വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരായ തന്ത്രങ്ങള്‍ മെനയുന്നതിന് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള യോഗം പാട്‌നയില്‍ തുടക്കമായി . രാവിലെ 11 ന് തുടങ്ങിയ യോഗം 3.30 വരെ നീളും . ഇതിന് ശേഷം സംയുക്ത പത്രസമ്മേളനവും ഉണ്ടായിരിക്കും. അടുത്ത യോഗത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചാകും ആദ്യ യോഗം പിരിയുക. യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലേക്ക് ആദ്യം യോഗം കടക്കില്ലെന്നാണ് പറയുന്നത് .
ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും ഇകഴ്ത്തല്‍, ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരം നിയന്ത്രിച്ചുള്ള ഓര്‍ഡിനന്‍സ് തുടങ്ങി മോദി സര്‍ക്കാര്‍ പിന്തുടരുന്ന ജനാധിപത്യവിരുദ്ധ നയങ്ങളെയും നടപടികളെയും കൂട്ടായി എതിര്‍ക്കാനാണു പ്രതിപക്ഷ പാര്‍ടികള്‍ ധാരണയായിരിക്കുന്നത് .
ലോക്സഭാ തെരഞ്ഞെടുപ്പിന് 11 മാസംമാത്രം ബാക്കി നിൽക്കെ ഈ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും യോഗം ആലോചിക്കും. ഇതോടൊപ്പം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റം, ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ, അതിഥി തൊഴിലാളികള്‍ക്കും മറ്റും ട്രെയിന്‍ യാത്ര അപ്രാപ്യമാക്കുംവിധം തെറ്റായ റെയില്‍ നയം, വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍, ആഭ്യന്തര സുരക്ഷയില്‍ സംഭവിച്ച ഗുരുതര വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളും മോദി സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ തീരുമാനമുണ്ടാകും.
പരമാവധി ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരായി പ്രതിപക്ഷ പാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥി എന്ന ആശയം ശക്തമായി ഉയരുന്നുണ്ടെങ്കിലും ആദ്യ യോഗത്തില്‍ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനിടയില്ല. എല്ലാ സീറ്റുകളിലും സംയുക്ത സ്ഥാനാര്‍ഥി എന്നത് പ്രായോഗികമല്ലെങ്കിലും 400-- 450 സീറ്റുകളില്‍ ധാരണയ്ക്ക് നീക്കമുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിട്ടാണ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ സ്വാഗതം ചെയ്തുള്ള കൂറ്റന്‍ ബോര്‍ഡുകളും മറ്റും പട്ന നഗരത്തില്‍ വ്യാപകമായി സ്ഥാപിച്ചുകഴിഞ്ഞു.
ദേശാഭിമാനിയിൽ ഇതേ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതിയ ചില ഭാഗങ്ങൾ
ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിട്ട് അഞ്ചു വർഷം പൂർത്തിയായിരിക്കുന്നു. ജമ്മു കശ്മീരിൽ ഭീകരവാദത്തിന് തടയിട്ടെന്ന് അവകാശവാദം ഉയർത്തുമ്പോഴും അവിടെ തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്നതിന് ഒരു സൂചനയും ലഭ്യമല്ല. ബിജെപി ഭരണം തുടർന്നാൽ രാജ്യം ഛിന്നഭിന്നമായിപ്പോകുമെന്ന ആശങ്ക ശക്തമാണ്. ഈയൊരു സാഹചര്യത്തിലാണ് ഓരോ ഇന്ത്യൻ പൗരനും പ്രതീക്ഷയേകി പ്രതിപക്ഷ പാർടികളുടെ യോഗം പട്‌നയിൽ ചേരുന്നത്.
ദേശീയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യമാണ് പ്രധാനം. ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും പാർലമെന്ററി സംവിധാനത്തിനും ഫെഡറലിസത്തിനും എതിരായ കടന്നാക്രമണമാണ് മോദി സർക്കാരിൽനിന്നും അവരെ നയിക്കുന്ന ആർഎസ്‌എസ്‐ബിജെപിയിൽനിന്നും ഉണ്ടാകുന്നത്. കാതലായ ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷത്തിന് യോജിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അതിന് കഴിയുമെന്ന് അദാനി വിഷയത്തിൽ 18 രാഷ്ട്രീയ പാർടികൾ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് എഴുതിയ കത്ത് തെളിയിക്കുന്നു. അതോടൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയെയും സിബിഐയെയും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിപക്ഷ വേട്ടയുടെ കാര്യത്തിലും പ്രതിപക്ഷപാർടികൾ ഭൂരിപക്ഷവും ഒന്നിക്കുകയുണ്ടായി. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വേളയിലും പ്രതിപക്ഷം ഒറ്റക്കെട്ടായി അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. അതിനുശേഷമാണ് തമിഴ്‌നാട്ടിലെ മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. ഡൽഹി സർക്കാരിലെ രണ്ടു മന്ത്രിമാർ ജയിലിലടയ്‌ക്കപ്പെട്ടു. ലാലുപ്രസാദിനെയും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയുണ്ടായി.