പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും അഭിപ്രായ സ്വാതന്ത്ര്യം കുഴിച്ചുമൂടിയും പ്രതിപക്ഷത്തെ വേട്ടയാടിയും ആർഎസ്‌എസ് വിഭാവനം ചെയ്യുന്ന ഇന്ത്യ പടുത്തുയർത്താനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. ഇതിന്റെ തുടർച്ചയാണ് തെരഞ്ഞെടുപ്പുകൾക്കുമുമ്പ് എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനും ഭീഷണിപ്പെടുത്തിയും പണം നൽകിയും ചാക്കിട്ടുപിടിക്കാനും മോദി-അമിത് ഷാ സംഘം നടത്തുന്ന ‘ഇലക്‌ഷൻ എൻജിനിയറിങ്’. സംഘപരിവാർ നയങ്ങളെയും നടപടികളെയും എതിർക്കുന്നവരെ അധികാരമുഷ്ടി ഉപയോഗിച്ച് വരുതിയിലാക്കുന്നു. ഇതിനായി ഇഡി, സിബിഐ, എൻഐഎ, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളെ യഥേഷ്ടം ദുരുപയോഗിച്ചു. 2014ൽ മോദി അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാപകമായി കേസെടുത്തു. ഒമ്പതു വർഷത്തിനിടയിൽ എടുത്ത ഇഡി കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർടികൾക്കെതിരെയാണ്. പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാനാകാതെ വരുമ്പോഴാണ് കേന്ദ്ര ഏജൻസികളെയും മറ്റും ഉപയോഗിച്ച് വേട്ടയാടുകയെന്ന തന്ത്രം ബിജെപി പയറ്റുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജിയെ കഴിഞ്ഞ ദിവസം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഇഡി അറസ്റ്റുചെയ്‌തത്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊടിതട്ടിയെടുത്താണ് ഇപ്പോഴത്തെ അറസ്റ്റ്. ഭരണഘടനാപരമായ മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ലംഘിച്ചാണ് മോദിസർക്കാരിന്റെ ഇത്തരത്തിലുള്ള അധികാര ദുർവിനിയോഗം.
സെന്തിലിന്റെ അറസ്റ്റിനെ സ്വാഭാവിക നടപടിയായിമാത്രം കാണാനാകില്ല. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല പ്രധാന കാര്യം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ട്. കർണാടകത്തിലെ തോൽവിയോടെ ദക്ഷിണേന്ത്യയിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ കേന്ദ്ര ഏജൻസികളെയും ചെങ്കോലും ആയുധമാക്കുകയാണ് ബിജെപി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനവേളയിൽ രാഷ്ട്രത്തിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ ശൈവ സന്യാസിമാരുടെ അകമ്പടിയോടെ മോദി സ്ഥാപിച്ച ചെങ്കോലിലൂടെ തമിഴ് ജനതയുടെ പിന്തുണ നേടാനായിരുന്നു ശ്രമം. എന്നാൽ, ചെങ്കോലിന്റെ പിന്നിലെ കള്ളക്കഥ പ്രതിപക്ഷവും തമിഴ് മാധ്യമങ്ങളും പൊളിച്ചടുക്കിയതോടെ കേന്ദ്ര ഏജൻസികളെ വിട്ട് ഡിഎംകെ സർക്കാരിനെ വിരട്ടുകയാണ്. അറസ്റ്റിലായ സെന്തിലിന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും മെയ് അവസാനം ആദായ നികുതി വകുപ്പ് തുടർച്ചയായി പരിശോധന നടത്തി. മൂന്നു ദിവസംമുമ്പ് അമിത് ഷാ തമിഴ്‌നാട്ടിലെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയും തമിഴ് ജനത ബിജെപിക്ക് ലോക്‌സഭയിലേക്ക് 25 സീറ്റ് നൽകണമെന്നും അഭ്യർഥിച്ചതിനു പിന്നാലെയാണ് സെക്രട്ടറിയറ്റിൽ കയറി മന്ത്രിയെ 18 മണിക്കൂർ ബന്ദിയാക്കി ചോദ്യംചെയ്‌ത് ക്രൂരമായ രീതിയിൽ അറസ്റ്റുചെയ്‌തത്. ഹൃദ്‌രോഗിയായ സെന്തിലിനെ ചോദ്യം ചെയ്യുന്നതിനിടയിൽ മർദിക്കുകയും ചെയ്‌തു. നോട്ടീസോ സമൻസോ നൽകാതെയുള്ള അറസ്റ്റ് ഫെഡറലിസത്തിനുനേരെയുള്ള വെല്ലുവിളിയാണ്.
അടുത്ത തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കമായിട്ടാണ് തമിഴ്‌നാട്ടിലെ സംഭവങ്ങളെ കാണേണ്ടത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രതിപക്ഷ പാർടിയിലെ കൂടുതൽ നേതാക്കൾക്കെതിരെ കേസുകൾ കുത്തിപ്പൊക്കുന്നു. തെലങ്കാന, ആന്ധ്രപ്രദേശ് സർക്കാരുകൾക്കെതിരെ ഒരാഴ്‌ച മുമ്പ് അമിത് ഷാ ഭീഷണി മുഴക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് ഭീഷണിയിലൂടെ പുതിയ സഖ്യകക്ഷികളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഒന്നിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിടുമ്പോഴും പ്രതിപക്ഷ പാർടി നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരുവിൽ ഭേദ്യംചെയ്യുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ പൊതുപരിപാടി രൂപപ്പെടുത്താനുള്ള ആലോചനകൾക്കായി പ്രതിപക്ഷ പാർടികൾ ഈ മാസം 23ന് പട്‌നയിൽ യോഗം ചേരാനിരിക്കെയാണ് ഡിഎംകെയുടെ പ്രമുഖനായ മന്ത്രിയെ അറസ്റ്റുചെയ്‌തത്. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ മുന്നിൽനിന്ന് സംഘപരിവാറിനെ ശക്തമായി വിമർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഭീഷണിപ്പെടുത്തുകയാണ് ഇതിലൂടെ. ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെയും കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, ബിജെപിയുടെ ഭീഷണിരാഷ്ട്രീയത്തിനുമുന്നിൽ തമിഴ്‌നാട് മുട്ടുമടക്കില്ലെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. കേന്ദ്ര ഏജൻസികളുടെ വേട്ടയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇത്തവണ ഒന്നിച്ചുരംഗത്തുവന്നു എന്നത് പ്രത്യാശ നൽകുന്നതാണ്.