രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി നൽകിയ ശുപാർശ നിയമലംഘനമെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി നൽകിയ ശുപാർശ നിയമലംഘനമെന്ന്‌ പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രം. അധികാര പരിധിയിൽപ്പെടാത്ത വിഷയത്തിൽ ഔദ്യോഗിക ഭാഷനിയമം ലംഘിച്ചാണ്‌ സമിതി ശുപാർശ നൽകിയതെന്ന്‌ ആഭ്യന്തരമന്ത്രാലയം പറയുന്നു. എട്ടുമാസത്തോളമായി രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌ ശുപാർശ.

ശുപാർശ നിയമലംഘനമല്ലേയെന്ന്‌ ആരാഞ്ഞ്‌ രാജ്യസഭയിൽ ജോൺബ്രിട്ടാസ്‌ എംപി കഴിഞ്ഞ ഡിസംബറിൽ ചോദ്യമുന്നയിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ സഭാധ്യക്ഷനായ ഉപരാഷ്‌ട്രപതിക്ക്‌ ബ്രിട്ടാസ്‌ പരാതി നൽകി. തുടർന്ന്‌ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ശുപാർശ നിയമലംഘനമാണെന്ന്‌ സൂചിപ്പിച്ചത്‌. കേന്ദ്രത്തിന്റെ ഔദ്യോഗിക വ്യവഹാരത്തിനുള്ള ഹിന്ദിയുടെ ഉപയോഗം സംബന്ധിച്ച പുരോഗതി വിലയിരുത്തി രാഷ്‌ട്രപതിക്ക്‌ റിപ്പോർട്ട്‌ നൽകലാണ്‌ സമിതിയുടെ ഉത്തരവാദിത്വം. മറ്റിടപെടലുകൾക്ക്‌ അധികാരമില്ല. എന്നാൽ, മറുപടിയിൽ ഇക്കാര്യം പറയാതെ നിയമം ഉദ്ധരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. നിയമമനുസരിച്ച്‌ ഔദ്യോഗിക വ്യവഹാരങ്ങൾക്കടക്കം ഹിന്ദിക്കൊപ്പം ഇംഗ്ലീഷും നിലനിർത്തണം. പാർലമെന്റും സംസ്ഥാന നിയമസഭകളും നിയമം പാസാക്കുംവരെ വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രാലയം സമ്മതിക്കുന്നു. റിപ്പോർട്ട്‌ കുരുക്കാകുമെന്ന്‌ ഉറപ്പുള്ള കേന്ദ്രം ഇതുവരെയും ഇതു പരസ്യപ്പെടുത്തിയിട്ടില്ല.

ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്രസർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ്‌ മാറ്റി ഹിന്ദി പ്രധാന ഭാഷയാക്കാനായിരുന്നു ശുപാർശ.