അനിൽ ആന്റണി ബിജെപിയിലേക്ക്

കോൺഗ്രസിന്റെ മുതിർന്ന നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍​ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേര്‍ന്നു. ബിജെപിയുടെ 44–-ാം സ്ഥാപകദിനമായ വ്യാഴാഴ്‌ച പാർടി ദേശീയ ആസ്ഥാനത്ത്‌ കേന്ദ്രമന്ത്രി പിയൂഷ്‌ഗോയൽ അനിൽ ആന്റണിക്ക്‌ അംഗത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്ന്‌ അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപിയെ അനിൽ ശക്തമായി പിന്തുണച്ചിരുന്നു. പിന്നാലെ എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ–- ഓര്‍ഡിനേറ്റർ പദവി രാജിവച്ചു. ഇതോടെ, അനിൽ ബിജെപിയോട് അടുക്കുന്നുവെന്ന് വ്യക്തമായെങ്കിലും ഇത്രവേഗം കൂടുമാറ്റം ഉണ്ടാകുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം പ്രതീക്ഷിച്ചില്ല. കോണ്‍​ഗ്രസ് പ്രവർത്തകസമിതി അംഗം, കേന്ദ്ര പ്രതിരോധ മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മുതിർന്ന നേതാവിന്റെ മകൻ ബിജെപിയിൽ ചേക്കേറിയത്‌ കോൺഗ്രസിന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കനത്ത തിരിച്ചടിയായി.

പി എസ് പ്രശാന്തിന്റെ ഫേസ്ബുക് കുറിപ്പ്

ഞാൻ കോൺഗ്രസ് വിട്ട് CPI(M) ലേക്ക് മാറിയപ്പോൾ മാതാവിനേയും പിതാവിനേയും ഭാര്യയെ പോലും തെറിയഭിഷേകം ചെയ്ത കോൺഗ്രസ് സൈബർ പോരാളികൾക്കും, നേതാക്കൾക്കും ശ്രീ ഏ.കെ.ആൻ്റെണിയുടെ മകൻ്റെ കാര്യത്തിൽ എന്ത് പറയുവാനുണ്ട്.?

25 വർഷം ചോരയും നീരും നൽകി വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിനായും,അതിൽ തന്നെ ഏ.കെ.ആൻ്റെണിയുടെ പേരിലുള്ള ഗ്രൂപ്പിനായും അന്തം വിട്ട് പോരാടിയ എനിക്കിന്ന് ബാക്കിപത്രമായിട്ടുള്ളത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ്.

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാക്കി,നിയമസഭയിൽ സീറ്റ് നൽകി പാർട്ടി ഭാരവാഹിയാക്കി എന്നിട്ടും പി എസ് പ്രശാന്ത് പാർട്ടി വിട്ടില്ലേ എന്നാണ് ചോദ്യം.?

ഏ കെ ആൻ്റെണി എന്ന ആദർശ പുരുഷനെ മാതൃകയാക്കി, പൊതുപ്രവർത്തകൻ അഴിമതി രഹിതനും സത്യസന്ധനും ആയിരിക്കണം എന്ന നിഷ്ഠയിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത യാത്രയിൽ ഇന്നും വാടക വീട്ടിൽ കഴിയേണ്ടിവരുന്നതിൻ്റെ വിഷമം തെല്ലും അലട്ടുന്നില്ല.(അഴിമതിയെന്നത് കോൺഗ്ര’സിൽ അലങ്കാരമായിരുന്നിട്ട് പോലും).
ടെസ്റ്റ് എഴുതിക്കിട്ടിയ ഭാര്യയുടെ ജോലിയെ പോലും അധിക്ഷേപിച്ചു.അതിൻ്റെ പേരിലുള്ള പീഢനം ഇന്നും അവസാനിച്ചിട്ടില്ല.

പറഞ്ഞ് വരുന്നത്,
40 വയസ്സിനുള്ളിൽ മുഖ്യമന്ത്രിയും KPCC പ്രസിഡൻ്റുമായ ശ്രീ ഏ.കെ.ആൻ്റണിയുടെ മകൻ അനിൽ ആൻ്റെണി ജനിക്കുന്നത് 1985 ഡിസംബർ 17നാണ്.
കേരള രാഷ്ട്രീയത്തിൽ ഏ.കെ.ആൻ്റണി ഈ പദവികളെല്ലാം വഹിച്ചതിന് ശേഷമാണ് അനിൽ ആൻ്റണി ജനിക്കുന്നതും,വളർന്ന് വലുതായി ഇപ്പോൾ ബീ ജെ പി യിലേക്ക് ചേക്കേറുന്നതും.
അനിലിൻ്റെ ജനനവും,കൗമാരവും, യൗവനവും മെല്ലാം എവിടെ ആയിരുന്നു, എങ്ങനെ ആയിരുന്നു എന്നത് പ്രത്യേകം പരാമർശിക്കുന്നില്ല.

കാരണം,:
അനിൽ ആൻ്റണി ഇവിടെ ഒരു വിഷയമേ അല്ല.അത് കൊട്ടും കുരവായുമായി കൊണ്ട് പോകുന്ന BJP നേതാക്കൾക്ക് വളെരെപ്പെട്ടന്ന് മനസ്സിലാവും.!

പക്ഷേ,
ഇന്ത്യൻ രാഷട്രീയത്തിൽ ആദർശത്തിൻ്റേയും,മതനിരപേക്ഷതയുടേയും മാതൃക പുരുഷനായി നിറഞ്ഞ് നിന്ന ഏ.കെ.ആൻ്റണിയുടെ മകൻ സംഘപരിവാർ പ്രത്യയശാസ്ത്രത്തിലേക്ക് പോകുകയാണ്…!
അതൊരു
ഗൗരവകരമായ വിഷയമാണ്.!

ശ്രീ ഏ.കെ.ആൻ്റെണിയുടെ മനസ്സ് വേദനിക്കുകയാണോ.? അല്ലയോ എന്നത് അറിയില്ല.!
പക്ഷേ, സംഘപരിവാർ രാഷ്ട്രീയം ഒഴിവാക്കുക എന്ന ബാലപാഠമെങ്കിലും അനിലിനെ പഠിപ്പിക്കുവാൻ ഏ.കെ.ആൻ്റെണിക്ക് കഴിയണമായിരുന്നു.

ഇന്ത്യൻ ഭരണഘടനായെ സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞയുമായി മാനവികതയുടെ പക്ഷത്തേക്ക് കൂടണഞ്ഞ എൻ്റെ മനസ്സ് വീണ്ടും വീണ്ടും അഭിമാനപൂരിതമാകുന്നു.
ഞാൻ സഞ്ചരിക്കുന്നത് ശരിയുടെ പാതയിലാണ് എന്ന് വീണ്ടും വീണ്ടും തിരിച്ചറിയുകയും ചെയ്യുന്നു.

വാൽക്കഷണം.:

സംഗതിയൊന്നും നടക്കുന്നില്ലെങ്കിലും തൽക്കാലം KPCC പ്രസിഡൻ്റിനെ മാറ്റാതിരിക്കുന്നതാവും ഉചിതം.
ഇല്ലെങ്കിൽ …!!