പുനര്‍ജ്ജനി പദ്ധതി തട്ടിപ്പിന് പിന്നാലെ എംഎൽഎ ഫണ്ട് വിനിയോഗത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി

‘പുനർജനി’സതീശന്റെ തട്ടിപ്പ് പദ്ധതി

പ്രളയത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ വീടുവയ്‌ക്കാനെന്നപേരിൽ സ്വന്തം പദ്ധതി പ്രഖ്യാപിക്കുക. അനുമതിയില്ലാതെ വിദേശപര്യടനം നടത്തി പണം സ്വരൂപിക്കുക. പദ്ധതിയിൽ വീട്‌ നിർമിക്കാതെ, സന്നദ്ധസംഘടനകൾ സ്‌പോൺസർ ചെയ്‌ത്‌ നിർമിച്ച വീടുകൾക്കുമുന്നിൽ പദ്ധതിയുടെ ബോർഡ്‌ വയ്‌ക്കുക. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിൽ പ്രഖ്യാപിച്ച പുനർജനി പദ്ധതിക്കെതിരെ ഉയർന്ന പരാതികളുടെ ചുരുക്കം ഇതാണ്‌.

പുനർജനി പദ്ധതിയിൽ ഫ്ലാറ്റ്‌ നിർമിക്കാൻ എളന്തിക്കരയിൽ കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. 217 വീട്‌ നിർമിച്ചുനൽകിയെന്ന്‌ എംഎൽഎ അവകാശപ്പെട്ടെങ്കിലും വിവിധ സംഘടനകൾ സ്‌പോൺസർ ചെയ്‌തവയായിരുന്നു വീടുകൾ. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്‌ രാജേന്ദ്രപ്രസാദ്‌, കാതിക്കൂടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ വിജിലൻസിനു പരാതിയും ഹൈക്കോടതിയിൽ ഹർജിയും നൽകി. സിപിഐ നേതാവ്‌ പി രാജു വിജിലൻസിന്‌ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലൻസ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌.

വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ചുള്ള പുനര്‍ജ്ജനി പദ്ധതി തട്ടിപ്പിന് പിന്നാലെ എംഎൽഎ ഫണ്ട് വിനിയോഗത്തിലും പരാതി ഉയർന്നു. എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടെന്നാണ് ആക്ഷേപം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി എംഎൽഎ ഫണ്ട് വിനിയോഗിച്ചെന്നും അത്തരക്കാരെ സഹായിച്ചുവെന്നുമാണ് പരാതി.

ഒരു വീട് മാത്രമുള്ള പ്രദേശത്ത് റോഡും വൈദ്യുതി ലൈനുകളും സ്ഥാപിച്ചതിൽ ദുരുഹതയുണ്ടെന്നാണ് ആരോപണം. അതേസമയം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. സതീശൻ്റെ ബിനാമിക്ക് വേണ്ടിയാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.

പഞ്ചായത്ത് വികസന സമിതി കൺവീനർ അബ്ദുൾ സലാം ആണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അദ്ദേഹം പരാതി നൽകിയത്. ബിനാമി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നെൽപ്പാടത്തേക്ക് 30 ലക്ഷം രൂപ ചിലവിട്ട് റോഡും വെെദ്യുതി ലെെനും കുടിവെള്ള ലെെനും സ്ഥാപിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പറവൂരിലെ പുനർജനി പദ്ധതിക്കുവേണ്ടി അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങിൽ പണം ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കുരുക്കാകും. രണ്ടിനും തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതിനായി പദവി ദുരുപയോഗം ചെയ്‌തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലൻസ്‌ അന്വേഷണം.

ഒരുവീട്‌ മാത്രമുള്ള പ്രദേശത്ത്‌ റോഡും വെള്ളവും വൈദ്യുതിയും ആദ്യം എത്തിച്ച്‌ സ്ഥലത്തിന്‌ വിലവർധിപ്പിക്കുകയും കൂടിയ വിലയ്ക്ക്‌ പാവപ്പെട്ടവർക്ക്‌ കൈമാറിയെന്ന രേഖയുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ഒരുഭാഗത്ത്‌ സ്പോൺസർമാരെ കബളിപ്പിക്കലും മറുഭാഗത്ത്‌ റിയൽ എസ്‌റ്റേറ്റ്‌ ലോബിയെ സഹായിക്കുകയുമായിരുന്നു ലക്ഷ്യം. ഇതിനു പിന്നിൽ വൻ സാമ്പത്തികത്തട്ടിപ്പുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

നിരവധിപേർ തിങ്ങിപ്പാർക്കുന്ന പാവൽക്കാട്‌ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ റോഡിനായി മുറവിളി കൂട്ടിയിട്ടും പ്രതിപക്ഷ നേതാവ്‌ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്‌. ആവശ്യമുള്ള സ്ഥലത്ത്‌ റോഡ്‌ നിർമിക്കാതെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട്‌ എംഎൽഎ ഫണ്ട്‌ ദുരുപയോഗം ചെയ്തതും വിജിലൻസ്‌ പരിശോധനയിൽ വരും. ചിറ്റാറ്റുകര, പാവൽക്കാട്‌, പറവൂർ നഗരം തുടങ്ങി പല പ്രദേശത്തുനിന്നും കോൺഗ്രസുകാർ അടക്കം തട്ടിപ്പുകൾക്ക്‌ തെളിവുകൾ നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്‌. വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടാൽ കൂടുതൽ തെളിവും മൊഴികളും നൽകാമെന്ന്‌ നേതാക്കളടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിന്‌ അനുമതി വൈകുന്നതിൽ വ്യക്തത തേടി സ്പീക്കർക്കും സർക്കാരിനും മഹിളാ കോൺഗ്രസ്‌ നേതാവ്‌ ഉൾപ്പെടെ നേരത്തേ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. പാർടിയുടെ പിന്തുണയുണ്ടെന്ന്‌ ദിവസവും വാർത്താസമ്മേളനത്തിൽ അവകാശപ്പെടുന്ന സതീശനെതിരെ പല തെളിവും നിരത്തിയിട്ടുള്ളത്‌ പാർടിയിൽ ഉള്ളവർ തന്നെയാണെന്നും പറയുന്നു.

‘പുനർജനി’ പദ്ധതിയിൽ വീട്‌ നിർമ്മിച്ച്‌ നൽകിയിട്ടില്ലെന്ന്‌ വ്യക്തമായതോടെ പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ വിദേശത്തുപോയി പിരിച്ച പണമെവിടെയെന്ന്‌ ജനങ്ങളുടെ ചോദ്യം. പറവൂർ മണ്ഡലത്തിലെ പ്രളയബാധിതർക്ക്‌ പുനർജനി പദ്ധതിയിലൂടെ 212 വീട്‌ നിർമിച്ചുനൽകിയെന്ന്‌ വി ഡി സതീശൻ അവകാശപ്പെട്ടിരുന്നെങ്കിലും നിർമ്മിച്ച വീടുകൾ റോട്ടറി ക്ലബ് ഉൾപ്പെടെയുള്ള സംഘടനകളുടെ വകയായിരുന്നെന്ന്‌ നേരത്തെ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ എംഎൽഎ പിരിച്ച പണമെവിടെ എന്നാണ്‌ പറവൂരുകാരുടെ ചോദ്യം.

മണ്ഡലത്തിലെ ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളാണ്‌ പ്രളയദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ചത്‌. നാലു പഞ്ചായത്തിലും പ്രളയദുരിതബാധിതർക്കായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയിരത്തിലേറെ വീടുകൾ നിർമിച്ചുനൽകി. അതിലേറെ അറ്റകുറ്റപ്പണി നടത്തി. വിവിധ സംഘടനകളും വീടുകൾ നിർമിച്ചുനൽകി. സ്ഥലം എംഎൽഎ വി ഡി സതീശനാണ്‌ പലതിന്റെയും താക്കോൽദാനം നടത്തിയത്‌. അതിനുപിന്നാലെ വീടുകളുടെയെല്ലാം മുന്നിൽ പുനർജനി പദ്ധതി എന്ന ബോർഡും പ്രത്യക്ഷപ്പെട്ടു.

ചിറ്റാറ്റുകരയിലെ എട്ട്‌ വാർഡുകളിൽ 60,000 മുതൽ 2.5 ലക്ഷം രൂപവരെയുള്ള സംസ്ഥാന സർക്കാർ സഹായംകൂടി ഉപയോഗിച്ച്‌ 10 വീടാണ്‌ നിർമിച്ചത്‌. എന്നാൽ, ഈ വീടുകൾ പിന്നീട്‌ പുനർജനിയുടെയും കെപിസിസിയുടെയും അക്കൗണ്ടിലാക്കി വി ഡി സതീശൻ.

ഹൃദ്‌രോഗചികിത്സകരുടെ സംഘടന നൽകിയ വീടുകളും ഉദ്‌ഘാടനശേഷം പുനർജനി എന്ന പേരിൽ പുനർജനിച്ചു. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള അർഹരുടെ പട്ടിക പരിശോധിച്ച്‌ ‘പുനർജനി’യിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ അധികൃതരും വെളിപ്പെടുത്തി. വിദേശത്തുനിന്ന്‌ ഫണ്ട്‌ പിരിച്ചതായി സതീശൻ അവകാശപ്പെട്ടപ്പോഴും മറ്റ്‌ ഏജൻസികളാണ്‌ പണം ചെലവഴിച്ചതെന്ന്‌ വെളിപ്പെട്ടതോടെയാണ്‌ പിരിവിന്റെ കണക്ക്‌ വെളിപ്പെടുത്തണമെന്ന ആവശ്യമുയർന്നത്‌.

വി ഡി സതീശൻ നിയമം ലംഘിച്ച്‌ വിദേശത്ത്‌ പണപ്പിരിവ്‌ നടത്തിയതുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ വിജിലൻസ്‌ പരിശോധിക്കും.

പുനർജനി പദ്ധതിക്കായി വിദേശത്തുനിന്ന്‌ അനധികൃത പിരിവ്‌ നടത്തിയതിന്‌ വ്യക്തമായ തെളിവുകൾ ഇതിനകം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കേസിൽനിന്ന്‌ തലയൂരാനാകില്ല. കോൺഗ്രസ്‌ നേതാക്കൾ അടക്കം പലരും കൂടുതൽ തെളിവ്‌ നൽകാനും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനും തയ്യാറായി നിൽക്കുന്നുണ്ട്‌ എന്നതും സതീശന്റെ രാഷ്‌ട്രീയ ഭാവിക്ക്‌ വലിയ ഭീഷണി ഉയർത്തുന്നു. വിജിലൻസ്‌ നടത്തിയ രഹസ്യാന്വേഷണത്തിൽത്തന്നെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. വിദേശത്തുപോയി പണം പിരിച്ചത്‌ അനുമതിയില്ലാതെയാണ്‌ എന്നതു തന്നെയാണ്‌ വലിയ കുരുക്ക്‌. പോയതിനും പണം പിരിച്ചതിനും അത്‌ സമ്മതിച്ചതിനും തെളിവുകൾ ലഭ്യമാണ്‌.

കഴിഞ്ഞ നിയമസഭയിൽ എസ്‌ ശർമ, ജെയിംസ്‌ മാത്യു, എം സ്വരാജ്‌ എന്നിവർ ഇതുസംബന്ധിച്ച്‌ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയപ്പോഴും നിയമപരമായാണോ വിദേശത്തുനിന്ന്‌ പണംപിരിച്ചത്‌ എന്നതിന്‌ ഉത്തരം നൽകിയിരുന്നില്ല. നിരവധി തവണ വിദേശയാത്ര നടത്തിയതെന്തിനെന്നും പിരിച്ച പണം എത്രയെന്നും അത്‌ എന്തു ചെയ്‌തെന്നും തുറന്നു പറയണമെന്നായിരുന്നു നിയമസഭയിൽ ഉന്നയിച്ച ആവശ്യം. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സെമിനാറിനാണ്‌ പോയത്‌ എന്നായിരുന്നു ഉത്തരം. വിജിലൻസ്‌ അന്വേഷിക്കട്ടെ എന്നും സതീശൻ നിലപാടെടുത്തു.

പണം കടത്തിയെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിൽ പിരിച്ച തുകയെക്കുറിച്ച്‌ സോഷ്യൽ ഓഡിറ്റ്‌ നടത്തുമെന്ന്‌ സതീശൻ പറഞ്ഞെങ്കിലും അതിന്‌ ധൈര്യം കാണിച്ചില്ല. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട്‌ വഴിയാണ്‌ പണം കൈമാറിയതെന്നാണ്‌ ആരോപണം. ഇതുസംബന്ധിച്ചും കൂടുതൽ തെളിവ്‌ ശേഖരിക്കേണ്ടതുണ്ട്‌.

യൂത്ത്‌കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്‌ രാജേന്ദ്ര പ്രസാദ്‌, കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിരുന്നു. സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ്‌ ഈ പരാതിയിൽ അന്വേഷണം നടത്തുന്നുവെന്ന്‌ അറിയിച്ചിട്ടുള്ളതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത്‌ അനവസരത്തിലുള്ളതാകുമെന്നാണ്‌ ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്‌.

ബർമിങ്ഹാമിൽ പോയി പണം പിരിച്ച കാര്യം സതീശൻ 2020 മെയ്‌ ഒമ്പതിന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌ ഇങ്ങനെ: ‘‘ഞാൻ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്‌; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്‌. ലണ്ടനിലും ഗൾഫ്‌ രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ വനിതയാണ്‌ ബിർമിങ്‌ഹാമിൽ ലഞ്ച്‌ മീറ്റിങ്‌ നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്‌. അവർ പറവൂർ ടൗൺ ഹാളിൽ വന്നാണ്‌ ചെക്കുകൾ കൈമാറിയത്‌.’’

2018 ഒക്ടോബർ 28നു ബർമിങ്‌ഹാമിൽ പ്രസംഗിച്ചത്: ‘‘നിങ്ങൾ ഓരോരുത്തരും 500 പൗണ്ട്‌ നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ്‌ അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക.’’

സതീശന്റെ വിദേശയാത്രകൾ സ്പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. സതീശനെതിരായ സ്പോൺസർഷിപ് ആരോപണങ്ങൾക്കൊപ്പം മാഞ്ഞാലി നവാസ് എന്നൊരാളുടെ പേരും ചർച്ചയായി. സ്പോൺസറുടെ വിദേശയാത്രകളും സ്വത്തുസമ്പാദനവും ദുരൂഹമാണെന്നും ആക്ഷേപമുയർന്നിരുന്നു. പുനർജനി പദ്ധതിയും അതിനായി നടത്തിയ വിദേശയാത്രകളും പിരിവും വലിയ തട്ടിപ്പാണെന്ന്‌ പറവൂരിലെ ജനങ്ങൾ നേരിട്ടുകണ്ട്‌ ബോധ്യപ്പെട്ടതാണ്‌. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയമായിക്കൂടി വിജിലൻസ്‌ അന്വേഷണത്തിന്റെ പ്രസക്തി വർധിക്കുകയാണ്‌.

പ്രളയബാധിതർക്കായി വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന്‌ അനുവാദം കൊടുത്തിട്ടില്ലെന്ന്‌ വിദേശ മന്ത്രാലയം. 2020 ഒക്ടോബർ 21ന്‌ ജയ്‌സൺ പാനിക്കുളങ്ങരയ്ക്ക്‌ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്‌. കേരളത്തിലെ പ്രളയബാധിതർക്കായി നിങ്ങൾ 500 പൗണ്ട്‌ വീതം സംഭാവന നൽകണമെന്ന്‌ ബർമിങ്‌ഹാമിൽ പ്രസംഗിക്കുന്ന വീഡിയോ സതീശൻ തന്നെ ഫെയ്‌സ്‌ബുക്കിൽ ഇട്ടിരുന്നു. യാത്ര വിവാദമായപ്പോൾ പണം പിരിച്ച കാര്യം വാർത്താസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്‌തു.

പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന്‌ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പ്രതിനിധികൾ പോയതുമില്ല. പ്രവാസികൾ അറിഞ്ഞു നൽകിയ സഹായമാണ്‌ സ്വീകരിച്ചത്‌. എന്നാൽ, വി ഡി സതീശൻ ഇതെല്ലാം മറികടന്ന്‌ വിദേശത്തു പോയി പണം ആവശ്യപ്പെടുകയായിരുന്നു.

യാത്രയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയില്ല
നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയില്ലാതെയരുന്നു യാത്ര. ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജനു ലഭിച്ച വിവരാവകാശരേഖയിൽ ഇക്കാര്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിമാർക്കുപോലും പ്രളയദുരിതാശ്വാസത്തിന്‌ ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ആ ഘട്ടത്തിലാണ്‌ എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട്‌ പിരിച്ചത്‌.

നിയമസഭയിൽ ഇതുസംബന്ധിച്ച ചർച്ചയിൽ 81 തവണ വിദേശയാത്ര നടത്തിയത്‌ എന്തിനെന്നും പിരിച്ച പണം എത്രയെന്നും ചെലവഴിച്ചത്‌ എങ്ങനെയെന്നും ചോദ്യമുയർന്നിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കാനാണ്‌ പോയത്‌ എന്നായിരുന്നു സതീശന്റെ മറുപടി.

വി ഡി സതീശനെതിരായ പരാതികൾ തള്ളിക്കളയാതെ ഹൈക്കോടതിയും സിബിഐയും.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അപ്പോൾ ഇടപെടുന്നില്ലെന്നാണ്‌ പരാതിക്കാരന്‌ മറുപടി നൽകിയത്‌.

സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ്‌ ഈ പരാതി അന്വേഷിക്കുന്നുവെന്ന്‌ അറിയിച്ചതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത്‌ അനവസരത്തിലുള്ളതാകുമെന്നാണ്‌ ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്‌. അന്വേഷണം വൈകുന്നുവെന്നോ ഇഴയുന്നുവെന്നോ പരാതിക്കാരന്‌ ആക്ഷേപമുണ്ടെങ്കിൽ അതിന്‌ പരിഹാരം തേടി സമീപിക്കാൻ ഒട്ടേറെ സംവിധാനങ്ങൾ നിലവിലുണ്ടെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌ മണികുമാറും ജസ്റ്റിസ്‌ ഷാജി പി ചാലിയും അന്ന്‌ വ്യക്തമാക്കിയിരുന്നു.

പരാതിയിൽ കഴമ്പില്ലെന്നോ തെളിവുകൾ വ്യാജമാണെന്നോ ഒരു ഘട്ടത്തിലും കോടതി പറഞ്ഞിട്ടില്ല. എന്നാൽ, കോടതി എല്ലാം തള്ളിയെന്നാണ്‌ വി ഡി സതീശൻ പ്രചരിപ്പിക്കുന്നത്‌. സിബിഐയും തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലൻസിനോട്‌ അന്വേഷിക്കാൻ ആവശ്യപ്പെട്ട്‌ കത്തു നൽകിയത്‌. എംഎൽഎ എന്ന നിലയിൽ പദവി ദുരുപയോഗിച്ചാണ്‌ വിദേശത്തുപോയി അനധികൃതമായി വി ഡി സതീശൻ പണം പിരിച്ചത്‌ എന്നതാണ്‌ പരാതിക്കാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. ഇതിനുള്ള തെളിവുകളും അവർ അന്വേഷണ ഏജൻസികൾക്കും കോടതിക്കും കൈമാറിയിരുന്നു.

നുണപൊളിച്ചത് വീഡിയോകൾ
പദ്ധതിക്ക്‌ ഫണ്ട്‌ ചോദിച്ച്‌ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടില്ലെന്ന്‌ വി ഡി സതീശൻ 2020 ആഗസ്‌തിൽ നിയമസഭയിൽ പറഞ്ഞത്‌ പച്ചക്കള്ളമെന്ന്‌ തെളിയിച്ച്‌ അദ്ദേഹത്തിന്റെതന്നെ രണ്ട്‌ വീഡിയോകൾ പുറത്തുവന്നിരുന്നു. 2018 ഒക്ടോബർ 28ന്‌ ബർമിങ്‌ഹാമിൽ പണം അഭ്യർഥിച്ച്‌ പ്രസംഗിക്കുന്നതിന്റെയും 2020 മെയ്‌ ഒമ്പതിന്‌ പറവൂരിലെ വാർത്താസമ്മേളനത്തിന്റെയും വീഡിയോകളാണ്‌ പുറത്തുവന്നത്‌. ‘‘നിങ്ങൾ ഓരോരുത്തരും 500 പൗണ്ട്‌ നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ്‌ അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക.’’ എന്നും ബിർമിങ്‌ഹാമിൽ പ്രസംഗിക്കുന്നത്‌ വീഡിയോയിലുണ്ട്‌. ഈ വീഡിയോ ജയിംസ്‌ മാത്യു നിയമസഭയിൽ വച്ചതും എസ്‌ ശർമയും എം സ്വരാജും വിഷയം ഉന്നയിക്കുകയും ചെയ്‌തപ്പോഴാണ്‌ സതീശൻ കാലാവസ്ഥാ ഉച്ചകോടിക്ക്‌ പോയതാണെന്നു പറഞ്ഞ്‌ രക്ഷപ്പെട്ടത്‌. ‘‘ഞാൻ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്‌; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്‌. ലണ്ടനിലും ഗൾഫ്‌ രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിനിയാണ്‌ ബിർമിങ്‌ഹാമിൽ ലഞ്ച്‌ മീറ്റിങ്‌ നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്‌. അവർ പറവൂർ ടൗൺഹാളിൽ വന്നാണ്‌ ചെക്കുകൾ കൈമാറിയത്‌.’’ പറവൂരിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്‌ ഇങ്ങനെ. സർക്കാർ ഓഡിറ്റിങ്‌ ആവശ്യമില്ലെന്നും സോഷ്യൽ ഓഡിറ്റിങ്‌ മതിയെന്നും ലഭിച്ച ഫണ്ടും ചെലവാക്കിയ വിവരവും അർഹരായവരുടെ ലിസ്‌റ്റും 2019 ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നും പറവൂരിൽ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം.

സതീശന്റെ വിദേശയാത്രകൾ സ്പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. സതീശനെതിരായ സ്പോൺസർഷിപ് ആരോപണങ്ങൾക്കൊപ്പം മാഞ്ഞാലി നവാസ് എന്നൊരാളുടെ പേരും ചർച്ചയായി. സ്പോൺസറുടെ വിദേശയാത്രകളും സ്വത്തുസമ്പാദനവും ദുരൂഹമാണെന്നും ആക്ഷേപമുയർന്നിരുന്നു. പുനർജനി പദ്ധതിയും അതിനായി നടത്തിയ വിദേശയാത്രകളും പിരിവും വലിയ തട്ടിപ്പാണെന്ന്‌ പറവൂരിലെ ജനങ്ങൾ നേരിട്ടുകണ്ട്‌ ബോധ്യപ്പെട്ടതാണ്‌. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയമായിക്കൂടി വിജിലൻസ്‌ അന്വേഷണത്തിന്റെ പ്രസക്തി വർധിക്കുകയാണ്‌.

അഴിമതിയിൽ മുങ്ങി കോൺഗ്രസ്‌; മറുപടിയില്ലാതെ നേതൃത്വം
പ്രതിപക്ഷ നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമടക്കമുള്ളവർ നടത്തിയ അനധികൃത പണപ്പിരിവും അഴിമതിയും ഓരോന്നായി പുറത്തുവരുമ്പോൾ മറുപടിയില്ലാതെ നേതൃത്വം. പുനർജനിയും പുൽപ്പള്ളിയും നിരണവും മഞ്ഞുമലയുടെ അറ്റമേയാകുന്നുള്ളൂ. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പുൽപ്പള്ളി സഹകരണ ബാങ്ക്‌ പ്രസിഡന്റായിരിക്കേയാണ്‌ വായ്പാതട്ടിപ്പ്‌ നടത്തിയത്‌. കോൺഗ്രസ്‌ അഴിമതിയുടെ രക്തസാക്ഷിയാണ്‌ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ. ഇവിടെ 7.26 കോടി രൂപയുടെ അഴിമതി നടന്നതായാണ്‌ ആരോപണം. അബ്രഹാമിന്റെ ബിനാമി കൊല്ലപ്പിള്ളി സജീവന്റെ അക്കൗണ്ടിലേക്ക് ചിലരുടെ വായ്പാത്തുക മാറ്റിയത്‌ ചോദ്യം ചെയ്‌തവരെ മർദിക്കുകയുംചെയ്‌തു. തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ്‌ സഹകരണ വകുപ്പ്‌. നിരന്തരം കോടതികളെ സമീപിച്ച്‌ നടപടികൾ തടസ്സപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. കേസിൽ അബ്രഹാം റിമാൻഡിലാണ്‌.

പത്തനംതിട്ട നിരണത്ത്‌ എംബിബിഎസ്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ 25 ലക്ഷം രൂപയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ കെ പി പുന്നൂസ്‌ തട്ടിയെടുത്തത്‌. ഇയാളും ജയിലിലാണ്. ഇതിനിടെ ബൈക്കിന്റെ ടയർ മോഷ്‌ടിച്ചതിന്‌ കടവല്ലൂർ പഞ്ചായത്ത്‌ മൂന്നാംവാർഡ്‌ കോൺഗ്രസ്‌ അംഗം കല്ലുംപുറം കാണക്കോട്ടയിൽ നാസറിനെ കുന്നംകുളം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

അഴിമതി, തട്ടിപ്പുകേസുകളിൽ ചീഞ്ഞുനാറുമ്പോഴും നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ നേതൃത്വത്തിന്‌ ധൈര്യമില്ല. വിദേശത്തുനിന്ന്‌ അനധികൃത പണപ്പിരിവ്‌ നടത്തുന്ന പ്രതിപക്ഷ നേതാവുൾപ്പെടുന്ന നേതൃത്വം തങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പിലാണിവർ.