രാജ്യത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലെ തന്ത്രപ്രധാനമായ സംസ്ഥാനങ്ങളിലൊന്ന് 50 ദിവസമായി വർഗീയ വംശീയ തീയിൽ കത്തിയമരുകയാണ്.
പൂർണ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മണിപ്പുരിലെ ജനങ്ങളുടെ വിലാപങ്ങൾ മാത്രമല്ല, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ മൗനവും രാജ്യത്തെ ഭയപ്പെടുത്തുന്നു. തിരിഞ്ഞുനോക്കാൻ തയ്യാറാകാതെ ക്രൂരമായി ഈ ജനതയെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ദുരൂഹവുമാണ്. മെയ്‌ത്തീ വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കമാണ് മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിലേക്ക് നയിച്ചത്. പ്രതിഷേധങ്ങൾ മെയ് മൂന്നോടെ സംഘർഷത്തിലേക്കും തുടർന്ന് കലാപത്തിലേക്കും വഴിതെറ്റി. കലാപം 50 ദിവസം തികയുന്നതിന്റെ തലേന്ന് സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി നേതാക്കളെ കാണാൻ കൂട്ടാക്കാതെ മോദി അമേരിക്കയ്‌ക്കും പോയി. മെയ്‌ത്തീ–- കുക്കി വിഭാഗങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന സായുധ ആക്രമണങ്ങൾക്കിടെ സംഘപരിവാറിന്റെ സാന്നിധ്യവും ഇതിനിടെ വെളിപ്പെട്ടു. ഇരു വിഭാഗങ്ങളിലെയും ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിടുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ഇരുനൂറോളം ജീവനാണ് മണിപ്പുരിൽ ഇതിനിടെ പൊലിഞ്ഞത്. സർക്കാർ സ്ഥിരീകരിച്ചതുമാത്രം നൂറിൽപ്പരം മരണങ്ങളാണ്. നാൽപ്പതിലേറെ കുക്കി ഭീകരരെ വകവരുത്തിയെന്ന് മുഖ്യമന്ത്രി ബിരേൻസിങ് അവകാശപ്പെടുന്നു. ആയിരത്തിൽപ്പരം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യായിരത്തിൽപ്പരം വീടുകൾ കത്തിച്ചു. ഇരുനൂറോളം ഗ്രാമത്തിനും തീയിട്ടു. ഏകദേശം 60,000 പേർ അഭയാർഥികളായി. പലരും മിസോറം അടക്കം അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്‌തു. ബഹുനില വീടുകളടക്കം ഇടിച്ചുനിരപ്പാക്കി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെ വെടിയേറ്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ മൂന്നുപേരെ ചുട്ടുകൊന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾപോലും സുരക്ഷിതരല്ല. കേന്ദ്ര–-സംസ്ഥാന മന്ത്രിമാരുടെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു. സൈനികർക്കുനേരെയും വെടിവയ്‌പുണ്ടായി.
തലസ്ഥാനമായ ഇംഫാൽ താഴ്‌വര കുക്കികൾക്കും സംസ്ഥാനത്തെ പർവതപ്രദേശങ്ങൾ മെയ്‌ത്തീകൾക്കും അപകടമേഖലയായി മാറി. കുക്കികൾ പൊതുവെ ക്രൈസ്‌തവരായതിനാൽ കുക്കിവിരുദ്ധതയും ക്രൈസ്‌തവവിരുദ്ധതയും ഒരുപോലെ സൃഷ്ടിച്ച് സംഘപരിവാർ മുതലെടുക്കുന്നു. താഴ്‌വരയിൽ മെയ്‌ത്തീ ക്രൈസ്‌തവരുടെ 276 പള്ളി തകർക്കപ്പെട്ടു. 25 കുക്കി പള്ളിയും നശിപ്പിച്ചു. ബിജെപിയുടെ സഹായം ഒളിഞ്ഞും തെളിഞ്ഞും ലഭിക്കുന്ന ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ തീവ്രവാദ സംഘടനകൾ ഒരുവശത്തും കുക്കി സായുധ സംഘടനകൾ മറുവശത്തും അണിനിരന്ന് യുദ്ധസമാനമായ പോരാട്ടമാണ് മണിപ്പുരിൽ.
മണിപ്പുരിൽ അക്രമങ്ങൾ തുടങ്ങിയതുമുതൽ പൊലീസിന്റെ ആയുധപ്പുരകളിൽനിന്ന് മോഷ്ടിക്കപ്പെട്ടതിന്റെ നാലിലൊന്നുപോലും തിരിച്ചുപിടിക്കാനാകാതെ സംസ്ഥാനസര്‍ക്കാര്‍. തട്ടിയെടുത്ത ആയുധങ്ങൾ ഉടൻ തിരിച്ചേൽപ്പിക്കണമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് കഴിഞ്ഞദിവസം വീണ്ടും തീവ്രവാദികളോട് അഭ്യര്‍ഥിച്ചു. മെയ് 31നും അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആയുധങ്ങൾ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ തട്ടിയെടുത്ത ആയുധങ്ങൾ നിക്ഷേപിക്കാനായി തന്റെ വീടിനു മുമ്പിൽ സംസ്ഥാനത്തെ മന്ത്രിതന്നെ പെട്ടി സ്ഥാപിച്ചിരുന്നു. ലെഷാങ്‌തം സുസീന്ദ്രോ മെയ്‌ത്തീയാണ് വീടിനുമുമ്പിൽ പെട്ടി സ്ഥാപിച്ചത്.
ഇരുപക്ഷത്തെയും തീവ്രവാദികൾക്ക് ബിജെപി ബന്ധം
മണിപ്പുരിൽ ഇരുപക്ഷത്തെയും തീവ്രവാദികളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി. മെയ്‌ത്തീ തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നിവ 2017ൽ ബിജെപി അധികാരം നേടിയശേഷം തഴച്ചു വളർന്നു. വിദ്വേഷപ്രചാരണവും ആയുധപരിശീലനവും പരസ്യമായി നടത്തി. ബിജെപിയുടെയും തങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നും കുക്കികൾക്ക് കൂടുതൽ വലിയ തിരിച്ചടി നൽകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മെയ്‌ത്തീ ലീപുൺ അധ്യക്ഷൻ പ്രമോദ് സിങ് പ്രഖ്യാപിക്കുകയും ചെയ്‌തു. 14,000 അംഗങ്ങളിൽ ആയിരം പേർ സായുധ പരിശീലനം ലഭിച്ചവരാണ്. മെയ് മൂന്നിന് കലാപം തുടങ്ങുന്നതിനുമുമ്പേ ലീപുൺ കേഡർമാർ ജാഗ്രത പാലിച്ചിരുന്നു–-അദ്ദേഹം വെളിപ്പെടുത്തി.
കുക്കി ഭീകരസംഘടന യുകെഎൽഎഫ് തലവൻ എസ് എസ് ഹാവോകിപ്പുമായി 2017ൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ രഹസ്യധാരണയിൽ എത്തിയെന്ന വെളിപ്പെടുത്തലാണ് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന മറ്റൊരു സംഭവവികാസം. എൻഐഎ കോടതിയിൽ ഹാവോകിപ്പ് നൽകിയ സത്യവാങ്‌മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇവരുടെ പിന്തുണ ഉറപ്പാക്കാൻ ഹിമന്ത വാഗ്‌ദാനം നൽകിയെന്നും ഹാവോകിപ്പ് വെളിപ്പെടുത്തി. മണിപ്പുരിലെ മെയ്‌ത്തീ വിഭാഗത്തെ ഇത് അസ്വസ്ഥമാക്കിയിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് മെയ്‌ത്തീ വിഭാഗം എംഎൽഎമാർ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചകളിൽ ആവശ്യപ്പെട്ടു.
ലക്ഷ്യം കുക്കികളുടെ ഭൂമിയും സ്വത്തും
മണിപ്പുരിൽ നടക്കുന്നത് ആദിവാസി വിഭാഗത്തിൽപ്പെട്ട കുക്കി ക്രിസ്‌ത്യാനികളെ ഇല്ലാതാക്കി അവരുടെ ഭൂമിയും സ്വത്തും കൈക്കലാക്കാനുള്ള സർക്കാർ സ്‌പോൺസേഡ് കലാപമാണെന്ന് കലാപഭൂമി സന്ദർശിച്ച എക്‌ലേസ്യ യുണൈറ്റഡ് ഫോറം ചെയർമാൻ ഫാദർ ഡോ. ജോൺസൺ തെക്കാടയിൽ, യുണൈറ്റഡ് ക്രിസ്‌ത്യൻ ഫ്രണ്ട് പ്രസിഡന്റ് അഡ്വ. ജസ്‌റ്റിൻ പള്ളിവാതുക്കൽ എന്നിവർ പറഞ്ഞു. ആദിവാസികളുടെ ഭൂമി സംരക്ഷണം ഉറപ്പാക്കുന്ന 1972ലെ നിയമം ഭേദഗതി ചെയ്യാനാകില്ലെന്നതിനാൽ കലാപത്തിലൂടെ ഒരു വിഭാഗത്തെ ഇല്ലാതാക്കി, പിടിച്ചടക്കാൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് അക്രമങ്ങളും കൊള്ളയും നടത്തുന്നത്. കുക്കികളെ ഉന്മൂലനം ചെയ്‌ത് മെയ്‌ത്തീ വിഭാഗത്തിലെ ഒരു കൂട്ടരെ ചേർത്തു നിർത്തുന്ന തീവ്ര ഹിന്ദുത്വ അജൻഡയാണ് നടപ്പാക്കുന്നത്.
യുദ്ധസമാനമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം കലാപം ശക്തമാകാൻ വഴിവച്ചു. ജൂൺ 12 മുതൽ 16 വരെ നാഗ വിഭാഗത്തിന്റെ സഹായത്തോടെ മണിപ്പുരിലെ കലാപപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ കാണാനായത് വിവരിക്കാൻപോലും കഴിയാത്തത്ര കൊടും ക്രൂരതകളാണെന്ന് അവർ പറഞ്ഞു. 120 ലേറെപ്പേർ കൊല്ലപ്പെടുകയും 40,000ത്തിലേറെപ്പേർ തെരുവാധാരമാകുകയും ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, യഥാർഥ കണക്ക് ഇതിന്റെ പതിന്മടങ്ങാണ്.
കുക്കികൾക്ക് അവഗണന
2017–-18 സംസ്ഥാന ബജറ്റിൽ താഴ്‌വരയിലുള്ളവർക്ക് 4892 കോടി രൂപ അനുവദിച്ചപ്പോൾ, വനമേഖലയിലുള്ളവർക്ക് അനുവദിച്ചത് 108 കോടി രൂപ മാത്രം. 2020–- 21 ൽ 7000 കോടിരൂപയിൽ 6959 കോടി രൂപയും താഴ്‌വരയ്‌ക്കാണ് അനുവദിച്ചത്. ആദിവാസി മേഖലയ്‌ക്ക് 41 കോടി രൂപമാത്രം. സമീപ കാലങ്ങളായി കുക്കി വിഭാഗക്കാരെ നിർദാക്ഷിണ്യം അവഗണിക്കുന്നു.
നിലവിൽ എസ്‌സി വിഭാഗത്തിലുള്ള മെയ്‌ത്തീ ഹിന്ദു വിഭാഗക്കാരെ എസ്‌ടി വിഭാഗത്തിൽ ഉൾപ്പെടുത്താനും അതുവഴി എസ്‌ടി വിഭാഗക്കാരായ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാനും സർക്കാർ ജോലികളിൽ കുക്കികളുടെ സാന്നിധ്യം ഇല്ലാതാക്കാനുമാണ് ശ്രമം. മലനിരകളിലെ എണ്ണ നിക്ഷേപവും ധാതുലവണങ്ങളും വജ്രശേഖരവും പിടിച്ചെടുക്കുക എന്ന ലക്ഷ്യവും കലാപത്തിന് പിന്നിലുണ്ട്.
മെയ് ആദ്യവാരം കലാപം തുടങ്ങി ആദ്യ 36 മണിക്കൂറിനകം ഇംഫാൽ പട്ടണത്തിൽ 251 ക്രിസ്‌ത്യൻ പള്ളികളും അഞ്ച് സെമിനാരികളും കുക്കികളുടെ വീടും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. വേറെ വഴിയില്ലാതെ കുക്കി വിഭാഗം ചെറുത്തുനിന്നതോടെയാണ് കലാപം രൂക്ഷമായത്. ഈ അക്രമങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ആരംഭായ് മിലിറ്ററി ഗ്രൂപ്പ്, അധോലോക സംഘമായ മണിപ്പുർ സെക്യൂരിറ്റി ഗാർഡ്, ആർഎസ്‌എസിന്റെ പിന്തുണയുള്ള മെയ്‌ത്തീ ലിപ്പൺ തുടങ്ങിയ സംഘങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കി, നാടാകെ പടർത്തിയ കലാപം അവസാനിപ്പിക്കാൻ അടിയന്തരമായി എൻ ബരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ഫാദർ ജോൺസനും ജസ്റ്റിനും ആവശ്യപ്പെട്ടു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് കലാപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇരുവരും പറഞ്ഞു.