കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ ശ്രമങ്ങൾ നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പങ്കുവെക്കുന്ന പുതിയ പുസ്തകവുമായി തോമസ് ഐസക്. The CIA and Toppling of the First Communist Ministry, Kerala എന്ന പുസ്തകത്തിന്റെ വിവരങ്ങൾ തോമസ് ഐസക് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. കേരള സർക്കാരിനെ നീക്കം ചെയ്യുന്നതിന് രഹസ്യമായ നടപടികൾ സ്വീകരിക്കുന്നതിന് എംബസിയെ സിഐഎ ചുമതലപ്പെടുത്തുന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുസ്തകത്തിലുണ്ട്. സിഐഎയുടെ അട്ടിമറി ശ്രമത്തെ സമബന്ധിച്ച ചില സുപ്രധാന രേഖകളും പുതിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് കുറിച്ചു. ന്യൂയോർക്കിലെ മന്ത്ലി റിവ്യൂ പ്രസ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.
തോമസ് ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ
അങ്ങനെ ഒരു പുസ്തകവുംകൂടി പൂർത്തിയായി. ന്യൂയോർക്കിലെ മന്ത്ലി റിവ്യൂ പ്രസുമായി (Monthly Review Press) പ്രസിദ്ധീകരണത്തിനു കരാർ ഒപ്പുവച്ചിട്ടുണ്ട്. അവർ പറഞ്ഞതിനേക്കാൾ മൂന്ന് മാസം വൈകി. ഏതായാലും കഴിഞ്ഞ നാല് മാസമായിട്ടുള്ള പണിക്കു വിരാമമായി. പുസ്തകത്തിന്റെ പേര് - “The CIA and Toppling of the First Communist Ministry, Kerala”. ഇത് ഞാൻ 2008-ൽ എഴുതിയ വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകത്തിന്റെ തർജ്ജിമ അല്ല. തികച്ചും പുതിയ പ്രതിപാദനമാണ്. റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്നാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഇനി പണി പ്രസാധകരുടെ എഡിറ്റേഴ്സിനാണ്. അവരുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ട പണിയേ ഞങ്ങൾക്കുള്ളൂ.2007-ലെ അമേരിക്കൻ സന്ദർശനവേളയിൽ ലഭിക്കാത്ത ചില സുപ്രധാന രേഖകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നുള്ളതാണ് ഈ പുസ്തകത്തിലെ ശ്രദ്ധേയമായ കാര്യം. ഇതിലേറ്റവും പ്രധാനം 1957 ജൂലൈ 3-ന് “Operations Coordinating Board” തയ്യാറാക്കിയ രേഖയാണ്. 2007-ൽ ഈ രേഖയിൽ ചില പ്രധാനപ്പെട്ട ഭാഗങ്ങൾ മറച്ചുവച്ചിരിക്കുകയായിരുന്നു. അതിന് അന്ന് അമേരിക്കൻ നിയമപ്രകാരമുള്ള അപ്പീൽ നൽകിയശേഷമാണ് ഞാൻ മടങ്ങിയത്. 2013-ൽ ഇങ്ങനെ മറച്ചുവയ്ക്കപ്പെട്ട ഏതാണ്ട് 5 പേജ് വരുന്നതിൽ 3 പേജ് റിലീസ് ചെയ്തു. അതുപ്രകാരം കേരളത്തിലെ 1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ എത്രയും വേഗം നീക്കം ചെയ്യുന്നതിന് അമേരിക്കൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
“…… the present Communist Government in Kerala fail to achieve any further successes which might enhance its prestige, and that it be removed from power with the least possible delay. To this end, any attempts by the Congress Party or the Government of India to undermine and bring about the fall of the Kerala Communists should receive encouragement and to the extent practicable, assistance from the United States.” ഈ രേഖയിൽ നിന്ന് ഒരു പേജ് ചിത്രത്തിൽ നൽകിയിരിക്കുന്നു.ഇങ്ങനെ കേരള സർക്കാരിനെ നീക്കം ചെയ്യുന്നതിന് രഹസ്യമായ നടപടികൾ “discreet assistance, including that of a covert nature” സ്വീകരിക്കുന്നതിന് എംബസിയെ അധികാരപ്പെടുത്തുന്നുണ്ട്. ആദ്യമായിട്ടാണ് സിഐഎയുടെ നേരിട്ടുള്ള ഇത്തരമൊരു നിർദ്ദേശം വെളിച്ചം കാണുന്നത്. ഇപ്പോഴും വെളിച്ചം കാണാത്ത 2 പേജിൽ വേറെ എന്തുണ്ടെന്ന് ഊഹിക്കുകയേ നിർവ്വാഹമുള്ളൂ. ഇതുപോലെ സിഐഎയുടെ ഒട്ടനവധി ഇടപെടലുകളെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില രേഖകൾ ഇപ്പോഴും പൂർണ്ണമായും തമസ്കരിച്ചിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനം കാൻസാസിലെ ഐസനോവർ ആർക്കേവ്സിലെ 1001-ാം ഫയൽ ബോക്സാണ്. ഇത്തരമൊരു രേഖാസഞ്ചയം ഉണ്ടെന്നതു വളരെ വ്യക്തം.
“NSC Files, Continuity files maintained by the Intelligence Director of the National Security Council, Box 1001. Kerala Jul 1959 – 19 Aug 1959” എന്നു രേഖപ്പെടുത്തിയ ഫയൽ ബോക്സ് ഞങ്ങൾക്കു ലഭിച്ചു. പക്ഷേ, അതിൽ നിന്നും ഞങ്ങൾക്ക് ഒന്നും ഉണ്ടായിരുന്നില്ല. അവ പ്രത്യേക തീരുമാനപ്രകാരം പെട്ടിയിൽ നിന്നും മാറ്റി വേറെ സൂക്ഷിച്ചിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിച്ചത്. ഫയൽ ബോക്സിന്റെ ചിത്രം ചേർത്തിട്ടുണ്ട്. ഈ രേഖകൾ റിലീസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ തള്ളപ്പെട്ടു.പല സിഐഎ ഉദ്യോഗസ്ഥരും അവരുടെ കുറിപ്പുകളിലും പുസ്തകങ്ങളിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ സിഐഎയുടെ പങ്കിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാൽ നമ്മുടെ കേരളത്തിൽ ഇന്നും വിമോചനസമരം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാളികളുടെ മാത്രം ധീരകൃത്യമായിട്ടാണ് വിരുദ്ധന്മാർ പ്രചരിപ്പിക്കുന്നത്. പിന്നെ സിവിക് ചന്ദ്രനെയും രഘുവിനെയും പോലുള്ള മറ്റൊരു ചെറിയ സെറ്റുണ്ട്. അവർ ഈ സിഐഎ അട്ടിമറിയെ എന്തോ വലി
യ ജനാധിപത്യ സദ്കൃത്യമായിട്ടാണ് ഇപ്പോഴും കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ പുതിയ പുസ്തകത്തിന്റെ പ്രസക്തി.