വർഷകാലത്ത് വെള്ളപ്പൊക്കമുണ്ടാകും; വേനൽക്കാലത്ത് വരൾച്ചയും. അതുപോലെയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പു കാലത്ത് ഏക സിവിൽകോഡ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി നേതാക്കൾ ഏറ്റവുമധികം പ്രസംഗിച്ചത് ഏക സിവിൽ കോഡിനെക്കുറിച്ചായിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലും ഇതുതന്നെ കേട്ടു. ബിജെപി അധികാരത്തിൽ വന്നു. പക്ഷെ ഏക സിവിൽ നിയമം ഇതുവരെ നടപ്പിലാക്കിയില്ല. ദേശീയതലത്തിൽ ഈ നിയമം നടപ്പിലാക്കാൻ പ്രതിബന്ധങ്ങൾ നിരവധിയുണ്ട്. ബിജെപിയുടെ പല സഖ്യകക്ഷികളും ഗോത്രവിഭാഗങ്ങളും ശക്തമായ എതിർപ്പുമായി രംഗത്തു വരും. വിഭജന രാഷ്ടീയത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ് നടപ്പിലാക്കാനാണ് ശ്രമം. ഇതിനും നിയമതടസ്സമുണ്ട്. പക്ഷെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ ഇത് ബിജെപിക്ക് ചൂടേറിയ പ്രചാരണവിഷയമാക്കണം.
രാജ്യത്ത് ഗോവയിൽ മാത്രമാണ് ഏക സിവിൽനിയമം നിലവിലുള്ളത്. അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. ഗോവ 1961 വരെ പോർച്ചുഗീസ് കോളനിയായിരുന്നു. ഇന്ത്യയോട് ചേർക്കുമ്പോൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നത് ഏക സിവിൽ നിയമമായിരുന്നു. അത് അതേപടി തുടരുകയാണ്. അന്ന് വർഗീയ ലക്ഷ്യങ്ങളോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ തികച്ചും വിഭിന്നമാണ്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം പിൻവലിക്കൽ എന്നിവയ്ക്കൊപ്പമുളള സംഘപരിവാറിന്റെ അജൻഡകളിലൊന്നാണ് ഏക സിവിൽ കോഡ്. ഒരു മതനിരപേക്ഷ രാജ്യത്ത് എല്ലാവർക്കും ഒരേ ക്രിമിനൽ നിയമം ആകാമെങ്കിൽ എന്തുകൊണ്ട് ഒരു സിവിൽ നിയമം ആയിക്കൂടാ എന്നതാണ് ചോദ്യം. സ്വാഭാവികമായ സംശയമാണിത്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഭരണഘടനാ ശിൽപ്പികൾ ഏക സിവിൽ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് മതനിരപേക്ഷ സർക്കാരായിരുന്നെങ്കിൽ ഇന്ന് ഭരിക്കുന്നത് ചോരക്കറ പുരണ്ട വർഗീയ സർക്കാരാണ്.
പരിഷ്കരണ നിയമങ്ങളെ എതിർത്തത് ആർഎസ്എസ്
ഏക സിവിൽ നിയമം നടപ്പിലാക്കാനാകാത്ത സാഹചര്യത്തിന് ഇന്ത്യയിൽ ഊടും പാവും നൽകിയത് "ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം പയറ്റിയ ബ്രിട്ടീഷുകാർ തന്നെയായിരുന്നു. ഭരണഘടനാ കരട് തയ്യാറാക്കൽ സമിതിയിൽ ഏക സിവിൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മണിക്കൂറുകളോളം ചർച്ച നടന്നു. സമവായം ഉണ്ടാക്കാനാകാതായപ്പോൾ ഈ വിഷയം 44–-ാം അനുച്ഛേദത്തിനകത്തെ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തി. ഇതിന്റെ തുടർച്ചയായാണ് വ്യക്തിനിയമങ്ങൾ പുരോഗമന പരമായി നവീകരിക്കാൻ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ആദ്യ നിയമമന്ത്രി ഡോ. ബി ആർ അംബേദ്‌കറും തീരുമാനിച്ചത്. ബഹുഭാര്യാത്വം അവസാനിപ്പിക്കുക, പിതാവിന്റെ സ്വത്തിൽ മകനോടൊപ്പം ഭാര്യക്കും മകൾക്കും തുല്യ അവകാശം നൽകുക, വിവാഹമോചനം നടക്കുമ്പോൾ സ്‌ത്രീക്ക് നീതി ഉറപ്പ് വരുത്തുക എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ഹിന്ദു കോഡ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ബില്ലിനെതിര പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത് ആർഎസ്എസ് ആയിരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് ഹിന്ദുക്കൾ പിന്തുടരേണ്ടത് ധർമശാസ്‌ത്രങ്ങളാണെന്നായിരുന്നു സംഘപരിവാർ നിലപാട്.
1949ൽ ആർഎസ്എസ് മുൻകൈയെടുത്ത് അഖിലേന്ത്യ ഹിന്ദു കോഡ് ബിൽ വിരുദ്ധസമിതി രൂപീകരിച്ചു. ദ്വാരക ശങ്കരാചാര്യർ മുതൽ സ്വാമി കർപാത്രിജി മഹാരാജ് വരെയുളള സന്യാസികളും ശ്യാമപ്രസാദ് മുഖർജി ഉൾപ്പെടെയുളള ജനസംഘം നേതാക്കളെയും അണിനിരത്തി നിയമത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. 1949 ഡിസംബർ 11ന് ഡൽഹി രാംലീലാ മൈതാനിയിൽ ആർഎസ്എസ് സംഘടിപ്പിച്ച റാലിയിൽ ഹിന്ദുക്കൾക്കുമേൽ പതിക്കാൻ പോകുന്ന “ആറ്റംബോബ്” എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്. സമരത്തിന്റെ നേതൃസ്ഥാനത്ത് ശ്യാമപ്രസാദ് മുഖർജി അവരോധിച്ചത് കർപാത്രിജി മഹാരാജിനെയായിരുന്നു. അംബേദ്‌കറുടെ ജാതിയായിരുന്നു കർപാത്രിജിയുടെ പ്രധാനപ്രശ്നം. ബ്രാഹ്മണരുടെ കാര്യങ്ങൾ തീരുമാനിക്കാൻ പഴയ തൊട്ടുകൂടാത്തവന് എന്താണ് അവകാശം എന്നുവരെ കർപാത്രിജി ചോദിച്ചു. ഹിന്ദുസംഘടനകളെ മുഴുവൻ സജ്ജമാക്കിയത് സംഘപരിവാറുകാർ ദിനവും പ്രകീർത്തിക്കുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു.
കോൺഗ്രസിലെ ഹിന്ദുത്വ ലോബിക്കും എതിരഭിപ്രായം ഉണ്ടായിരുന്നു. വല്ലഭ് ഭായ്‌പട്ടേലും ഡോ. രാജേന്ദ്രപ്രസാദുമെല്ലാം ബില്ലിനെ എതിർത്തു. ബിൽ പാസാക്കിയെടുക്കാനുള്ള നടപടികൾ ഇഴഞ്ഞു തുടങ്ങി. ഡോ. അംബേദ്‌കർ നെഹ്റുവിന്റെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് രാജിവച്ചു. കമ്യൂണിസ്റ്റുകാരും ശക്തമായി രംഗത്ത് വന്നു. 1955,1956 വർഷങ്ങളിലായി ജനസംഘത്തിന്റെ പ്രതിഷേധങ്ങൾക്കിടയിൽ ഹിന്ദുവിവാഹ നിയമം, ഹിന്ദുപിന്തുടർച്ചാവകാശ നിയമം, ദത്തെടുക്കൽ നിയമം തുടങ്ങിയവ പാർലമെന്റ് പാസാക്കി. കർപാത്രിജിയുടെ നയമാണ് നടപ്പിലായിരുന്നതെങ്കിൽ ഇന്നത്തെ ഇന്ത്യയുടെ ചിത്രം എന്താകുമായിരുന്നു.
ഷാബാനുബീഗം കേസ്
1985ലാണ് ഷാബാനുബീഗം കേസിലെ വിധിവന്നത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയും 62 കാരിയുമായിരുന്ന ഷാബാനു ബീഗം ഭർത്താവ് അഹമ്മദ് ഖാൻ മൊഴിചൊല്ലിയതിനെ തുടർന്ന് ജീവനാംശം തേടി സുപ്രീംകോടതിയിലെത്തി. അഹമ്മദ് ഖാൻ മാസം തോറും 500 രൂപ വീതം ജീവനാംശം നൽകണമെന്ന് വിധിച്ചു. വിധി ശരീഅത്ത് വ്യവസ്ഥകൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകൾ തെരുവിലിറങ്ങി. മുസ്ലിം വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്നു മാത്രം ആശങ്കപ്പെട്ട രാജീവ് ഗാന്ധി കോടതി വിധിയെ മറികടക്കാനായി 1986 ൽ മുസ്ലിം വനിതാ സംരക്ഷണ നിയമം കൊണ്ടുവന്നു. അതോടെ ഷാബാനു കേസിലെ വിധി അപ്രസക്തമായി. രാജീവ് ഗാന്ധി മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ശക്തമായതോടെ ഹിന്ദുവോട്ട് ബാങ്കിനെ ഒപ്പം നിർത്താനായുള്ള തത്രപ്പാടായി. ഉപജാപക സംഘത്തിന്റെ ഉപദേശം സ്വീകരിച്ച രാജീവ് ബാബ്‌റി മസ്ജിദിന്റെ താഴുകൾ തുറന്നു കൊടുത്താണ് ഹിന്ദുപ്രീണനം നടത്തിയത്.
രാജീവ് ഗാന്ധി ഷാബാനു ബീഗത്തെ രഹസ്യമായി വിളിപ്പിച്ചു. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ സുപ്രീംകോടതി വിധിയെ തള്ളിപ്പറയണമെന്ന് ആവശ്യപ്പെട്ടു. ഇതേ സമയത്തുതന്നെ ബീഗത്തിന്റെ വീട്ടിലേക്ക് മുസ്ലിം സംഘടനകളുടെ പ്രകടനവും കല്ലേറും നടന്നു. പിടിച്ചുനിൽക്കാനാകാതെ ബീഗം സുപ്രീംകോടതി വിധിയെ തള്ളിപ്പറഞ്ഞു. രോഗങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കീഴടങ്ങിയ ഷാബാനു ബീഗം1992 ൽ മരിച്ചു.
ബംഗാളിൽ ഒരു വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നമായിരുന്നു നന്ദിഗ്രാമിലേത്. എന്നാൽ അവിടുത്തെ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നത്തെ വർഗീയവൽക്കരിക്കുന്നതിൽ അന്ന് കോൺഗ്രസും ബിജെപിയും തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും ജമാഅത്ത് ഇ ഉലമയും കൈകോർത്തു. ബംഗാളിൽ ഇപ്പോൾ വ്യവസായവുമില്ല; തൊഴിലുമില്ല. ഇടയ്‌ക്കിടെ വർഗീയകലാപങ്ങൾ ഉണ്ടാകും. ഇതെല്ലാം മുതലെടുത്ത് രാജ്യത്ത് വളർന്നത് ബിജെപിയും പോപ്പുലർഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുടെ എഐഎഐഎമ്മുമായിരുന്നു. മുസ്ലിം സമുദായത്തിനിടയിലെ പുരോഗമനവാദികൾ എന്നറിയപ്പെട്ടിരുന്ന ആരിഫ് മൊഹമ്മദ്ഖാൻ, എം ജെ അക്ബർ തുടങ്ങിയവർക്ക് താൽപ്പര്യം അധികാരത്തോടായിരുന്നു. നട്ടെല്ല് പണയംവച്ച് അവർ സംഘപരിവാറിന്റെ വക്താക്കളായി മാറി. എം ജെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനവും ആരിഫ് മൊഹമ്മദ് ഖാന് ഗവർണർ പദവിയും ലഭിച്ചു.
ലക്ഷ്യം ബ്രാഹ്മണാധിപത്യം
രാജ്യത്ത് ഏകീകൃത ക്രിമിനൽ നിയമമുണ്ട്. ആ ക്രിമിനൽ നിയമം നടപ്പിലാക്കുമ്പോൾ പണ്ടുമുതൽക്കേ ജാതീയവും മതപരവുമായ വിവേചനം നിലനിൽക്കുന്നുണ്ട്. എന്നാൽ മുമ്പൊന്നും ഇല്ലാത്തവിധം ഈ വിവേചനം ഇന്ന് പരസ്യമാണ്. ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളായ സംഘപരിവാർ നേതാവ് അസീമാനന്ദ ഉ, ൾപ്പെടെയുള്ളവരെയെല്ലാം കോടതി വെറുതെവിട്ടു. മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ് താക്കൂർ ജാമ്യത്തിലിറങ്ങുക മാത്രമല്ല, ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനാകട്ടെ സുപ്രീംകോടതി ജാമ്യം നൽകിയിട്ടും ഇഡി കേസിൽ ലക്നൗ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇപ്പോഴും ജയിലിലാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രൊഫ.ജി എൻ സായ്ബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീംകോടതി തൊട്ടടുത്ത ദിവസം സ്‌റ്റേ ചെയ്തത്. ഈ തിടുക്കം സമാനമായ മറ്റ് കേസുകളിൽ കാണാനില്ല. ഗുജറാത്ത് കലാപസമയത്ത് സംഘപരിവാറുകാർ ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽത്സംഗം ചെയ്തകേസിൽ കോടതി ശിക്ഷിച്ച 11 കൊടുംകുറ്റവാളികളെ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികമെന്ന കാരണം പറഞ്ഞ് ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയതിന് രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സംഭവമാണ്.
ആ കുറ്റവാളികൾക്ക് ആർഎസ്എസ് സ്വീകരണം ഒരുക്കി. പ്രമുഖ ബിജെപി നേതാവും ഗോധ്ര എംഎൽഎയുമായ സി കെ രോൾജി ആ കുറ്റവാളികളെ മോചിപ്പിക്കാൻ സർക്കാരിനോട് ശുപാർശചെയ്ത അഞ്ചംഗ സമിതിയിൽ അംഗമായിരുന്നു. എന്തിന് ഈ കൊടും ക്രിമിനലുകളെ ജയിലിൽനിന്ന് മോചിപ്പിച്ചു എന്ന ചോദ്യത്തിന് സി കെ രോൾജി നൽകിയ മറുപടി ഇതായിരുന്നു. "പ്രതികളിൽ ചിലർ ബ്രാഹ്മണരാണ്. നല്ല സംസ്‌കാരമുള്ളവരാണ് അതുകൊണ്ടാണ് മോചിപ്പിച്ചത്’. സിവിൽ നിയമമായാലും ക്രിമിനൽ നിയമമായാലും ആർഎസ്എസ് വിഭാവനം ചെയ്യുന്നത് രോൾജി പറഞ്ഞതുപോലുള്ള ബ്രാഹ്മണാധിപത്യമാണ്. അതിലേക്കുള്ള ചുവടുവയ്‌പ്പാണ് ഏക സിവിൽ കോഡ്.