ഗാന്ധി സമാധാന പുരസ്കാരം ഗോരഖ്‌പൂരിലെ ഗീതാ പ്രസ്സിനു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാന്ധിഹത്യയ്ക്ക് കാരണമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകർക്കുതന്നെ ഗാന്ധിയുടെ പേരിലുള്ള പുരസ്കാരം സമ്മാനിക്കാനുള്ള തീരുമാനം ഗാന്ധി സ്മരണയോടുള്ള അവഹേളനമാണ്. അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗീതാ പ്രസ്സിന്റെ സ്ഥാപകരായ ഹനുമാൻ പ്രസാദ് പൊദ്ദാറും ജയ് ദയാൽ ഗോയങ്കയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര നായകൻ മരണാനന്തരം നേരിട്ട ഈ അപമാനത്തിന്റെ ആഴമെത്രയെന്ന് മനസ്സിലാക്കാനാവുക.
മതവിശ്വാസത്തെ മാനവികതയോടു വിളക്കിച്ചേർത്ത മഹാത്മാഗാന്ധി തന്റെ സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലുടനീളം നിലകൊണ്ടത് മതസൗഹാർദത്തിനും സമാധാനത്തിനും വേണ്ടിയായിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന ഈ മൂല്യങ്ങളോടുള്ള ബിജെപി സർക്കാരിന്റെ കടുത്ത അവജ്ഞയാണ് ഗീതാ പ്രസ്സിന്റെ പുരസ്കാരലബ്ധിയിൽ പ്രതിഫലിക്കുന്നത്.
കേവലം ഭക്തിയുടെ പ്രചാരകർ ആയി ചിത്രീകരിക്കപ്പെടുന്ന ഗീതാ പ്രസ്സിനു സംഘപരിവാറുമായി ദീർഘമായ ബന്ധമാണുള്ളത്. മാനവികതയിലും സാഹോദര്യത്തിലും ഊന്നുന്ന ഗാന്ധിയൻ ഹിന്ദു സങ്കല്പത്തോട് കടുത്ത വിയോജിപ്പാണ് പൊദ്ദാറും ഗോയങ്കയും ആദ്യകാലം മുതൽ തന്നെ പുലർത്തി വന്നിരുന്നത്. ജാതിവിവേചനങ്ങൾക്കെതിരെ ഗാന്ധി സ്വീകരിച്ച നിലപാടുകളോടും അവർക്ക് യോജിക്കാനായിരുന്നില്ല. സ്വാതന്ത്ര്യസമരഘട്ടത്തിലുയർന്നു വന്ന പുരോഗമന നവോത്ഥാന ആശയങ്ങളെ ഭീതിയോടെ നോക്കിക്കണ്ട ഗീത പ്രസ്സ് ഹിന്ദുമതത്തിന്റെ യാഥാസ്ഥിതിക വേരുകളെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ഉത്തരവാദിത്തമാണ് സനാതന ധർമ്മമെന്ന വ്യാജേന ഏറ്റെടുത്തത്. അതു ഗാന്ധിയൻ സനാതന ധർമ്മം മുന്നോട്ടു വച്ച മൂല്യങ്ങൾക്ക് തീർത്തും കടകവിരുദ്ധമായ നിലപാടായിരുന്നു.
ഇന്ത്യൻസമൂഹത്തിൽ ഗാന്ധിയ്ക്കുണ്ടായിരുന്ന അഭൗമമെന്ന് വിശേഷിപ്പിക്കാവുന്നത്ര ശക്തമായ സ്വാധീനം സംഘപരിവാറിന്റേയും അവരോടൊപ്പം നിലയുറപ്പിച്ച ഗീത പ്രസ്സിന്റേയും ഏറ്റവും പ്രധാന എതിരാളിയാക്കി അദ്ദേഹത്തെ മാറ്റിയിരുന്നു. ഗാന്ധിയുടെ കൊലപാതകം ഒരു ഭീകരവാദിയുടെ വൈകാരികമായ വെറും എടുത്തുചാട്ടത്തിന്റെ ഫലമായിരുന്നില്ല, മറിച്ച്, ഒരു പ്രത്യയശാസ്ത്രം അതിനുമുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രതിബന്ധത്തെ മറികടക്കാൻ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു കുറ്റകൃത്യമായിരുന്നു.
ഗാന്ധിയുടെ വധത്തിനു ശേഷം ആർ.എസ്.എസ് നേരിട്ട തിരിച്ചടികളിൽ അവർക്കൊപ്പം നിൽക്കാനായിരുന്നു ഗീത പ്രസ്സും ഹനുമാൻ പ്രസാദ് പൊഡ്ഡാറും തീരുമാനിച്ചത്. നിരോധിക്കപ്പെട്ട ആർ.എസ്.എസിനെ വെളുപ്പിച്ചെടുക്കാൻ പൊഡ്ഡാർ സജീവമായി നിലകൊണ്ടു. 1948ൽ പൊഡ്ഡാറും ഗോയങ്കയും ഗാന്ധിവധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോൾ ജിഡി ബിർള പ്രതികരിച്ചത് ‘അവർ രണ്ടുപേരും സനാതന ധർമ്മമല്ല, പകരം,
ചെകുത്താന്റെ ധർമ്മമാണ്’ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു. അത്തരത്തിൽ വർഗീയതയുടേയും മതയാഥാസ്ഥിതികതയുടേയും അപ്പോസ്തലനായി നിലകൊണ്ട ഒരു പ്രസ്ഥാനത്തെയാണ് അവയെ നഖശിഖാന്തം എതിർത്തതിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽപരം വലിയ അപമാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകനെ തേടിയെത്താനില്ല.
ഇന്ത്യയുടെ സാമൂഹ്യവും സാംസ്കാരികവുമായ മുന്നേറ്റത്തിനു ഗീത പ്രസ്സ് സ്തുത്യർഹമായ രീതിയിൽ വഴിതെളിച്ചു എന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. ജാതീയതയുടേയും അസഹിഷ്ണുതയിലൂന്നിയ മതയാഥാസ്ഥിതികതയുടേയും അടിയുറച്ച ഈ പ്രചാരകർ സാമൂഹ്യമുന്നേറ്റത്തിനല്ല വഴിതെളിച്ചത്. പകരം അവരുടെ ഇടപെടൽ സംഘപരിവാറെന്ന ഹിന്ദുത്വ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കാണ് വെള്ളവും വളവും നൽകിയത്. അതിനുള്ള നന്ദിപ്രകടനം കൂടിയായി മാറുകയാണ് ഇത്തവണത്തെ ഗാന്ധി സമാധാന സമ്മാനം.
വളരെ ഗൗരവത്തോടെ കാണേണ്ട ഈ വിഷയത്തെ കേരളത്തിലെ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്തില്ല എന്നത് ദൗർഭാഗ്യകരമാണ്. മാധ്യമങ്ങൾ സംഘപരിവാറിന്റെ കുഴലൂത്തുകാരാവുന്ന സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യം വ്യക്തമായ മറ്റൊരു സന്ദർഭം കൂടിയാണിത്. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരെന്നു ഊറ്റം കൊള്ളുന്നവരിൽ നിന്നും കാര്യമായ പ്രതിഷേധമൊന്നും ഇക്കാര്യത്തിൽ ഉണ്ടായില്ല. കോൺഗ്രസ്സ് ദേശീയ നേതൃത്വവും പ്രതിഷേധം പരസ്യപ്രസ്താവനകളിൽ ഒതുക്കി. അതിൽ അദ്ഭുതപ്പെടേണ്ടതില്ല.
ഹനുമാൻ പ്രസാദ് പൊദ്ദറിനെ ആദരിക്കാൻ 1992ൽ തപാൽ സ്റ്റാമ്പ് അടിച്ചിറക്കിയത് പിവി നരസിംഹ റാവു നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാരായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതും സംഘപരിവാർ മുൻപൊന്നുമില്ലാത്ത വിധം മൃഗീയമായ രാഷ്ട്രീയ ശക്തിയാർജ്ജിച്ചതും അതേ സർക്കാരിന്റെ കാലത്താണ് എന്നത് യാദൃച്ഛികമല്ല. ഹിന്ദുത്വ വർഗീയതയോട് കോൺഗ്രസ് പുലർത്തിവരുന്ന സൗഹൃദമനോഭാവത്തിന്റെ പരിണതഫലം കൂടിയാണ് ഇത്തവണത്തെ ഗാന്ധി സമാധാന സമ്മാനമെന്നതാണ് യാഥാർത്ഥ്യം.
ബിജെപിയുടെയും ആർ.എസ്.എസിന്റെയും വാഴ്ചയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ രാഷ്ട്രീയം എവിടെയെത്തി നിൽക്കുന്നു എന്നത് ഈ സംഭവം വ്യക്തമാക്കുന്നു. അവർ തങ്ങൾക്കാവശ്യമായ ചരിത്രം നിർമ്മിച്ചെടുക്കുകയും അതു ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയെന്ന ലോകമാദരിക്കുന്ന രാഷ്ട്രീയ വ്യക്തിത്വത്തെപ്പോലും അപമാനിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യ ഒരു യാഥാസ്ഥിതിക ഹിന്ദുരാഷ്ട്രമാണെന്ന വ്യാഖ്യാനം കൂടി ഗാന്ധി പുരസ്കാരത്തിനവർ നൽകുകയാണ്. ഇതിനെതിരെ സുശക്തമായ പ്രതിരോധമുയർത്തുക എന്നതാണ് ജനാധിപത്യമതേതര രാഷ്ട്രീയത്തിന്റെ ഇന്നത്തെ ഏറ്റവും പ്രധാന കടമ. സംഘടിത മുന്നേറ്റങ്ങൾ സംഘപരിവാറിന്റെ വർഗീയ ഫാസിസത്തിനെതിരെ ഉയർന്നു വരണം. ആ മുന്നേറ്റങ്ങളിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സാധ്യമാകണം. ഗീത പ്രസ്സിന്റെ ഗാന്ധി പുരസ്കാര ലബ്ധി ഒരു താക്കീതാണ്. കൂടുതൽ ആർജ്ജവത്തോടെ സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് അതു നമ്മെ ഓർമ്മിപ്പിക്കുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുത്ത്, ജനാധിപത്യ മതേതര ഇന്ത്യയുടെ മൂല്യങ്ങൾ കാക്കുമെന്ന് ഉറപ്പിച്ച്, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം