രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ കൊലപാതകനിരക്ക് കേരളത്തിലാണെന്ന്‌ ആഭ്യന്തരമന്ത്രാലയം

രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ കൊലപാതകനിരക്ക് കേരളത്തിലാണെന്ന്‌ ആഭ്യന്തരമന്ത്രാലയം. ഏറ്റവും ഉയർന്ന കൊലപാതകനിരക്ക്‌ ജാർഖണ്ഡിലും ഹരിയാനയിലുമാണ്‌. കേരളത്തിൽ 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 337 കൊലപാതകമാണ്‌. കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ ഹരിയാനയിൽ 1,112 പേരാണ് കൊല്ലപ്പെട്ടത്‌. രാജ്യസഭയിൽ വി ശിവദാസൻ എംപിയ്‌ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം കണക്കുകൾ വ്യക്തമാക്കിയത്.

ലക്ഷം പേരിൽ എത്ര കൊലപാതകം നടന്നുവെന്നതാണ്‌ കൊലപാതക നിരക്ക്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ പുതിയ കണക്ക്പ്രകാരം കേരളത്തിൽ ഇത്‌ 0.9 ആണ്‌. ഒന്നിൽ താഴെ കൊലപാതകനിരക്കുള്ള ഏക സംസ്ഥാനം കേരളമാണ്‌. ഝാർഖണ്ഡിൽ 4.1, ഹരിയാനയിൽ 3.8 വീതമാണ്‌ ഈ നിരക്ക്‌.

ദശലക്ഷം പേരിൽ എന്ന അനുപാതം എടുത്താൽ കേരളം (ഒൻപത്‌), ആന്ധ്രാപ്രദേശ് (18), അരുണാചൽ പ്രദേശ് (32), അസം (34), ബീഹാർ (23), ഛത്തീസ്‌ഗഢ് (34), ഗോവ (17), ഗുജറാത്ത് (14), ഹരിയാന (38), ഹിമാചൽ പ്രദേശ് (12), ജാർഖണ്ഡ് (41), കർണാടകം (20), മധ്യപ്രദേശ് (24), മഹാരാഷ്ട്ര (19 ), മണിപ്പുർ (15 ), മേഘാലയ (24 ), മിസോറം (20), നാഗാലാ‌ൻഡ് (12), ഒഡിഷ (30), പഞ്ചാബ് (24), രാജസ്ഥാൻ (22), സിക്കിം (21), തമിഴ്നാട് (22), തെലങ്കാന (27) , ത്രിപുര (30), ഉത്തർപ്രദേശ് (16), ഉത്തരാഖണ്ഡ് (18), പശ്ചിമബംഗാൾ (19) എന്നിങ്ങനെയാണ് നിരക്ക്‌. കേരളം സുരക്ഷിതമല്ലെന്ന വ്യാജപ്രചാരണത്തിന്റെ മുഖത്തടിക്കുന്ന മറുപടിയാണിതെന്ന്‌ വി ശിവദാസൻ പറഞ്ഞു.

AU3734.pdf (515.6 KB)