പ്രധാനമന്ത്രിയായശേഷം നരേന്ദ്ര മോദിയോട് ആദ്യമായി ചോദ്യം ചോദിച്ച അമേരിക്കൻ മാധ്യമപ്രവർത്തകയ്ക്കുനേരെ സൈബർ ആക്രമണം. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളെ കാണവേ, മോദിയുടെ ഉത്തരം മുട്ടിച്ച വാൾ സ്‌ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രീന സിദ്ദിഖിയെയാണ് ഇന്ത്യയിൽനിന്നുള്ള സംഘപരിവാറുകാരും മോദി അനുകൂലികളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നത്. സംഭവത്തെ വൈറ്റ് ഹൗസ് ശക്തമായി അപലപിച്ചു.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നതും എതിർസ്വരങ്ങൾ അടിച്ചമർത്തപ്പെടുന്നതും സംബന്ധിച്ച ചോദ്യമാണ് പ്രകോപിപ്പിച്ചത്.സംയുക്ത വാർത്താസമ്മേളനത്തിൽ ചോദ്യം പാടില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യൻ സംഘം. അമേരിക്കയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് ചോദ്യം അനുവദിക്കാമെന്ന് സമ്മതിക്കേണ്ടിവന്നു. തെരഞ്ഞെടുക്കപ്പെട്ട ഒന്നുവീതം ഇന്ത്യൻ, അമേരിക്കൻ റിപ്പോർട്ടർക്ക് മോദിയോടും ബൈഡനോടും ഒരു ചോദ്യം വീതം ചോദിക്കാമെന്നായി.
സബ്രീനയുടെ ചോദ്യത്തിൽ കുഴങ്ങിയ മോദി, ജനാധിപത്യം ഇന്ത്യയുടെ ജനിതകഘടനയിൽ ഉള്ളതാണെന്നും സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും പറഞ്ഞ് തടിതപ്പി. ഇന്ത്യയിൽ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നത് തടയാൻ എന്താണ് ചെയ്യുന്നത് എന്നായിരുന്നു തുടർന്ന് സബ്രീന ബൈഡനോട് ചോദിച്ചത്. മുസ്ലിമായതിനാലാണ് സബ്രിന ഇത്തരം ചോദ്യം ചോദിച്ചതെന്നും അവർ പാകിസ്ഥാനി ഇസ്ലാമിസ്റ്റ് ആണെന്നും സൈബർ ഇടങ്ങളിൽ ബിജെപി അനുകൂലികൾ പ്രചരിപ്പിച്ചു. വലിയ തോതിൽ വ്യക്ത്യാധിക്ഷേപവുമുണ്ടായി.
ഇന്ത്യയിൽനിന്നുള്ള ഇത്തരം അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശക്തമായി അപലപിക്കുന്നെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ കോ–- ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഊന്നൽ കൊടുത്ത ജനാധിപത്യമൂല്യ സംരക്ഷണത്തിന് നേർ വിപരീതമാണ് ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും പാകിസ്ഥാനിലും കുടുംബവേരുള്ളതാണ് സബ്രീനയുടെ കുടുംബം. പിതാവ് വളർന്നത് പാകിസ്ഥാനിലാണെങ്കിലും ജനിച്ചത് ഇന്ത്യയിലാണ്. സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ, ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് പിതാവിനൊപ്പം 2011ലെ ലോകകപ്പ് ഫൈനൽ കാണുന്ന ചിത്രം സബ്രിന പങ്കുവച്ചു. തന്റെ കുടുംബ പശ്ചാത്തലം ചികയുന്നവർക്ക് ചിത്രം സമർപ്പിക്കുന്നു എന്നായിരുന്നു അടിക്കുറിപ്പ്. "ചിലപ്പോൾ അസ്തിത്വങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലും സങ്കീർണമാകും’ എന്നും അവർ കുറിച്ചു. ഇന്ത്യയിൽനിന്ന് പിടിഐ റിപ്പോർട്ടർ രാകേഷ് കുമാറിനായിരുന്നു ചോദ്യം ചോദിക്കാൻ അവസരം. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് അദ്ദേഹം തിരക്കിയത്.
നരേന്ദ്ര മോദിയോട് ആദ്യമായി ചോദ്യം ചോദിച്ച അമേരിക്കൻ മാധ്യമപ്രവർത്തകയ്ക്കുനേരെ സൈബർ ആക്രമണംhttps://www.wsj.com/articles/white-house-condemns-harassment-of-wsj-reporter-for-questioning-modi-about-rights-e2bd2fcc?mod=e2fb&fbclid=IwAR2rE4zYj5CWglejL4tewpp86ZA3zjT-To6qhmIbmd6Fhouh4K4l-xXcK5E