മഹാത്ഭുതം വിദേശ മാധ്യമങ്ങളോട് മൗനം വെടിഞ്ഞു ;മോദി

നീണ്ട ഒമ്പത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകന് അവസരം ലഭിച്ചു. മോദി അധികാരത്തിൽ വന്നതിനു ശേഷം ഇത് ആദ്യമായിട്ടാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് . മാധ്യമങ്ങളെ കാണാനോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി മുതിര്‍ന്നിരുന്നില്ല. ഒരായിരം ചോദ്യങ്ങള്‍ ഉയരുമ്പോ‍ഴും മോദി മാധ്യമങ്ങളില്‍ നിന്ന് ഒ‍ളിച്ചോടാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ക‍ഴിഞ്ഞ ദിവസം യുഎസില്‍ വച്ച് അമേരിക്കൻ മാധ്യമമായ വോള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമ പ്രവര്‍ത്തകന് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മോദിക്ക് നേരെ ചോദ്യമുയര്‍ന്നത്. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓരോ ചോദ്യം വീതമാണ് അനുവദിച്ചിരുന്നത് .

ചോദ്യം ഇങ്ങനെ ആയിരുന്നു
“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ അഭിമാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് മോദി സര്‍ക്കാരിന് കീ‍ഴില്‍ മത ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും അതിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്നു എന്നുമാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ലോക നേതാക്കള്‍ നിന്നിരുന്ന വൈറ്റ് ഹൗസിലെ ഈ ഈസ്റ്റ് റൂമില്‍ നില്‍ക്കുമ്പോള്‍ പറയാമോ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം തകരാതിരിക്കാനും താങ്കളുടെ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യാന്‍ തയ്യാറാകുമെന്ന്”. ലോകം മു‍ഴുവന്‍ ശ്രദ്ധിക്കുന്ന വേദിയിലാണ് ഈ ചോദ്യമെന്നതാണ് ശ്രദ്ധേയം.

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ടെന്നും അതാണ് നമ്മുടെ ഊര്‍ജമെന്നും മോദി മറുപടിയായി പറഞ്ഞു വച്ചു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ തത്വങ്ങളിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ വിവേചനത്തിന് ഇടമില്ലെന്നും മോദി പറഞ്ഞു. ജനാധിപത്യമെന്നും ഭരണഘടനയെന്നും പലവുരി പറഞ്ഞെങ്കിലും ചോദ്യത്തിന് കൃത്യമായി ഉത്തരം വന്നില്ല. ചോദ്യത്തിന് നേരിട്ടുള്ള മറുപടിയല്ലാതിരുന്നിട്ടും മറുചോദ്യം ചോദിക്കാനുള്ള അനുവാദം മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ജനതയ്ക്കും പുതിയൊരു അനുഭവമായിരുന്നു ഇതെന്നാണ് അഭിപ്രായം ഉയരുന്നത്.