വിഭാഗീയത ശക്തമായ ബിജെപി കേരള ഘടകത്തിന്‌ പുതിയ തലവേദനയായി ഔദ്യോഗിക പക്ഷത്ത്‌ കുറുമുന്നണി

വിഭാഗീയത ശക്തമായ ബിജെപി കേരള ഘടകത്തിന്‌ പുതിയ തലവേദനയായി ഔദ്യോഗിക പക്ഷത്ത്‌ കുറുമുന്നണി. വി മുരളീധരൻ ഗ്രൂപ്പിലാണ്‌ പുതിയ ചേരിതിരിവ്‌ ശക്തിപ്പെടുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ പദവിയിൽ രണ്ടാം ഊഴത്തിന്‌ ശ്രമിക്കുന്ന കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിൽ പഴയ സൗഹൃദമില്ല.

വി മുരളീധരൻ–-കെ സുരേന്ദ്രൻ–-വി വി രാജേഷ്‌ സഖ്യമാണ്‌ മൂന്നുവർഷം ബിജെപി കേരളഘടകത്തെ നിയന്ത്രിച്ചിരുന്നത്‌. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയത്‌ വി മുരളീധരനൊപ്പം നിന്നതുകൊണ്ടാണ്‌. മെഡിക്കൽ കോഴക്കേസിൽ കുമ്മനം രാജശേഖരൻ സസ്‌പെൻഡു ചെയ്‌ത വി വി രാജേഷിനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാക്കി തിരിച്ചുകൊണ്ടുവന്നതും വി മുരളീധരനാണ്‌.

മൂന്നുവർഷങ്ങൾക്കിപ്പുറം ഈ സഖ്യത്തിൽ വിള്ളൽ വീണുവെന്ന സൂചനയാണ്‌ മറ്റുനേതാക്കൾ നൽകുന്നത്‌. പാലക്കാട്ടെ സി കൃഷ്‌ണകുമാർ, കോഴിക്കോട്ടെ പി രഘുനാഥ്‌, യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്‌ണ തുടങ്ങിയവർക്കും മുരളീധരനുമായി പഴയ അടുപ്പമില്ല. ഇവരെല്ലാം നിലവിൽ കെ സുരേന്ദ്രൻ–-വി വി രാജേഷ്‌ ചേരിയോടാണ്‌ കൂറുപുലർത്തുന്നത്‌.

മുരളീധരന്റേത്‌ മുഖംമിനുക്കൽ
സംസ്ഥാന, ജില്ലാ ഘടകങ്ങളെ അറിയിക്കാതെ പരിപാടികൾ ഏറ്റെടുക്കുന്നുവെന്ന്‌ മുരളീധരനെതിരെ ആക്ഷേപം ശക്തമാണ്‌. പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്നാണ്‌ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം. പരിപാടികൾക്ക്‌ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ കമ്മിറ്റികൾ ശ്രമിക്കുന്നില്ലെന്ന പരാതി മുരളീധരനുമുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ്‌ മുരളീധരന്റെ പ്രവർത്തനം. കേന്ദ്രസഹമന്ത്രി, ദേശീയ നേതാവ്‌ എന്നീ നിലകളിൽ പങ്കെടുക്കുന്ന പരിപാടികളോട്‌ പക്ഷേ അണികളുടേത്‌ തണുപ്പൻ പ്രതികരണമാണ്‌. കെ സുരേന്ദ്രനും വി വി രാജേഷും പലപരിപാടികളിലും പങ്കെടുക്കുന്നില്ല.

ഗ്രൂപ്പുകൾക്കിടയിൽ കൂറുമുന്നണികൾ രൂപപ്പെടുന്നത്‌ തടയാൻ കേന്ദ്രനേതൃത്വത്തിനും കഴിയുന്നില്ല. പതിവുപോലെ ‘ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ എന്ന താക്കീത്‌ വീണ്ടും കേന്ദ്രനേതൃത്വം പുറപ്പെടുവിച്ചിട്ടുണ്ട്‌.