മെമ്പർഷിപ്പിന് 50 രൂപ ചെലവാക്കിയാൽ വോട്ടുറപ്പിക്കാം. കൂടുതൽ പണം മുടക്കിയാൽ സംസ്ഥാന പ്രസിഡന്റുവരെയാകാം. യുവാക്കളുടെ പിന്തുണയോ ജനകീയതയോ സമരനായകത്വമോ വേണ്ട. യൂത്ത് കോൺഗ്രസ് അനുഭാവിപോലുമാകേണ്ട. ജനാധിപത്യ രീതിയെന്ന് അവകാശപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമാണിത്.
ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമുള്ള വിത്ത് ഐവൈസി എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്‌താണ് യൂത്ത്‌കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരം. വ്യാഴാഴ്‌ചവരെ പത്രിക നൽകിയവരെല്ലാം മത്സരരംഗത്തുണ്ടാകും. നാമനിർദേശം പിൻവലിക്കാനുള്ള അവസരമില്ല. പ്രായമടക്കമുള്ള വിവരങ്ങളും മറ്റുമാണ് സൂക്ഷ്‌മ പരിശോധനയിൽ പരിഗണിക്കുക. യൂത്ത് കോൺഗ്രസ് അംഗമാണോ എന്ന് നോക്കാൻപോലും സംവിധാനമില്ല. ജൂൺ 28 മുതൽ ജൂലൈ 28 വരെ ഓൺലൈനായാണ് വോട്ടെടുപ്പ്. 50 രൂപ നൽകി മെമ്പർഷിപ് ചേർക്കുന്ന ആർക്കും വോട്ട് ചെയ്യിക്കാം.
ഒരു മെമ്പർഷിപ് ചേർത്താൽ ആറ് വോട്ടുവരെ ഒരു ഫോണിൽനിന്ന് ചെയ്യാനാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികളെല്ലാം വ്യാപകമായി പണപ്പിരിവ് നടത്തിയിട്ടുണ്ട്. വി ഡി സതീശന്റെ പിന്തുണയോടെ എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ വിദേശത്ത് പോയതും പണപ്പിരിവ് നടത്തിയതും വിവാദമായിരുന്നു. തൃശൂരിൽ നടന്ന യൂത്ത്‌കോൺഗ്രസ് സമ്മേളനത്തിലടക്കം ഈ വിഷയം ചർച്ചയായി. ഇത് സംഘടന പിടിച്ചെടുക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ജനാധിപത്യമല്ല പണാധിപത്യമാണ് ഇതുവഴി നടപ്പാക്കുന്നതെന്ന് മുതിർന്ന നേതാവ് പ്രതികരിച്ചു.
ഗ്രൂപ്പുകൾ പിളർന്നു കൂട്ടയടി, കൂട്ടമത്സരം
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കൂട്ടയടിയും മത്സരവും. ഐ, എ ഗ്രൂപ്പുകളിലെ സമവായ നീക്കങ്ങൾ തകർന്നതോടെ രണ്ടിടത്തും വിമതരായി. എ ഗ്രൂപ്പിലെ നാലുപേരാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് എന്ന പേരിൽ വിമതരായി മത്സരിക്കുന്നത്. കെ സി വേണുഗോപാലിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും വി ഡി സതീശന്റെയും നോമിനികളും കച്ചമുറുക്കി ഇറങ്ങിയതോടെ സ്ഥാനാർഥികൾ 14 പേരായി.
ഷാഫി പറമ്പിലിന്റെ താൽപ്പര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഏകപക്ഷീയമായി സ്ഥാനാർഥിയായതോടെയാണ് എ ഗ്രൂപ്പ് പിളർന്നത്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിനുവേണ്ടി അബിൻ വർക്കി രംഗത്ത് വന്നതോടെ അവിടെയും അടിയായി. രമേശ് ചെന്നിത്തലയെ ഒഴിവാക്കിയാണ് വിശാല ഐ ഗ്രൂപ്പ് അബിനെ സ്ഥാനാർഥിയാക്കിയത്. അബിൻ രംഗത്തുവന്നതോടെ ഐ ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധി മുതലാക്കിയാണ് ഷാഫിയും സംഘവും തൃശൂരിൽനിന്നുള്ള ഒ ജെ ജനീഷിനെ രംഗത്തിറക്കിയത്. ചെന്നിത്തല നേരിട്ട് വിളിച്ചിട്ടും ഫോണെടുക്കാൻ തയ്യാറാകാതെയാണ് ജനീഷ് ഷാഫിക്കൊപ്പം പോയത്. ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കി വോട്ടുകൾ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമാക്കുകയെന്ന തന്ത്രമാണ് ഷാഫി പറമ്പിൽ പയറ്റുന്നത്.
ഉമ്മൻചാണ്ടി ബ്രിഗേഡിനായി വിഷ്‌ണു സുനിൽ, എസ് ടി അനീഷ്, ദുൽഖിഫിൽ, ആബിദലി എന്നിവരാണ് വിമത സ്ഥാനാർഥികൾ. എസ്‌ടി വിഭാഗത്തിൽ പ്രേംരാജും ഉമ്മൻചാണ്ടി ബ്രിഗേഡിൽ മത്സരിക്കുന്നുണ്ട്. രാഹുലിനെ പരാജയപ്പെടുത്തുക, പരമാവധി വൈസ് പ്രസിഡന്റുമാരെ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിമതർക്ക്.മൂന്ന് വനിതകളും മത്സരത്തിലുണ്ട്. കെ സി വേണുഗോപലിന്റെ നോമിനികളായ അരിത ബാബുവും വി കെ ഷിബിനയും ചെന്നിത്തലയുടെ അനുയായി വീണ എസ് നായരുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ഒമ്പതുപേർമാത്രം മത്സരിച്ചിടത്താണ് ഇത്തവണ കൂട്ടമത്സരം. പ്രസിഡന്റാകാൻ കഴിയാത്തവരിൽ കൂടുതൽ വോട്ട് കിട്ടുന്നവർക്ക് വൈസ് പ്രസിഡന്റാകാനാകും. ഇതിൽ കണ്ണുവച്ചാണ് പരമാവധിയാളുകളെ ഗ്രൂപ്പുകൾ ഗോദയിലിറക്കിയിരിക്കുന്നത്.