വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന്‌ ആർഎസ്‌എസ്‌ നേതൃത്വം ബിജെപി കേന്ദ്രനേതാക്കളോട്‌ ആവശ്യപ്പെട്ടു

വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന്‌ ആർഎസ്‌എസ്‌ നേതൃത്വം ബിജെപി കേന്ദ്രനേതാക്കളോട്‌ ആവശ്യപ്പെട്ടു. സുരേന്ദ്രന്റെയും കൃഷ്‌ണദാസിന്റെയും നേതൃത്വത്തിൽ രണ്ടുപക്ഷമായി നിൽക്കുന്ന സംസ്ഥാന ഘടകത്തിന്‌ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കാര്യക്ഷമമായി പ്രവർത്തിക്കാനാകില്ലെന്നും ബിജെപിനേതാക്കളെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുവരുന്ന സാഹചര്യത്തിൽ നേതൃമാറ്റം നടത്തിയാൽ പ്രവർത്തനം സ്‌തംഭിക്കുമെന്നും പിന്നീടാകാമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ നിലപാട്‌.
കൊച്ചിയിൽ രണ്ടുദിവസത്തെ സംസ്ഥാന നേതൃയോഗം ആരംഭിക്കുന്നതിന്‌ മുന്നോടിയായി ആർഎസ്‌എസ്‌ ആസ്ഥാനത്തെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനോടും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനോടുമാണ്‌ സഹ സർ കാര്യവാഹക്‌ അരുൺകുമാർ ഉൾപ്പടെയുള്ള ആർഎസ്‌എസ്‌ നേതാക്കൾ നിലപാട്‌ വിശദീകരിച്ചത്‌.
ആർഎസ്‌എസ്‌ വാർഷികയോഗത്തിന്‌ മുന്നോടിയായി ബിജെപി നേതാക്കൾ ആർഎസ്‌എസ്‌ ആസ്ഥാനത്ത്‌ എത്തുന്നത്‌ പതിവാണെങ്കിലും ഇത്തവണത്തെ സന്ദർശനത്തിന്‌ പ്രാധാന്യമുണ്ടായിരുന്നു. ആർഎസ്‌എസ്‌ കടുത്ത അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ ബി എൽ സന്തോഷും മുരളീധരനും പ്രത്യേകം ചർച്ച നടത്തിയത്‌.സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ മാറ്റണമെന്ന്‌ ആർഎസ്‌എസ്‌ നേരത്തേതന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നെങ്കിലും മുരളീധരനും സന്തോഷുമാണ്‌ സുരേന്ദ്രന്‌ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നത്‌. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷിനെ പിൻവലിച്ച്‌ പകരം കെ സുഭാഷിനെ നിയമിക്കാനുള്ള തീരുമാനവും നേതൃത്വം ബിജെപി നേതാക്കളെ അറിയിച്ചു. ജില്ലകളിലും മണ്ഡലങ്ങളിലും സംഘടനാ സെക്രട്ടറിമാരെ ആർഎസ്‌എസ്‌ നിയോഗിച്ചിട്ടുണ്ടെങ്കിലും പാർടിയിലെ മറ്റു നേതാക്കൾ അവരുമായി യോജിച്ച്‌ പ്രവർത്തിക്കാത്തതിന്റെ പ്രതിഷേധവും അറിയിച്ചു.