കരവാരത്ത് ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഹാജർ നൽകിയശേഷം ജോലിസ്ഥലത്തുനിന്നും കൊണ്ടുപോയത് വിവാദമാകുന്നു. തിങ്കൾ (19/06/2023) വൈകിട്ട് കിളിമാനൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വഞ്ചിയൂർ ഭാഗത്ത് നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ച്‌കൊണ്ടുപോയത്. രാവിലെ ഒമ്പതിന് മുമ്പും 2.30നുമാണ് ഹാജരിനായി തൊഴിലാളികളുടെ ഗ്രൂപ്പ് ചിത്രം പകർത്തുക. എന്നാൽ, ബിജെപി പരിപാടിയിൽ കൊണ്ടുപോകുന്നതിനായി ഉച്ചയ്‌ക്ക്‌മുമ്പ് ചിത്രം പകർത്തി ഹാജർ നൽകി തൊഴിലാളികളെ വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തൊഴിലാളികൾ ചെയ്യേണ്ട ജോലി ജെസിബി ഉപയോഗിച്ച് ചെയ്യിച്ചശേഷം ജെസിബിക്ക് കാശ് കൊടുക്കാനെന്ന പേരിൽ ഓരോ തൊഴിലാളികളിൽ നിന്നും രണ്ടും മൂന്നും ദിവസത്തെ വേതനം ബിജെപിക്കാരുടെ നേതൃത്വത്തിൽ ആവശ്യപ്പെടുന്നതായും ആരോപണമുണ്ട്. വിഷയത്തിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എസ് സുരേഷ്‌കുമാർ അധികൃതർക്ക് പരാതി നൽകി.