ഏക സിവിൽ കോഡ് -പ്രതികരണം

ഏക സിവിൽ കോഡ് ഫാസിസത്തിലേക്കുള്ള നിർണായകമായ ചുവടുവയ്പാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ വൈവിധ്യത്തെ ഏക സിവിൽ കോഡ് അംഗീകരിക്കുന്നില്ല.
വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും ഹിന്ദു അല്ല നരേന്ദ്ര മോഡിയുടേത്. അത് ‘ഹിന്ദുത്വ’ ആണ്. സംഘടിതമായൊരു വിഭാഗം ഭരണത്തിലേക്കെത്താൻ മതത്തെ ഉപയോഗിക്കുന്ന പ്രക്രിയയാണ് വർഗീയത. ഹിന്ദുത്വ വർഗീയത ഫാസിസത്തിലൂടെയേ നടപ്പാക്കാനാകൂ. ജനാധിപത്യത്തിലൂടെ നടപ്പാക്കാനാകില്ല. ഇന്ത്യയുടെ മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാൻ വലിയ പോരാട്ടങ്ങളിലേക്ക് പോകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പറയുന്നത് ഇതിന്റെ ഭാഗമാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. വ്യക്തി നിയമങ്ങളിൽ ഭരണകൂടം ഇടപെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അറിഞ്ഞാണ് ഈ നീക്കം. മണിപ്പുർ കേരളത്തിനും പാഠമാകണം. ജനങ്ങളിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആർഎസ്എസ് അജൻഡയാണ് മണിപ്പുരിലെ കലാപത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫ് സിറ്റി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു എളമരം കരീം.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ ടി പി ദാസൻ, പി ഗവാസ്, സൂര്യനാരായണൻ, വി കുഞ്ഞാലി, കെ കെ അബ്ദുള്ള,​ ഗോപാലൻ, കെ എം പോൾസൺ, സി എച്ച് ഹനീഫ എന്നിവർ സംസാരിച്ചു.

മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാനും വർഗീയ ധ്രുവീകരണം തീവ്രമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്‌ സംഘപരിവാർ ഏക സിവിൽ കോഡ്‌ ചർച്ച സജീവമാക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഏക സിവിൽ കോഡ്‌ ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്ന്‌ 21–-ാം നിയമ കമീഷൻ വ്യക്തമാക്കി. ഈ നിലപാട്‌ ശരിവയ്‌ക്കുന്നതായി സിപിഐ എം പിബി അറിയിച്ചിരുന്നു.
ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല ഏക സിവിൽ കോഡ്‌. രാജ്യത്ത്‌ ഒറ്റ ക്രിമിനൽ നിയമവും സിവിൽ നിയമവുമെന്നത്‌ ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്‌ത വിഷയമാണ്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും വ്യത്യസ്‌ത ആചാരങ്ങളുണ്ട്‌. എല്ലാവരെയും ബോധ്യപ്പെടുത്തിയാകണം ഏക സിവിൽ നിയമത്തിനായി ശ്രമിക്കേണ്ടത്‌. സ്‌ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിച്ച്‌ തുല്യത ഉറപ്പാക്കാൻ വ്യക്തിനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. സമവായത്തിലൂടെ ഏക സിവിൽ കോഡിലേക്ക്‌ എത്തിച്ചേരാനായാൽ നല്ലതാണ്‌. അതുകൊണ്ടാണ്‌ അത്‌ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌.
കുറുക്കുവഴിയിലൂടെ ഏക സിവിൽ കോഡിനായി ശ്രമിക്കുന്നത്‌ വർഗീയ,രാഷ്ട്രീയ ലക്ഷ്യത്തൊടെയാണ്‌. ഹിന്ദുസമുദായത്തിന് പൊതു സിവിൽ നിയമത്തിനായി നെഹ്‌റുവും അംബേദ്‌കറും മറ്റും ശ്രമിച്ചതാണ്. അതിനെ നഖശിഖാന്തം എതിർത്തത്‌ ആർഎസ്‌എസാണ്‌. 1949 ഡിസംബർ 11ന്‌ രാംലീല മൈതാനിയിൽ ഹിന്ദു കോഡിനെതിരെ ശ്യാമപ്രസാദ്‌ മുഖർജിയും മറ്റും ചേര്‍ന്ന് വൻ റാലി സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുരാഷ്ട്രമെന്ന ആശയം മുന്നോട്ടുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്നതെന്ന്‌ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെൻ. ‘ഏക സിവിൽ കോഡെന്ന ആശയം ഏറെ പഴയതും സങ്കീർണവുമാണ്‌. നമ്മുക്കിടയിൽ പലതരത്തിലുള്ള വ്യത്യാസങ്ങളുണ്ട്‌. മതങ്ങളുടെ കാര്യത്തിലും ആചാരങ്ങളുടെ കാര്യത്തിലുമെല്ലാം വ്യത്യാസങ്ങളുണ്ട്‌. ആയിരക്കണക്കിന്‌ കൊല്ലങ്ങൾ നമ്മൾ ഏക സിവിൽ കോഡ്‌ ഇല്ലാതെ കഴിഞ്ഞു. അതില്ലാതെ ഭാവിയിലും ജീവിക്കാനാകും. ഹിന്ദുരാഷ്ട്രം മാത്രമാണ്‌ പുരോഗതിയിലേക്കുള്ള പാതയെന്ന അവകാശവാദം പൂർണമായും തെറ്റാണ്‌.’–- ശാന്തിനികേതനിലെ വീട്ടിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അമർത്യ സെൻ.
ഏക സിവിൽ കോഡ് സെമിനാറിൽ മതവർഗീയവാദികളെയും വ്യക്തമായ നിലപാട് ഇല്ലാത്ത കോൺഗ്രസിനെയും പങ്കെടുപ്പിക്കാൻ കഴിയില്ല
https://youtu.be/LXRudq1jJhQ.

യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ ഒറ്റക്കെട്ടായ ഒരു അഭിപ്രായരൂപീകരണം പോലും കോൺഗ്രസിൽ സാധ്യമാകുന്നില്ല.
സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു*