കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും എംഎസ്‌എഫ് നേതാവുമായ കെ പി അമീൻ റാഷിദ് വ്യാജരേഖ ചമച്ചതിനെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെട്ടിലായി. റാഷിദ് ഒന്നാം സെമസ്‌റ്റർ പഠനകാലത്താണ് പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പ്രോജക്‌ട് അസിസ്‌റ്റന്റായി ജോലിചെയ്‌തതെന്നും ഇക്കാലത്ത് ഒരു ദിവസംപോലും കോളേജിൽ പോയിട്ടില്ലെന്നുമാണ് സതീശന്റെ വാദം. രണ്ടാം സെമസ്‌റ്റിൽ പഠിക്കുമ്പോഴാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും തട്ടിവിട്ടു. എന്നാൽ, സർവകലാശാല നിയമമനുസരിച്ച് ഒന്നാം സെമസ്‌റ്ററിൽ മതിയായ ഹാജരില്ലാതെ രണ്ടാം സെമസ്‌റ്ററിന് ചേരാനാവില്ല. അടുത്ത അധ്യയന വർഷം ഒന്നാം സെമസ്‌റ്ററിൽ തുടർ പഠനം നടത്തണം.
സതീശൻ പൂജ്യം ഹാജരാണെന്ന് പറയുന്ന റാഷിദിന് ഒന്നാം സെമസ്‌റ്ററിൽ 75 ശതമാനം ഹാജരുണ്ടെന്ന് കോളേജ് അധികൃതർ സമർപ്പിച്ച രേഖ സാക്ഷ്യപ്പെടുത്തുന്നു. സതീശൻ പറയുന്നത് ശരിവച്ചാൽ റാഷിദിനുവേണ്ടി കോളേജ് അധികൃതർ വഴിവിട്ട് സഹായം ചെയ്‌തെന്ന് വ്യക്തം.
ഡിസംബറിലാണ് റാഷിദ് പാലക്കാട് കോട്ടോപാടം സീഡാക് കോളേജിൽ ബിഎ ഇക്കണോമിക്‌സിന് ചേർന്നത്. ഇക്കാലത്ത് പഞ്ചായത്തിൽ കരാർജോലി ചെയ്‌തതായും രേഖകൾ വ്യക്തമാക്കുന്നു. ഒന്നാം സെമസ്‌റ്ററിൽ റാഷിദ് കോളേജിൽ പോയിട്ടില്ലെന്നാണ് സതീശൻ പറയുന്നത്. മാർച്ചിൽ കരാർ അവസാനിച്ചശേഷം രണ്ടാം സെമസ്‌റ്ററിൽ ചേർന്നുവെന്നാണ് വാദം. 50 ശതമാനം ഹാജർ ഇല്ലെങ്കിൽ സെമസ്‌റ്റർ ഔട്ടാകും. പിന്നീട് അതേ സെമസ്‌റ്ററിൽ പുനഃപ്രവേശനം നേടണം. അങ്ങനെ വന്നാൽ റാഷിദ് സെനറ്റിൽ മത്സരിക്കാൻ യോഗ്യനല്ല.
റഗുലർ കോഴ്‌സ് വിദ്യാർഥിയായാണ് സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി മണ്ഡലത്തിൽ റാഷിദ് ജയിച്ചത്. മുഴുവൻ സമയ വിദ്യാർഥികൾക്കാണ് മത്സരിക്കാൻ അർഹത. ഈ വ്യവസ്ഥ ലംഘിച്ച റാഷിദിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും പരാതിനൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നു.