ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണിയായ സംഘപരിവാർ ശക്തികളെയും ബിജെപിയെയും അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയരാഷ്ട്രീയത്തിൽ ഐക്യത്തോടെ നീങ്ങാൻ പ്രതിപക്ഷപാർടി യോഗ തീരുമാനം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി ധാരണ രൂപപ്പെടുത്തും. ഏകോപനത്തോടെ നീങ്ങാനാകുംവിധം ഭാവി പരിപാടികൾ നിശ്‌ചയിക്കുന്നതിനായി ഹിമാചലിലെ ഷിംലയിൽ ജൂലൈ രണ്ടാംവാരത്തിൽ വീണ്ടും യോഗം ചേരും. കോൺഗ്രസിന്റെ ആതിഥേയത്വത്തിലാകും യോഗം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ 15 രാഷ്ട്രീയകക്ഷി പ്രതിനിധികൾ പങ്കെടുത്തു. നിലവിൽ 17 പാർടികൾ പ്രതിപക്ഷ ഐക്യത്തെ പിന്തുണയ്‌ക്കുന്നുണ്ട്. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്‌ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. കോൺഗ്രസിൽനിന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുത്തു. മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, ഹേമന്ത് സോറൻ, മുൻമുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവ്, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, എൻസിപി പ്രസിഡന്റ് ശരത് പവാർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരുമെത്തി.
ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം എന്ന രൂപത്തിലേക്ക് ഇന്ത്യയെ മാറ്റിയെടുക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും യോജിച്ച് എതിർക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ മഹനീയമായ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ആർഎസ്‌എസ് എന്ന് നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തിന്റെ അടിത്തറയായ മൂല്യങ്ങളും സ്ഥാപനങ്ങളുമെല്ലാം ആർഎസ്‌എസിന്റെയും ബിജെപിയുടെയും ആക്രമണം നേരിടുകയാണെന്നും ഭിന്നതകൾ മറന്ന് യോജിച്ചുനീങ്ങുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.