മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസ്

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപിമുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നു.

വഞ്ചനാകുറ്റം ചുമത്തി എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. കളമശേരി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച്‌ സുധാകരന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നൽകിയിരുന്നു. പുരാവസ്‌തു തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ കോഴിക്കോട്‌ പന്തീരങ്കാവ്‌ സ്വദേശി എം ടി ഷെമീർ നൽകിയ പരാതിയിലാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം. സുധാകരൻ മോൻസണിന്റെ കൈയിൽനിന്ന്‌ 10 ലക്ഷം രൂപ വാങ്ങുന്നത്‌ കണ്ടെന്ന്‌ ദൃക്‌സാക്ഷികൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ നടപടി. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജയ്‌സണും ജോഷിയുമാണ്‌ രഹസ്യമൊഴി നൽകിയത്‌.

കേസിലെ മറ്റൊരു പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ്‌, മോൻസണിന്‌ 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്‌ സുധാകരൻ ഇടനില നിന്നതായാണ്‌ പരാതി. അനൂപ്‌ പോയശേഷം ഇതിൽനിന്നാണ്‌ മോൻസൺ സുധാകരന്‌ 10 ലക്ഷം കൈമാറിയതെന്നാണ്‌ ദൃക്‌സാക്ഷികളുടെ മൊഴി. സുധാകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥിയായിരുന്ന സമയത്താണ്‌ സംഭവം. മോൻസണിന്റെ വീട്ടിൽ 10 ദിവസം താമസിച്ച്‌ കെ സുധാകരൻ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ നടത്തിയതായും പരാതിക്കാരൻ ആരോപിച്ചിരുന്നു.

കോടികളുടെ തട്ടിപ്പ്; സുധാകരൻ മധ്യസ്ഥനായി
വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണെതിരായ കേസ്. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാൻ ഇടപെടാമെന്ന്‌ തങ്ങളുടെ സാന്നിധ്യത്തിൽ സുധാകരൻ ഉറപ്പുനൽകിയെന്നും പരാതിക്കാർ പറഞ്ഞിരുന്നു. കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽവച്ച്‌ സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്നും തട്ടിപ്പിനിരയായവർ വെളിപ്പെടുത്തി. മോൻസണിന്റെ വസതിയിൽ നിരവധിതവണ പോയെന്ന്‌ സുധാകരനും സമ്മതിച്ചിരുന്നു.

മോൻസൺ അറസ്‌റ്റിലായ സമയത്ത്‌ കേസ്‌ കൊടുക്കുമെന്ന്‌ സുധാകരൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. അറസ്‌റ്റിലായ മോൻസൺ സങ്കടം പറഞ്ഞ്‌ മാപ്പ്‌ ചോദിച്ചതുകൊണ്ടാണ്‌ കേസ്‌ കൊടുക്കുന്നതിൽനിന്നും പിന്മാറിയതെന്ന് സുധാകരന്റെ വാദമുണ്ടായിരുന്നു. 2021 സെപ്‌തംബർ 26നാണ്‌ മോൻസൺ പുരാവസ്‌തു തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലാകുന്നത്‌. അന്നുതന്നെ മോൻസൺ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‌ സുധാകരൻ ഇടനിലക്കാരനായി എന്ന്‌ വാർത്തയും വന്നു. 2021 സെപ്‌തംബർ27ന് കണ്ണൂരിൽ കെ സുധാകരൻ വിളിച്ച വാർത്താസമ്മേളനത്തിൽ വാർത്ത നിഷേധിച്ചു.

തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നു. 2021 സെപ്‌തംബർ 29ന് കെ സുധാകരൻ എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ച് മാവുങ്കലിനെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇത്‌ പറയുമ്പോൾ മോൻസൺ ജയിലിലായി കഴിഞ്ഞിരുന്നു.

അറസ്‌റ്റിലായി ഒരു വർഷത്തിന്‌ ശേഷം 2022 സെപ്‌തംബർ 26ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചു. ഇപ്പോഴും മോൻസൺ ജയിലിലാണ്. 2021 സെപ്‌തംബർ 26 അറസ്റ്റിലായതിനു ശേഷം മോൻസൺ ഒരിക്കൽപ്പോലും ജാമ്യത്തിലിറങ്ങിയിട്ടില്ല.

ഡോക്ടർ–-രോഗി ബന്ധംമാത്രമാണുള്ളതെന്നായിരുന്നു സുധാകരന്റെ മറ്റൊരു അവകാശവാദം. എന്നാൽ, ഇത്‌ കള്ളമാണെന്ന്‌ കെപിസിസി പ്രസിഡന്റിന്റെതന്നെ വാക്കുകളും ചിത്രങ്ങളും തെളിയിക്കുന്നു. തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വിവരങ്ങൾ 2021ൽ മോൻസൺ അറസ്‌റ്റിലായതിനുപിന്നാലെ പുറത്തുവന്നിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ ‘ഇടനിലക്കാരന്റെ’ റോളായിരുന്നു സുധാകരന്‌. മോൻസന്റെ പല ഇടപാടുകൾക്കും നേരിട്ട തടസ്സങ്ങൾ ഡൽഹിയിൽ പരിഹരിച്ചിരുന്നതും സുധാകരനാണ്‌. കലൂരിലെ ആഡംബരവസതിയിൽ നിരവധിതവണ താമസിച്ചിട്ടുമുണ്ട്‌. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ഉടൻ ഇന്ദിരാഭവനിലെത്തിയ സുധാകരനെ മോൻസൺ വന്ന്‌ കണ്ടിരുന്നു.

മോൻസണുമായുള്ള ബന്ധത്തെക്കുറിച്ചുയർന്ന ആരോപണങ്ങളിൽ തുടക്കംമുതൽ സുധാകരന്റെ പ്രതിരോധം പാളിയതും കേരളം കണ്ടു. ഡോക്ടറാണെന്നു കരുതി ത്വക്കിന്‌ ചികിത്സിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യപ്രതികരണം. പിന്നീട്‌ മലക്കംമറിഞ്ഞു. കണ്ണിന്റെ പ്രശ്‌നം കാണിക്കാനാണ്‌ പോയതെന്ന്‌ തിരുത്തി. പരാതിക്കാരെ അറിയില്ലെന്ന്‌ പറഞ്ഞതും തിരുത്തി. മോൻസന്റെ അടുക്കൽ ചികിത്സയ്‌ക്ക്‌ പോയപ്പോൾ പരാതിക്കാരിലൊരാളായ അനൂപിനെ കണ്ടിട്ടുണ്ടെന്നും സുധാകരന്‌ പിന്നീട്‌ സമ്മതിക്കേണ്ടിവന്നു.സൗന്ദര്യവർധകചികിത്സയ്‌ക്കെന്നു പറഞ്ഞ്‌ കെ സുധാകരൻ മോൻസന്റെ വീട്ടിൽ 10 ദിവസം താമസിച്ചതായി പരാതിക്കാർ ക്രൈംബ്രാഞ്ചിന്‌ നൽകിയ പരാതിയിലുണ്ട്‌.

image15062023

T21

ജയിലിൽ കിടക്കുന്ന ജോൺസൺ മാവുങ്കൽ എന്ന് എവിടെ വെച്ചാണ് താങ്കളോട് മാപ്പു പറഞ്ഞത്? രക്ഷിക്കണമെന്ന് അപേക്ഷിച്ചത്?