ഗവർണ്ണർക്ക് തുടർച്ചയായി തിരിച്ചടികൾ

ചുമതകൾ മറന്നുകൊണ്ട് രാഷ്ട്രീയഅജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേരള ഗവർണർക്ക്‌ വീണ്ടും തിരിച്ചടി.ഗവർണ്ണറുടെ നടപടികളെ അപ്പാടെ തള്ളി വന്ന കോടതിവിധികൾ ഗവർണ്ണർ ആരിഫ് ഖാന് നൽകുന്ന തിരിച്ചടികൂടിയാണ് .കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ്‌ പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ശരിവച്ചതാണ്‌ അവയിൽ ഒടുവിലത്തേത്‌. നിയമനം ഗവർണർ മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയപ്രേരണ മാത്രമായിരുന്നു ഉണ്ടായിരുന്നത് . സർവകലാശാലകളിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്ന സേവ്‌ യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത പ്രിയ വർഗീസിന്‌ ഉണ്ടെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ, അതു വകവയ്‌ക്കാതെയായിരുന്നു ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവർണറുടെ നടപടി .

കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി നേരത്തേ തന്നെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാർ തീരുമാനവും സർവകലാശാലാ നിയമങ്ങളും മാനിക്കാതെ സാങ്കേതിക സർവകലാശാലയുടെ വിസിയായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത്‌ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും റാങ്കിങ്ങിൽ മുന്നേറുകയും ചെയ്യുന്ന സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനാണ്‌ ഗവർണർ തയ്യാറായത്‌.

കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്റെ ഓരോഘട്ടത്തിലും അനാവശ്യമായി ഇടപെട്ട്‌ വിവാദം സൃഷ്ടിച്ച ചാൻസലർകൂടിയായ ഗവർണറുടെ രാഷ്‌ട്രീയക്കളി ഹൈക്കോടതിവിധിയോടെ ചർച്ചയാകുന്നു. സർവകലാശാല എല്ലാ നടപടിക്രമവും പാലിച്ച്‌ തയ്യാറാക്കിയ റാങ്കുപട്ടിക ഗൂഢശക്തികളുടെ പ്രേരണയ്‌ക്ക്‌ വഴങ്ങി ഗവർണർ സ്‌റ്റേചെയ്യുകയായിരുന്നു. മാത്രമല്ല, തനി രാഷ്‌ട്രീയക്കാരനായി മുഖ്യമന്ത്രിയെയും ഓഫീസിനെയും പരസ്യപ്രതികരണത്തിലൂടെ അപമാനിക്കുകയുംചെയ്‌തു.ഇതെല്ലം തന്നെ പൂർണമായും അദ്ദേഹത്തിന്റെ രാഷ്ട്രീയഅജണ്ടയാണ് .

1996ലെ കണ്ണൂർ സർവകലാശാലാ നിയമവും സ്റ്റാറ്റ്യൂട്ടും കാറ്റിൽപ്പറത്തിയായിരുന്നു നിയമന നടപടി ഗവർണർ മരവിപ്പിച്ചതും രാഷ്‌ട്രീയക്കളി നടത്തിയതും. സർവകലാശാലാ നിയമം വകുപ്പ് ഏഴിൽ ചാൻസലറുടെ അധികാരപരിധി വ്യക്തമായി നിർണയിച്ചിട്ടുണ്ട്. ഇതിന്റെ മൂന്നാം ഉപവകുപ്പ്‌ പ്രകാരം നിയമനം സ്റ്റേചെയ്യുന്നുവെന്നാണ് ഗവർണറുടെ അവകാശവാദം. ഇതനുസരിച്ച് നടപടിയെടുക്കണമെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകണം. നോട്ടീസിന്‌ മറുപടി നൽകാൻ സർവകലാശാലയ്ക്ക് സമയവും അനുവദിക്കണം. ഇതൊന്നും ചെയ്‌തില്ല. പരാതി ലഭിച്ചാൽ പരിശോധിക്കാൻമാത്രം അധികാരമുള്ള ചാൻസലർ സ്വയം നിയമം കൈയിലെടുത്തതും നമ്മൾ കണ്ടതാണ് .

കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ഗവർണർ സംസാരിച്ചപ്പോൾ ചരിത്രപണ്ഡിതർ പ്രതിഷേധിച്ചിരുന്നു. അന്നു മുതൽ സർവകലാശാലയോടും വൈസ്‌ ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രനോടും പ്രതികാര ബുദ്ധിയോടെയാണ്‌ ഗവർണർ പെരുമാറിയത്‌. കിട്ടിയ അവസരങ്ങളിലെല്ലാം സർവകലാശാലയെയും വിസിയെയും അപമാനിക്കാൻ നോക്കി. വിസിയുടെ പുനർനിയമനവും അനാവശ്യ വിവാദത്തിൽപ്പെടുത്തി. വിസിയെ ക്രിമിനലെന്നു വിളിച്ച്‌ വ്യക്തിപരമായും ആക്ഷേപിച്ചു. സംസ്ഥാനത്തെ സർവകലാശാലകളെ ഇകഴ്‌ത്തിക്കാണിക്കാൻ ഗവർണർ നടത്തുന്ന നീക്കങ്ങൾക്കുള്ള തിരിച്ചടികൂടിയാണ്‌ ഈ ഹൈക്കോടതിവിധി.