തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ വ്യക്തി കോണ്‍ഗ്രസ് സൈബര്‍ സെല്ലിന്റെ ആലപ്പുഴ കണ്‍വീനർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ വ്യക്തിയെ കോണ്‍ഗ്രസ് സൈബര്‍ സെല്ലിന്റെ ആലപ്പുഴ കണ്‍വീനറാക്കി നേതൃത്വം . കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണ് അരൂക്കുറ്റി വടുതല ജെട്ടി വടക്കേ വലിയവെളിയില്‍ (നസീര്‍ മന്‍സില്‍) ഇ എം നസീറിനെ കോണ്‍ഗ്രസ് സൈബര്‍ സെല്ലിന്റെ ജില്ലാ കണ്‍വീനറായി തെരഞ്ഞെടുത്തത്.
കേസില്‍ നസീറടക്കം എട്ട് പേരെ അറസ്റ്റുചെയ്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച അശ്ലീല വീഡിയോ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്) പ്രവര്‍ത്തകനായ നസീറാണ് യൂത്ത് കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫല്‍ മുളക്കന് അയച്ചു നല്‍കിയത്.
നൗഫല്‍ അത് വാട്‌സാപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നസീറിനെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് നസീറിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
2306202314