ഇന്ത്യയെ അതിവേഗത്തിൽ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെഡറൽ തത്വങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ സ്‌തംഭങ്ങളാകെ തുടർച്ചയായി ആക്രമിക്കപ്പെടുന്നു. സംഘപരിവാറിനെതിരായി കൂട്ടായ എതിർപ്പുയരണം. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ആഭ്യന്തര സുരക്ഷാവീഴ്‌ചകൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുയർത്തി പ്രതിപക്ഷ പാർടികൾ ദേശീയതലത്തിൽ മോദി സർക്കാരിനെതിരായി പ്രക്ഷോഭം സംഘടിപ്പിക്കും. ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സംസ്ഥാനങ്ങളിൽ ചർച്ചകളുണ്ടാകും–- യെച്ചൂരി പറഞ്ഞു.
ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന് ധാരണയായെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ബിജെപിയുടെ ഒമ്പതുവർഷത്തെ ഭരണം ദുരന്തപൂർണമായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ–- മതേതര ഘടന ആക്രമണം നേരിട്ടു. വർഗീയ–- കോർപറേറ്റ് കൂട്ടുക്കെട്ടിന് സർക്കാർ എല്ലാ സൗകര്യവും ഒരുക്കുകയാണ്. കൂട്ടായ പോരാട്ടത്തിലൂടെ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കണം–- രാജ പറഞ്ഞു.
ഡൽഹി ഓർഡിനൻസിൽ നിലപാടില്ല; തിളക്കം കുറച്ച് കോൺഗ്രസ് പിടിവാശി
ഡൽഹി ഓർഡിനൻസ് വിഷയത്തിലുള്ള കോൺഗ്രസിന്റെ കടുംപിടിത്തം പ്രതിപക്ഷ ഐക്യത്തിന്റെ തിളക്കം കുറച്ചു. എഎപി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന കേന്ദ്ര ഓർഡിനൻസിനെതിരായി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഫെഡറലിസത്തിനു നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണമായിട്ടുകൂടി സങ്കുചിത പ്രാദേശിക രാഷ്ട്രീയതാൽപ്പര്യങ്ങൾക്കാണ് നേതൃത്വം പ്രാധാന്യം നൽകുന്നത്.
കോൺഗ്രസിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ ഓർഡിനൻസിൽ എഎപിയുമായി സഹകരിക്കുന്നത് എതിർക്കുകയാണെന്ന വിചിത്രമായ നിലപാടാണ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതിനോട് ശക്തമായി വിയോജിച്ചു. കോൺഗ്രസിന്റെ യഥാർഥ ലക്ഷ്യങ്ങൾ ദുരുദ്ദേശ്യപരമാണെന്ന് എഎപി പ്രതികരിച്ചു. യോഗശേഷമുള്ള വാർത്താസമ്മേളനത്തിൽനിന്ന് എഎപി പ്രതിനിധികൾ വിട്ടുനിന്നു. എഎപിയോടുള്ള കോൺഗ്രസ് വിദ്വേഷം ബിജെപി രാഷ്ട്രീയായുധമാക്കി. ആദ്യ യോഗത്തിൽത്തന്നെ പ്രതിപക്ഷ പാർടികളുടെ ഐക്യമില്ലായ്‌മ പ്രകടമായെന്നും അവസരവാദ കൂട്ടുക്കെട്ടാണിതെന്നും ബിജെപി പ്രതികരിച്ചു.