മൗനം വെടിയാത്ത മോദിക്കെതിരെ പ്രതികരണം

മണിപ്പൂർ വിഷയത്തിപ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രമസമാധാനനില പൂർണമായും തകർത്ത് വർ​ഗീയ അക്രമം അഴിച്ചുവിടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഏക സിവിൽ കോഡിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കിയും മതവികാരം ആളിക്കത്തിച്ചും വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് മോദിയുടെ ലക്ഷ്യം. പട്നയിൽ ചേർന്ന പ്രതിപക്ഷ യോ​ഗം മോദിയെ പരിഭ്രാന്തനാക്കിയെന്നും മണിപ്പുർ കത്തുമ്പോഴും അദ്ദേഹം തിരിഞ്ഞുപ്പോലും നോക്കിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു
“ഒരു രാജ്യത്തിന് രണ്ട് നിയമങ്ങൾ പാടില്ലെന്നാണ് മോദി പറയുന്നത്, മതം ഉപയോഗിച്ച് അശാന്തിയുണ്ടാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് വിജയിക്കാമെന്നാണ് മോദി കരുതുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തയ്യാറാണെന്നും” കൂട്ടിച്ചേർത്തു.
“യുസിസി ആദ്യം ഹിന്ദു മതത്തിനുള്ളിൽ നടപ്പിലാക്കണം,ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം നൽകിയതിനാൽ ഞങ്ങൾക്ക് യുസിസി ആവശ്യമില്ല.” - എന്ന് യു സി സി ക്കെതിരെ ഡിഎംകെ പ്രതികരിച്ചിരുന്നു.
#കേന്ദ്ര സർക്കാരിനെതിരെ ദേശീയ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതിലുള്ള പേടിയിലാണ് മോദി ഇക്കാര്യങ്ങൾ പ്രതികരിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. കഴിഞ്ഞ 50 ദിവസമായി അക്രമം നേരിടുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാത്തതിൽ പ്രധാനമന്ത്രി മോദി വിശദീകരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കത്തിന്റെ പൂര്‍ണരൂപം ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ ജനങ്ങള്‍ക്കോ അവിടുത്തെ എം എല്‍എ മാര്‍ക്കോ വേണ്ടി സമയം കണ്ടെത്താന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.കൂടാതെ മണിപ്പൂരില്‍ പ്രശ്നം തുടരുന്ന സാഹചര്യത്തിലും അമേരിക്കയിലേക്ക് പോകുന്ന പ്രധാന മന്ത്രിയുടെ തീരുമാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.