്യം. വിമർശാവബോധ രൂപീകരണത്തിന് ഒരുതരത്തിലും പ്രേരണ നൽകാത്തതും സാങ്കേതിക നൈപുണ്യംമാത്രം ലക്ഷ്യംവയ്ക്കുന്നതുമാണ് ആ വിദ്യാഭ്യാസം. ഹൈന്ദവ വർഗീയവാദികൾക്ക് എന്നപോലെ ഫാസിസ്റ്റുകൾക്കും കുത്തക മൂലധനത്തിന്റെ പ്രതിനിധികൾക്കും അങ്ങേയറ്റം താൽപ്പര്യമുള്ള കാര്യമാണ് ഇത്. മൂലധനവും ഭരണനേതൃത്വവും തമ്മിലുള്ള സമ്പൂർണ ഐക്യമാണെന്ന മുസോളിനിയുടെ പ്രഖ്യാപനം സാധൂകരിക്കപ്പെടുന്ന സന്ദർഭംകൂടിയാണ് അത്.
ഇന്ത്യയെ ഒരു ബഹുസ്വരസമൂഹമാക്കുന്ന ചരിത്രപരമായ യാഥാർഥ്യത്തെ പടിപടിയായി നിർമാർജനം ചെയ്യുകയെന്നതാണ് നാലാമതൊരു വിഭാഗം. പരിഷ്കരണങ്ങൾക്കു പിന്നിലുള്ളത് മുഗൾഭരണംമുതൽ മൗലാനാ ആസാദും മുഹമ്മദ് ഇഖ്ബാലും വരെയുള്ളവർ പാഠപുസ്തകങ്ങളിൽനിന്ന് പുറത്താകുന്നത് അങ്ങനെയാണ്. വ്യത്യസ്‌ത മത സാംസ്‌കാരിക പാരമ്പര്യങ്ങൾ തമ്മിലുള്ള കൂടിക്കലരലുകളും അവയ്ക്കിടയിലെ പങ്കുവയ്പുകളും വഴിയാണ് ഇന്ത്യ ഒരു മതനിരപേക്ഷ സമൂഹമായി വികസിച്ചുവന്നത്. വിപുലമായ ആ ചരിത്രപ്രക്രിയയെ മറച്ചുവച്ച് ഏകശിലാത്മകമായ ഒരു മതരാഷ്ട്രഭാവനയെ ഉറപ്പിച്ചെടുക്കലാണ്.
വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശമാണ് ജനാധിപത്യമെന്ന് ഡോ. ബി ആർ അംബേദ്കർ ഒരിക്കൽ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, എല്ലാത്തരം വ്യത്യസ്തതകളെയും ഇല്ലാതാക്കുന്നതും മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നതുമായ സ്വേച്ഛാധിപത്യപരമായ ഏകത്വത്തിന്റെ വഴിതുറക്കാനുള്ള ശ്രമങ്ങളാണ് ചുറ്റും നടക്കുന്നത്. മതവും ഭാഷയുംമുതൽ ഭരണഘടന വരെയുള്ള തലങ്ങളിൽ ഏകതയുടെ മറപറ്റിയെത്തുന്ന ഈ സ്വേച്ഛാധികാരവാഴ്ച നമുക്കു കാണാം. ചെങ്കോലേന്തിയ പുതിയ ഭരണാധികാരം രംഗത്തുവന്ന സമയത്തുതന്നെയാണ് ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ കായികതാരങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടതും. ‘ബേട്ടി ബചാവോ’ എന്ന മുദ്രാവാക്യത്തിന്റെ അലകൾക്ക് സമാന്തരമായി ഡൽഹിയിലെ തെരുവിൽ അവരുടെ വിലാപങ്ങളും അലയടിച്ചു. വെട്ടിമാറ്റപ്പെട്ട പാഠഭാഗങ്ങൾക്കൊപ്പം ആ വിലാപദൃശ്യങ്ങൾ വർത്തമാനകാല ഇന്ത്യയുടെ പ്രത്യക്ഷസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
- രാജ്യം അനുവർത്തിച്ചു പോരുന്ന ജനാതിപത്യ മര്യാദകളെ ബിജെപി തുടർച്ചയായി ലംഘിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനെടുത്ത തീരുമാനം.
- ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികൾ എല്ലാകാലത്തും ഇതുപോലുള്ള നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
- പാർലമെന്റ് പോലുള്ള നിർമിതിയുടെ ഉദ്‌ഘാടനം രാജ്യത്തിൻറെ പ്രഥമ പൗര / പൗരൻ ഉദ്‌ഘാടനം ചെയ്യുന്നതാണ് ഉചിതം
- എല്ലായിടത്തും തന്റെ പേരും ചിത്രങ്ങളും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വേച്ഛാധിപതികളുടെ സ്വഭാവമാണ്. ലോകമെമ്പാടുമുള്ള ഏകാധിപതികൾ ചരിത്രത്തിൽ ഇടം പിടിക്കാൻ ജനാധിപത്യ സ്ഥാപനങ്ങളെ അവഹേളിച്ചും ജനാധിപത്യ സംവിധാനങ്ങളെ അവഗണിച്ചും ഇതു പോലെ സ്വയം താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്
*രാജ്യത്ത് നടക്കുന്ന നല്ലകാര്യങ്ങളെല്ലാം തന്റെ മാത്രം കഴിവുകൊണ്ടുണ്ടായതാണെന്നു വിശ്വസിക്കുന്ന, മറ്റുള്ളവരെയെല്ലാം സംശയത്തോടെ മാത്രം കാണുന്ന ഒരു സംശയരോഗിയാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ല. - ജീവിച്ചിരിക്കെ തന്നെ ഗുജറാത്തിലെ സ്റ്റേഡിയത്തിനു സ്വന്തം പേര് നൽകിയ ഉളുപ്പില്ലായ്മ കാണിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
അതിനാൽ തന്നെ അങ്ങനെയൊരാളിൽ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നതിൽ അദ്‌ഭുതമൊന്നുമില്ല. ഇനി കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സ്വന്തം പ്രതിമ പട്ടേൽ പ്രതിമയെക്കാൾ ഉയരത്തിൽ ഉണ്ടാക്കി വെച്ചാലും അദ്‌ഭുതപ്പെടേണ്ടതില്ല. അത്രമാത്രം അല്പനാണ് നമ്മുടെ പ്രധാനമന്ത്രി എന്നത് പല സന്ദർഭങ്ങളിലായി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. - ഹിറ്റ്ലറുടെ പ്രത്യശാസ്ത്രമനുസരിച്ച് അംഗവൈകല്യമുള്ളവരും , ഭിന്നശേഷിക്കാരും , അന്ധരും ബധിരരുമായവരും , വൃദ്ധരുമൊന്നും ജീവിക്കാൻ അർഹതയില്ലാത്തവരായിരുന്നു. നാസി പ്രത്യയശാസ്ത്രത്തെ ഇപ്പോഴും മനസ്സിൽ താലോലിക്കുന്ന കൂട്ടർക്ക് മറ്റുള്ളവരൊക്കെ ഭൂമിയിൽ അനാവശ്യമാണ്.
*1933 ഫെബ്രുവരി 27ന് ഹിറ്റ്‌ലർ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം 4 ആഴ്ച്ച കഴിഞ്ഞപ്പോൾ നാസികൾ ജർമൻ പാർലിമെന്റ് ബിൽഡിങ് റയ്ക്സ്റ്റാഗിന് തീ കൊളുത്തി അത് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാനും ജനങ്ങളുടെ പോരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യാനുമുള്ള കാരണമാക്കി
*ജനാധിപത്യ സംവിധാനങ്ങളും സ്ഥാപനങ്ങളും ചിന്ഹങ്ങളും ഒക്കെ മാറ്റിയെടുത്ത് അതിനൊക്കെ അവരുടെ മുഖഛായ കൊടുക്കുക എന്നത് ലോകമെമ്പാടുമുള്ള ഫാഷിസ്റ്റുകൾ ഉപയോഗിച്ച തന്ത്രമാണ്. ജർമനിയിൽ ആദ്യം രണ്ടു ഫ്‌ളാഗുകളിൽ ഒന്നായി നാസി പാർട്ടിയുടെ ഫ്ലാഗിനെ അംഗീകരിക്കുകയും പിന്നീട് 1935ന് ജർമൻ ഫ്ലാഗ് നാസി പാർട്ടിയുടെ ഫ്ലാഗായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു - വെക്കുന്ന ഫ്ളക്സ് ബോർഡുകളിലെല്ലാം എന്റെ തല, എന്റെ ഫുൾഫിഗർ മാത്രം മതി എന്ന് പറയുന്ന ഉദയനാണ് താരത്തിലെ സരോജ്‌കുമാറിന്റെ മനോഗതിയാണ് നരേന്ദ്ര മോദിക്ക്. താനൊഴികെ മറ്റെല്ലാവരും അപ്രസക്തരാണ്, അനാവശ്യമാണ്.
*ഇതിനുദാഹരണമായ എടുത്തുപറയാവുന്ന മറ്റൊരു കാര്യം കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ചിത്രം വെക്കണമെന്ന മോദിയുടെ തീരുമാനമാണ്. ഈ അല്പത്തരം കൊണ്ട് ലോകരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യക്കാർ എത്രമാത്രം അപമാനിതമായെന്ന് പറയേണ്ടല്ലോ - അടിയന്തിരടാവസ്ഥ കാലത്താണ് ഇന്ത്യ രാജ്യം മുൻപ് ഇതുപോലുള്ള അല്പത്തങ്ങൾക്ക് സാക്ഷിയായത്. ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം തന്നെ ഇതിനുദാഹരണമായി കാണാവുന്നതാണ്.
- അടിയന്തിരാവസ്ഥാ കാലത്ത് ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിന്റെ അനെക്സ് ബ്ലോക്ക് സ്വയം ഉദ്‌ഘാടനം ചെയ്യാനെടുത്ത പ്രധാനമന്ത്രി ഇന്ദിരയുടെ തീരുമാനവും ഇപ്പോൾ നരേന്ദ്ര മോഡിയെടുത്ത തീരുമാനവും സമ്മാനമാണ്. ഏകാധിപതിയുടെ രീതികളുടെ സമാനത നമുക്കിവിടെ
കാണാം .
*1975 ഒക്ടോബർ 24 അടിയന്തിരാവസ്ഥ കാലത്താണ് അന്നത്തെ പ്രസിഡന്റ് വിവി ഗിരിയ്ക്ക് പകരം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാർലിമെന്റ് അനിക്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ മോദി അതെ പാതയിൽ കൂടെ സഞ്ചരിക്കുകയാണ്. ഇത്തവണ പുതിയ പാർലിമെന്റ് മന്ദിരം തന്നെ നിർമ്മിച്ച് അത് ഉദ്ഘാടനം ചെയ്യുകയാണ്
*പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം പോലുള്ള സുപ്രധാനമായ ചടങ്ങിൽ രാജ്യത്തിൻറെ പ്രഥമ പൗരയെ ഒഴിവാക്കിയതിന് എന്ത് പറഞ്ഞാണ് ബിജെപി ന്യായീകരിക്കുക. - അതിനു ഒറ്റ കരണമേയുള്ളൂ. രാഷ്ട്രപതിയെ ഒഴിവാക്കാനെടുത്ത തീരുമാനം പ്രോട്ടോക്കോളിനെ ഭയപ്പെടുന്നത് കൊണ്ടാണ്. പ്രോട്ടോകോൾ അനുസരിച്ച് രാഷ്ട്രപതിയിരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ചടങ്ങ് ഉദ്‌ഘാടനം ചെയ്യാൻ സാധിക്കില്ല. അതിനു വേണ്ടി അവരെ നൈസായി അങ്ങ് ഒഴിവാക്കി.
*രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഗോത്രവർഗ്ഗക്കാരിലെ വനിതക്ക് വേണ്ടി വാ തോരാതെ സംസാരിച്ചവരൊക്കെ ഇപ്പോൾ വായിൽ പഴം തിരുകിയിരിപ്പാണ്.