അമേരിക്കയുടെ സാമ്രാജ്യത്വ-കച്ചവടതാൽപ്പര്യങ്ങൾക്കായി ഇന്ത്യയുടെ പ്രതിരോധ-സാമ്പത്തിക മേഖലകൾ കൂടുതൽ തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസത്തെ യുഎസ്‌ പര്യടനം

അമേരിക്കയുടെ സാമ്രാജ്യത്വ-കച്ചവടതാൽപ്പര്യങ്ങൾക്കായി ഇന്ത്യയുടെ പ്രതിരോധ-സാമ്പത്തിക മേഖലകൾ കൂടുതൽ തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസത്തെ യുഎസ്‌ പര്യടനത്തിന്‌ തുടക്കമായി. യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ ക്ഷണപ്രകാരമാണ്‌ മോദിയുടെ സന്ദർശനം. മോദി യുഎസിലേക്ക്‌ തിരിക്കുന്നതിന്‌ മുമ്പായിത്തന്നെ കാൽലക്ഷം കോടി രൂപയുടെ പ്രിഡേറ്റർ ഡ്രോൺ ഇടപാടിന്‌ ധാരണയായിട്ടുണ്ട്‌. ജെറ്റ്‌ എൻജിനുകളുടെ സംയുക്ത നിർമാണ കരാറിന്‌ പുറമെ ദീർഘദൂര പീരങ്കിതോക്കുകളും സൈനിക വാഹനങ്ങളും യുഎസ്‌ കമ്പനികളിൽനിന്ന്‌ വാങ്ങാനും ധാരണയാകും. മോദിയുടെ സന്ദർശനത്തിലൂടെ ലഭിക്കുന്ന കച്ചവടക്കരാറുകൾ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ യുഎസിന്‌ നേട്ടമാകും.
പ്രതിരോധരംഗത്തും യുഎസിനെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യം കൂടിയാണ്‌ മോദി സന്ദർശനത്തിലൂടെ ഉരുത്തിരിയുന്നത്‌. പസഫിക്ക്‌ മേഖലയിൽ ചൈനയെ കൂടുതൽ ഒറ്റപ്പെടുത്തുകയെന്ന യുഎസ്‌ ലക്ഷ്യത്തിനും സന്ദർശനം പ്രയോജനപ്പെടും. സെമികണ്ടക്ടർ നിർമാണരംഗത്ത്‌ കൂടുതൽ യുഎസ്‌ നിക്ഷേപവും സന്ദർശന ലക്ഷ്യങ്ങളിൽ ഉൾപ്പെടും.
യുഎസ്‌ പ്രസിഡന്റ്‌ ബൈഡനും ഭാര്യ ജിൽ ബൈഡനും മോദിക്കായി പ്രത്യേക അത്താഴവിരുന്നൊരുക്കും. പ്രസിഡന്റിന്റെ അതിഥിയായി അദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ മോദി ഒരു രാത്രി തങ്ങും. യുഎസ്‌ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയുമായി പരമാവധി വ്യാപാരകരാറുകൾ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബൈഡൻ ഭരണകൂടം മോദിക്കൊരുക്കുന്ന സ്വീകരണത്തെ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നതിന്‌ ഉദാഹരണമായാണ്‌ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്നത്‌.
ടെസ്‌ല ഉടമ ഇലോൺ മസ്‌ക്ക്‌ അടക്കമുള്ള കോർപറേറ്റ്‌ തലവൻമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വംശജർ, പ്രവാസി ഇന്ത്യക്കാർ എന്നിവരുമായും ആശയവിനിമയം നടത്തും.

210620233