ജോ ബൈഡനുമൊത്തുള്ള വാർത്താസമ്മേളനത്തിലും വഴുതിമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയായശേഷം ചോദ്യങ്ങൾ നേരിടുന്ന ആദ്യ വാർത്താസമ്മേളനമെന്ന്‌ ലോകമാധ്യമങ്ങൾപോലും പരിഹസിച്ചിട്ടും ചോദ്യങ്ങളിൽനിന്ന്‌ വഴുതിമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്‌ടണിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ആകെ രണ്ട്‌ ചോദ്യമാണ്‌ അനുവദിച്ചത്‌.

മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമത്തെപ്പറ്റിയും എതിർസ്വരങ്ങളെ അടിച്ചമർത്തുന്നതിനെപ്പറ്റിയും ചോദിച്ചപ്പോൾ ജനാധിപത്യം ഇന്ത്യയുടെ ജനിതകഘടനയിൽ ഉള്ളതാണെന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു മോദി. മതം, ജാതി, ലിംഗം എന്നിവയുടെ പേരിൽ രാജ്യത്ത്‌ ഒരു വിവേചനവും നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാൾ സ്‌ട്രീറ്റ്‌ ജേണൽ, പിടിഐ എന്നിവയുടെ ഓരോ പ്രതിനിധിയാണ്‌ ചോദ്യം ചോദിച്ചത്‌.

2015 നവംബറിൽ ലണ്ടനിലാണ്‌ മോദി അവസാനമായി മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി നൽകിയത്‌. ഇത്തവണയും ചോദ്യങ്ങൾ പറ്റില്ലെന്നായിരുന്നു നിലപാട്‌. വൈറ്റ്‌ ഹൗസ്‌ വാർത്താസമ്മേളനങ്ങളിൽ ചോദ്യങ്ങൾ പതിവാണെന്നതിൽ അമേരിക്ക ഉറച്ചുനിന്നതോടെ വെള്ളിയാഴ്ചയാണ്‌ ഇന്ത്യൻ സംഘം നിലപാട്‌ മാറ്റിയതെന്ന്‌ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞദിവസം, മോദിയുമായുള്ള ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 75 ഡമോക്രാറ്റിക്‌ എംപിമാർ ബൈഡന്‌ കത്തെഴുതിയിരുന്നു.