പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. പോക്‌സോ കേസിൽ ജീവിതാന്ത്യംവരെ തടവിനു ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലാണ് കേസിലെ ഒന്നാംപ്രതി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെള്ളിയാഴ്ച ഏഴരമണിക്കൂർ ചോദ്യംചെയ്യലിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വൈ ആർ റെസ്റ്റമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ രണ്ടുപേരുടെ ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലും വിട്ടയച്ചു.
പത്തുകോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാംപ്രതിയാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 420, 468, 471 വകുപ്പുകൾ പ്രകാരം വഞ്ചന, വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർഥ രേഖയെന്നമട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് സുധാകരനുമേലുള്ളത്.
പകൽ 11.15ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഏഴരയോടെ അവസാനിച്ചു. തുടർന്നായിരുന്നു അറസ്‌റ്റ്. പരാതിക്കാരുടെ മൊഴി, അന്വേഷകസംഘം ശേഖരിച്ച തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നൂറ്റമ്പതി-ലേറെ ചോദ്യങ്ങൾക്ക് ഉത്തരം തേടി. ചോദ്യംചെയ്യുന്നതിനിടെ പരാതിക്കാരായ എം ടി ഷമീർ, അനൂപ് മുഹമ്മദ് എന്നിവരിൽനിന്ന് ഓൺലൈനിലൂടെ മൊഴിയെടുത്തു. ആരോപണങ്ങളിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടൊപ്പം സുധാകരന്റെ ഫോൺസന്ദേശം, മോൻസണിനൊപ്പമുള്ള ചിത്രങ്ങൾ എന്നിവ ക്രൈംബ്രാഞ്ച് നിരത്തി. ചില ചോദ്യങ്ങൾ സുധാകരൻ നിഷേധിച്ചെങ്കിലും ക്രൈംബ്രാഞ്ച് തെളിവുകൾ നിരത്തിയപ്പോൾ പകച്ചു.
സുധാകരൻ 2018 നവംബർ 22ന് മോൻസണിന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ കോടതിയിലെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഫെമ നിയമപ്രകാരം തടഞ്ഞുവച്ചിരിക്കുന്ന മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാൽ എല്ലാവരും സേഫ് സോണിലാകുമെന്ന് സുധാകരൻ, മോൻസണിന്റെ മുന്നിൽവച്ച് പറഞ്ഞതായും അനൂപ് മൊഴിനൽകിയിരുന്നു. സുധാകരനുമായി ഒരുമിച്ചുള്ള ചോദ്യംചെയ്യലിൽ അനൂപ് ഈ മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് അറസ്‌റ്റിലേക്ക് എത്തിയത്.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശനിയാഴ്ച കരിദിനം ആചരിക്കും
അറസ്റ്റ് ലോക്‌സഭാ സ്‌പീക്കറെ അറിയിച്ചു
കെ സുധാകരൻ എംപിയെ അറസ്റ്റ് ചെയ്‌തത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ ഇ–-മെയിലിലൂടെ അറിയിച്ചു. എഡിജിപി ഇന്റലിജൻസ്, ചീഫ് സെക്രട്ടറിവഴിയാണ് സന്ദേശം കെെമാറിയത്.
സുധാകരനെത്തിയത് പോക്‌സോ ഇര വീട്ടിലുള്ളപ്പോൾ
കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട് സന്ദർശിച്ചത്, മോൻസണ് ശിക്ഷ ലഭിച്ച പോക്‌സോ കേസിലെ ഇര അവിടെയുള്ളപ്പോഴെന്ന് സ്ഥിരീകരണം. മോൻസൺ പീഡിപ്പിച്ച ഓഫീസ് ജീവനക്കാരിയും വീട്ടിലുണ്ടായിരുന്നു. 2018, 2019 വർഷങ്ങളിലായിരുന്നു സുധാകരന്റെ സന്ദർശനം. സന്ദർശനവേളയിലെ ഫോട്ടോകളും ഫോൺവിളി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കെ സുധാകരൻ എംപി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പന്ത്രണ്ടിലേറെ തവണ സന്ദർശിച്ചതായി തെളിവ്.
മോൻസണിന്റെ കലൂരിലുള്ള വീട് സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും ഫോൺവിളിയുടെ വിവരങ്ങളും ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് നിരത്തിയതോടെ മറുപടിയില്ലാതെ സുധാകരൻ കുഴങ്ങി. 2018 ജൂൺമുതൽ 2021 വരെ സുധാകരൻ മോൻസണുമായി ബന്ധം തുടർന്നതിന്റെ തെളിവുകൾ നിരത്തിയപ്പോഴും പതറി. എംപിയാകുന്നതിനുമുമ്പും ശേഷവും 2018, 2019 കാലയളവിലായിരുന്നു കൂടുതൽ സന്ദർശനങ്ങളും.
2021 ജൂണിൽ സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ മോൻസൺ തിരുവനന്തപുരത്ത് ഇന്ദിരാഭവനിലെത്തി ആശംസ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രവും ക്രൈംബ്രാഞ്ച് സുധാകരനെ കാണിച്ചു. പരാതിക്കാരായ ഷെമീറും അനൂപ് മുഹമ്മദും ഓൺലൈനിൽ തത്സമയം പങ്കുചേർന്നതോടെ സുധാകരൻ കൂടുതൽ പതറി. സുധാകരൻ ഉറപ്പ് നൽകിയതിനാലാണ് മോൻസണ് 25 ലക്ഷം രൂപ നൽകിയതെന്ന മൊഴി അനൂപ് ആവർത്തിച്ചു. സുധാകരൻ ഭീഷണി മുഴക്കിയ ശബ്‌ദ സന്ദേശത്തെക്കുറിച്ചുള്ള മൊഴിയും ആവർത്തിച്ചു.
സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമാണ് ഈ ശബ്‌ദസന്ദേശം തന്നെ കേൾപ്പിച്ചെതെന്ന മൊഴിയിൽ അനൂപ് ഉറച്ചുനിന്നു. ഇതേക്കുറിച്ച് മരട് പൊലീസ് സ്‌റ്റേഷനിലും ക്രൈംബ്രാഞ്ച് എഡിജിപിക്കും 2021ൽതന്നെ പരാതി നൽകിയതിന്റെ രേഖകളും അനൂപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കാണിച്ചു. നൂറ്റമ്പതിലേറെ ചോദ്യങ്ങളുണ്ടായി. ഒന്നിനും കൃത്യമായി മറുപടി നൽകാൻ സുധാകരന് കഴിയാതായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് കെ സുധാകരൻ.
അതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
‘ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും. മാറി നിൽക്കുന്ന കാര്യം ചർച്ച ചെയ്യുകയാണ്. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോടതിയിൽ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്. കേസിനെ ഫെയ്‌സ് ചെയ്യാൻ മടിയില്ല, ഭയവില്ല. ആശങ്കയുമില്ല’- സുധാകരൻ പറഞ്ഞു.
മോൻസണിനെ തള്ളിപ്പറയേണ്ട കാര്യമില്ല: തന്നെ ശിക്ഷിക്കാൻ തെളിവില്ലെന്നും കെ സുധാകരൻ
മോൻസണുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈയിലില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. കേസിന്റെ ന്യായവും അന്യായവും കോടതി പരിശോധിക്കട്ടെ. ആശങ്കയും ഭയപ്പാടുമില്ല. ജാമ്യത്തിലിറങ്ങിയശേഷം കളമശേരിയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
‘അവർക്ക് കുറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു. മറുപടി പറഞ്ഞു. എന്തൊക്കെയാണ് ചോദിച്ചതെന്നും പറഞ്ഞതെന്നും പുറത്തുപറയാൻ താൽപ്പര്യമില്ല’. മോൻസണിനെ ശത്രുപക്ഷത്ത് നിർത്തില്ലെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യത്തിന്, എനിക്ക് അതിന്റെ ആവശ്യമില്ലെന്ന മറുപടി സുധാകരൻ ആവർത്തിച്ചു. ‘അയാളുടെ സാംസ്‌കാരിക നിലവാരം മോശമാണ്. അയാൾക്കെതിരെ ഇപ്പോൾത്തന്നെ ഒരുപാട് കേസുണ്ട്. ആജീവനാന്തം ശിക്ഷ ഉൾപ്പെടെ കിട്ടിയിട്ടുണ്ട്’– സുധാകരൻ പറഞ്ഞു.