വന്ദേ ഭാരത് ട്രെയിനും കേരളത്തിലെ യാത്ര പ്രശ്നവും

വന്ദേഭാരത് തീവണ്ടികള്‍ വന്നത് കൊണ്ടൊന്നും
കേരളത്തിലെ അതിവേഗ യാത്ര പ്രശ്നം പരിഹരിക്കാൻ കഴിയില്ല.

വന്ദേഭാരത് തീവണ്ടികള്‍ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈനിന് ബദലാകില്ല.

കേരളത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന രണ്ട് ട്രെയിനുകൾ ജനശതാബ്ദിയും, രാജധാനിയുമാണ്.

കേരളത്തിലെ പാതകളുടെ വേഗത(സെക്ഷണല്‍ സ്പീഡ്) മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ്.

കേരളത്തില്‍ ഏറ്റവും കൂടിയ വേഗതയില്‍ ഓടുന്ന ജനശതാബ്ദിയുടേയും രാജധാനിയുടേയും വേഗതയില്‍ മാത്രമേ വന്ദേഭാരത് തീവണ്ടികള്‍ക്ക് കേരളത്തില്‍ ഓടാന്‍ പറ്റുകയുള്ളു.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരത തീവണ്ടികളുടെ വേഗത (മാക്‌സിമം സര്‍ട്ടിഫൈഡ് സ്പീഡ്).

ഇ.എം.യു കോച്ചുകളായതിനാല്‍ വന്ദേഭാരത തീവണ്ടികള്‍ക്ക് ചിലപ്പോള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ ഓടാന്‍ സാധിച്ചേക്കും.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത തീവണ്ടികള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ കേരളത്തിലെ പാതകള്‍ നവീകരിക്കേണ്ടതുണ്ട്.

പാതയുടെ 36 ശതമാനത്തോളം വരുന്ന 626 വളവുകള്‍ നിവര്‍ത്തണം. ഇതിനു ഭീമമായ ചെലവു വരും.

ഈ നവീകരണ, ശാക്തീകരണ പ്രക്രിയ പത്തു മുതല്‍ 20 വര്‍ഷം കൊണ്ടേ പൂര്‍ത്തിയാക്കാന്‍ പറ്റൂ. കാരണം, നിലവിലുള്ള തീവണ്ടി സര്‍വീസുകളെ ബാധിക്കാത്ത രീതിയിലേ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ പറ്റുകയുള്ളു എന്നതാണ് അതിൻ്റെ ഏറ്റവും വലിയ ന്യൂനത.

110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കിൽ സെമി ഹൈസ്പീഡ് ട്രാക്ക് നിർമിക്കണം. അത് ഉടൻ സാധിക്കില്ല.

വന്ദേ ഭാരത് ട്രെയിൻ വന്നാൽ അന്താരാഷ്ട്രനിലവാരത്തിലുള്ള കോച്ചുകളിൽ യാത്ര ചെയ്യാമെന്നതുമാത്രമാണ് മെച്ചം. ഫലത്തിൽ കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്ചാർജ് നൽകേണ്ടി വരും.

180 കിലോമീറ്ററാണ് വന്ദേഭാരതിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം.

എന്നാൽ, ഇന്ത്യയിൽ ഒരിടത്തും ഈ വേഗത്തിൽ ഓടുന്നില്ല. 110 മുതൽ 130 കിലോമീറ്ററാണ് നിലവിലെ വേഗം.

കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് യാർഡുകളിൽ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. തിരുവനന്തപുരം–-കായംകുളം പാതയിൽ 90, കായംകുളം–-കോട്ടയം–-എറണാകുളം 90, കായംകുളം–-അമ്പലപ്പുഴ 100, അമ്പലപ്പുഴ–-തുറവൂർ 90, തുറവൂർ–-എറണാകുളം 80, അരൂർ റെയിൽവേ പാലം 60, എറണാകുളം–-ഷൊർണൂർ 90 (ആലുവ ഭാഗത്ത് 30) കിലോമീറ്റർവീതമാണ് റെയിൽവേയുടെ സ്ഥിരം വേഗനിയന്ത്രണമുള്ളത്.

ട്രാക്കുകളുടെ ഉപയോഗം അടക്കം ഒട്ടേറെ സാങ്കേതികവസ്തുതകൾ പരിഗണിച്ചാണ് വേഗം നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ പാതയിൽ 36 ശതമാനത്തിലേറെ വളവുകളുമുണ്ട്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ വന്ദേഭാരതിന് കേരളത്തിൽ ഒരിക്കലും 75 കിലോമീറ്ററിൽ കൂടുതൽ ശരാശരി വേഗം കൈവരിക്കാനാകില്ല.

ഇത് നിലവിലെ രാജധാനി ,ജനശതാബ്ദി എക്സ്പ്രസുകളുടെ വേഗത മാത്രമേ ആകുന്നുള്ളു.

മംഗലാപുരം കഴിഞ്ഞാൽ 100 കിലോമീറ്റർ വേഗതയിലും പനവേൽ കഴിഞ്ഞാൽ 150 കിലോമീറ്റർ വേഗതയിലും ഓടുന്ന രാജധാനി എക്സ്പ്രസ് കേരളത്തിലൂടെ ഓടുന്നത് വെറും 70 കിലോമീറ്റർ വേഗതയിൽ മാത്രമാണ്.

അതും മറ്റുള്ള എല്ലാ ട്രയിനുകളും പിടിച്ചിട്ടാണ് രാജധാനി കേരളത്തിൽ ഓടുന്നത്.

500 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ നമ്മുക്ക് ലഭിച്ചാലും കേരളത്തിലെ നിലവിലുള്ള പാതയിൽ കൂടി 70 കിലോമീറ്ററിനപ്പുറം വേഗതയിൽ ഓടാൻ സാധിക്കില്ല എന്നുറപ്പാണ്.

കാണാൻ നല്ല ഭംഗിയുള്ള മെച്ചപ്പെട്ട സൗകര്യങ്ങളുള്ള
സമ്പന്നർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന ഒരു ആഡംമ്പര ട്രെയിൻ നമ്മുക്ക് ലഭിക്കും എന്നതിനപ്പുറം മറ്റൊരു പ്രയോജനവും വന്ദേഭാരത് വന്നത് കൊണ്ട് കേരളത്തിനുണ്ടാകാൻ പോകുന്നില്ല.

തിരുവനന്തപുരം - കണ്ണൂർ 501 കിലോമീറ്റർ 7 മണിക്കൂർ കൊണ്ട് വന്ദേ ഭാരത് ഓടുമെന്നാണ് റെയിൽവേ പറയുന്നത്. അതായത് ശരാശരി 71 കിലോമീറ്റർ വേഗതയിൽ.

ഈ വേഗതയിൽ രാജധാനി, ഇൻ്റർസിറ്റി ട്രെയിനുകൾ നിലവിൽ ഓടുന്നുണ്ട്. അതുകൊണ്ട് കേരളത്തെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല.

വളവുകളും തിരിവുകളുമുള്ള കേരളത്തിലെ പാത നിവർത്താതെ ട്രെയിനിന്റെ വേഗത കൂട്ടാൻ കഴിയുകയില്ലെന്നതാണ് യാഥാർഥ്യം.

മറ്റൊന്ന്, കേരളത്തിന്റെ യാത്രാ ദുരിതം വന്ദേ ഭാരത്‌ കൊണ്ട് തീരുമോ? രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കും വൈകുന്നേരം തിരിച്ചുമുള്ള ഒരൊറ്റ ട്രെയിൻ കൊണ്ട് എങ്ങനെയാണ് കേരളത്തിലെ യാത്രാ ക്ലേശം പരിഹരിക്കപ്പെടുക?

ഇവിടെയാണ് സിൽവർ ലൈനിൻ്റെ പ്രസക്തി

സില്‍വര്‍ലൈന്‍ പാതയില്‍ ഒരു ദിശയില്‍ ഇരുപത് മിനിറ്റ് ഇടവിട്ട് 37 സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തന്നെ തിരക്കേറിയ കേളത്തിലെ പാതയില്‍ വന്ദേഭാരത് തീവണ്ടികള്‍ക്ക് ഇത്രയും സര്‍വീസ് നടത്താന്‍ സാധിക്കില്ല.

ചുരുങ്ങിയ ഇടവേളകളില്‍ അതിവേഗ ഇന്റര്‍സിറ്റി സര്‍വീസ് നടത്തി, സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ റോഡുകളില്‍നിന്ന് പൊതു ഗതാഗത സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ് സില്‍വര്‍ലൈനിന്റെ ലക്ഷ്യം.

സില്‍വര്‍ലൈന്‍ വണ്ടികളുടെ വേഗത

തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ 530 കിലോമീറ്ററാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയുടെ ദൂരം. പതിനൊന്നു സ്റ്റോപ്പുകളുള്ള ഈ പാതയില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്താന്‍ മൂന്ന് മണിക്കൂര്‍ 54 മിനിറ്റു മതി. സില്‍വര്‍ലൈന്‍ പ്രഖ്യാപിച്ചപ്പോള്‍ കെ-റെയില്‍ പറയുന്നതും ഡി.പി.ആറില്‍ വ്യക്തമാക്കിയതുമാണ് ഇക്കാര്യം. 530 കിലോ മീറ്റര്‍ മുന്ന് മണിക്കൂര്‍ 54 മിനിറ്റു കൊണ്ട് ഓടിയത്തുമ്പോള്‍ ശരാശരി വേഗത മണിക്കൂറില്‍ 135 കിലോമീറ്ററാണെങ്കില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചു വെക്കാനില്ല.

മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന വിധത്തിലാണ് സില്‍വര്‍ലൈന്‍ പാതയും ട്രെയിനുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്റ്റോപ്പുകളൊന്നുമില്ലെങ്കില്‍ ഈ പാതയില്‍ വണ്ടികള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കും. പതിനൊന്നു സ്റ്റോപ്പുകളുള്ളതുകൊണ്ടാണ് സില്‍വര്‍ലൈനിലെ ട്രെയിനുകള്‍ ആദ്യ ഘട്ടത്തില്‍ ശരാരി 135 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്നത്.

ഹൈസ്പീഡ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. എന്നാല്‍ ശരാശരി പ്രവര്‍ത്തനവേഗത മണിക്കൂറില്‍ 180 കിലോമീറ്ററോളം മാത്രമായിരിക്കും.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗത. 759 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-വരാണസി റൂട്ടില്‍ വെറും രണ്ട് സ്‌റ്റോപ്പുകള്‍ മാത്രമാണുള്ളത്. അവിടെ വന്ദേഭാരത് ട്രെനിയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 94.6 കിലോമീറ്ററാണ്.

പരമാവധി വേഗതയും ശരാശരി വേഗതയും തിരിച്ചറിയാനാകാതെ ചില മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുത്തലുകള്‍ വരുത്താവുന്നതാണ്.
ഓരോ ഇരുപതുമിനുട്ടിലും തെക്ക്-വടക്കും വടക്ക് -തെക്കും ഓടുന്ന കെ റെയിലിന് തിരുവനന്തപുരം തൊട്ട് കണ്ണൂർ എത്താൻ വന്ദേ ഭാരതിന്റെ പകുതി സമയമേ വേണ്ടതുള്ളൂ.

പി എസ് പ്രശാന്തിൻറെ ഫേസ്ബുക് കുറിപ്പ്

വന്ദേ ഭാരത് വരുന്നതോടെ സിൽവർ ലൈൻ ട്രയിനുകൾക്ക് പ്രസക്തി വർദ്ധിക്കും. വന്ദേ ഭാരതിൽ തിരുവനന്തപുരം കണ്ണൂർ യാത്രക്ക് അവകാശവാദം 7 മണിക്കൂറാണ്.
നിലവിലുള്ള ട്രാക്കുകളിൽ കൂടി 180 km വേഗത വലിയ വെല്ല് വിളി ആയിരിക്കും. വേഗത 100 km താഴെ ആകാനാണ് എല്ലാവിധ സാധ്യതകളും.
വന്ദേ ഭാരത് വെറും രണ്ട് ട്രയിനുകൾ മാത്രം.
നമുക്ക് കണ്ടറിയാം…!
JUST WAIT AND SEE .
സിൽവ്വർ ലൈനിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ 3 മണിക്കൂർ 54 മിനിറ്റിൽ യാത്ര…
ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും 74 ട്രയിനുകൾ…
ഓരോ 20 മിനിറ്റിലും ട്രയിനുകൾ…
രാത്രി പതിനൊന്ന് മണിക്ക് ശേഷം പുലർച്ചേ വരെ 6 വരെ നൂറ് കണക്കിന് ചരക്ക് ലോറികൾ കൊണ്ട് പോകാം…
വളരെ വേഗതയിൽ ചെറിയ സമയം കൊണ്ട് സഞ്ചാരം …
തിരുവനന്തപുരത്ത് നിന്ന് നിന്ന് എറണാകുളത്തേയ്ക്ക് വെറും ഒരു മണിക്കൂർ 40 മിനിറ്റിൽ യാത്ര…
പൂർണ്ണമായും പരിസ്ഥിതി സൗഹൃദം…
2000 മെട്രിക് ടൺ കാർബൺ അന്തരീക്ഷത്തിൻ കുറയ്ക്കാൻ കഴിയുന്നു…
സമയത്തിൻ്റെ വില ജനങ്ങൾ അറിയട്ടേ…
വികസന വിരോധം തിരിച്ചറിയട്ടേ…