“ചൈനീസ് എന്ന് കേൾക്കുമ്പോൾ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്” എന്ന ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിലെ വരിയിൽ തൂങ്ങിയാണ് ചിലർ ഇപ്പോൾ അഭ്യാസം കാണിക്കുന്നത്. ചൈനയിൽ നിന്നും കെ ഫോൺ കേബിൾ ഇറക്കുമതി ചെയ്തുവെന്ന് ഞാൻ സമ്മതിച്ചതായി ചിലർ പറയുന്നത് കേട്ടു. കെ ഫോൺ കേബിളുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു എന്ന് പോസ്റ്റിൽ എവിടെയാണ് പറഞ്ഞത്?
ഹരിയാനയിലെ ബാവലിൽ നിർമിക്കുന്ന എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകളാണ് കെ ഫോൺ കേബിളിനായി ഉപയോഗിച്ചതെന്ന് പോസ്റ്റിൽ വ്യക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയിൽ രെജിസ്റ്റർ ചെയ്ത കമ്പനിയാണ്. 25 വർഷത്തേക്ക് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ നിർമ്മിക്കാനുള്ള പെർഫോമൻസ് വാറന്റി സർട്ടിഫിക്കറ്റ് ഉള്ള കമ്പനിയാണിത്. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ ഫാക്ടറി ആക്സപ്റ്റൻസ് ടെസ്റ്റ് (FAT) എൽഎസ് കേബിൾ ഇന്ത്യയുടെ ഹരിയാനയിലെ ഫാക്ടറിയിൽ തന്നെയാണ് നടത്തിയത്. ഇത് KSEBL/ KSITIL ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടത്തിയതും.
കേബിൾ ഇന്ത്യയിൽ നിന്നുതന്നെ ലഭ്യമാക്കിയപ്പോൾ അതിലുള്ള ഒപ്റ്റിക്കൽ ഫൈബർ യൂണിറ്റാണ് ചൈനയിൽ നിന്നും ലഭ്യമാക്കിയത്.
ഒപ്റ്റിക്കൽ യൂണിറ്റ് ലഭ്യമാക്കിയത് ചൈനയിലെ Jiangsu Sterlite Tongguang Optical Fiber Co Ltd. ൽ നിന്നാണെന്ന് മുൻപത്തെ പോസ്റ്റിൽ പറഞ്ഞതിനെ കെ ഫോണിനായുള്ള കേബിൾ ചൈനയിൽ നിന്നും വാങ്ങി എന്നാണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നത്. കാര്യമറിയാതെ കേബിളും ഫൈബറും അസ്‌ഥാനത്ത് പ്രയോഗിച്ചാണ് ചിലരുടെ വിമർശനക്കസർത്ത്. ചിലരാകട്ടെ കാര്യമറിഞ്ഞിട്ടും ജനത്തെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള വ്യഗ്രതയിലാണ്.
ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ 29.08.2018 ന് ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലെ “മെയ്‌ക്ക് ഇൻ ഇന്ത്യ” മാനദണ്ഡ
പ്രകാരം ഒരു ഉൽപ്പന്നത്തിന്റെ 55 ശതമാനത്തിലധികം ഭാഗം ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്നാണ് വ്യവസ്ഥ.
ഇവിടെ പ്രൊഡക്റ്റിന്റെ 58 ശതമാനം ഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതിനാൽ ടെലികോം വകുപ്പിന്റെ മെയ്ക്ക് ഇൻ ഇന്ത്യ മാനദണ്ഡങ്ങൾ കെ ഫോൺ പദ്ധതിയിൽ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്. പ്രൊഡക്റ്റ് മെയ്ക്ക് ഇൻ ഇന്ത്യ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് 19-12-2019 ന് ചേർന്ന കെ ഫോൺ ടെക്നിക്കൽ കമ്മിറ്റിയും അംഗീകരിച്ചതാണ്. ഫൈബർ ഭാഗം മാത്രമാണ് ഇന്ത്യയ്ക്ക് പുറത്തുനിന്നും ലഭ്യമാക്കേണ്ടി വന്നത്. ഇത് മറച്ചുവെച്ചാണ് ചൈനീസ് കേബിൾ ഇന്ത്യയിൽ കൊണ്ടുവന്ന് എൽഎസ് കേബിളിന്റെ സ്റ്റിക്കർ ഒട്ടിച്ചുവെന്നൊക്കെ ചിലർ പ്രചരിപ്പിക്കുന്നത്.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വെണ്ടർമാരിൽ നിന്ന് അസംസ്കൃത വസ്തുക്കളോ ഉപ ഘടകങ്ങളോ വാങ്ങാൻ ബിഡ്ഡർമാർക്ക് കഴിയാത്ത സാഹചര്യം അന്നും ഇന്നും നിലവിലില്ല. 2017 ലെ ജനറൽ ഫിനാൻഷ്യൽ റൂൾസിലെ റൂൾ 144 (xi) വഴിയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങൾക്കും വ്യക്തതക്കുറവുകൾക്കും ക്ലാരിഫിക്കേഷൻ നൽകിക്കൊണ്ട് 2021 ഫെബ്രുവരി 8 ന് കേന്ദ്ര സർക്കാർ തീർപ്പുവരുത്തിയിട്ടുണ്ട്. ധനമന്ത്രാലയത്തിനു കീഴിലെ എക്സ്പെന്റീച്ചർ വകുപ്പ്, പ്രൊക്യുർമെന്റ് പോളിസി ഡിവിഷൻ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇത് ക്ലാരിഫിക്കേഷനായി പറഞ്ഞത്.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വെണ്ടർമാരിൽ നിന്ന് അസംസ്കൃത വസ്തുക്കൾ, ഘടകങ്ങൾ, ഉപയന്ത്രസാമഗ്രികൾ തുടങ്ങിയവ വാങ്ങാൻ ബിഡ്ഡർക്ക് അനുവാദമുണ്ടെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. ഇത് ഉപകരാറായി കണക്കാക്കാത്തതിനാൽ അത്തരം വെണ്ടർമാർ കോംപീറ്റന്റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഓഫീസ് മെമ്മോറാണ്ടത്തിലുണ്ട്.
“A bidder is permitted to procure raw material, components, sub-assemblies etc from the vendors from countries which shares a land border with india. Such vendors will not be required to be registered with the Competent Authority, as it is not regarded as sub-contracting.”
(ഓഫീസ് മെമ്മോറാണ്ടം dated 8-2-2021.
പ്രൊക്യുർമെന്റ് പോളിസി ഡിവിഷൻ, എക്സ്പെന്റീച്ചർ വകുപ്പ്, ധനമന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ)
കെ.എസ്.ഇ.ബി. നൽകിയ ക്വറി ചൂണ്ടിക്കാട്ടിയാണ് മറ്റൊരു വിമർശനം. ഏതൊരു പദ്ധതിയിലും അതിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഇത്തരം സാങ്കേതികമായ ക്വറികൾ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം ക്വറികൾക്ക് സംശയനിവാരണം നടത്തിയും ആവശ്യമെങ്കിൽ ഉൾക്കൊണ്ടുമാണ് പദ്ധതി മുന്നോട്ടുനീങ്ങുക. 2019 നവംബറിൽ നൽകിയ ക്വറിക്ക് തൊട്ടടുത്ത മാസം തന്നെ കെ ഫോൺ ടെക്നിക്കൽ കമ്മിറ്റി ക്ലാരിഫിക്കേഷൻ നൽകിയിട്ടുണ്ട്. 220 കെ.വി. ലൈനിനുവേണ്ടി വാങ്ങുന്ന സാധാരണ എർത്ത് വയറും കെ ഫോണിനുവേണ്ടി ലഭ്യമാക്കിയ ഒപ്റ്റിക്കൽ യൂണിറ്റും തമ്മിൽ വില വ്യത്യാസം ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. അതേസമയം 2019 ഫെബ്രുവരിയിൽ എൽഎസ് കേബിളിൽ നിന്ന് ഒരു കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന് നിശ്ചയിച്ച വില 1,55,325.88 രൂപയാണ്. എന്നാൽ, 2020 ഏപ്രിലിൽ ട്രാൻസ്‌ഗ്രിഡ് ടെൻഡറിൽ KSEBL ഒരു കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന് നിശ്ചയിച്ച വില 1,56,315.22 രൂപയുമാണ്. ഇതിനെപ്പറ്റി കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ, ഫൈബർ എന്നിവയുടെ ടൈപ്പ് ടെസ്റ്റ് ചൈനയിൽ നടത്തിയത് ആർഎഫ്പിയിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ടെസ്റ്റുകളും ഇന്ത്യയിൽ നിലവിൽ ലഭ്യമല്ലാത്തതിനാലാണ്.
സിഎജി റിപ്പോർട്ടിനെപ്പറ്റിയാണ് മറ്റുചില ആരോപണം. ഒരു സിഎജി റിപ്പോർട്ടിലും അത്തരമൊരു പരാമർശമില്ല. ഇതുവരെ പുറത്തുവരാത്ത റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള വിമർശനങ്ങളോട് മറ്റെന്തു പറയാനാണ്? പിന്നെയുള്ളത് എജി നൽകിയ ക്വറികളാണ്. പ്രാരംഭ ഘട്ടങ്ങളിലെ ക്വറികൾക്ക് അതാത് സമയം ക്ലാരിഫിക്കേഷൻ നൽകിയിട്ടുമുണ്ട്. അത് അസ്വാഭാവികമായ കാര്യവുമല്ല.
കേബിളും ഫൈബറും തമ്മിലുള്ള വ്യത്യാസമറിയാതെ വിമർശിക്കുന്നതിന്റെ പ്രശ്നമാണ് ചിലർക്കെന്ന് പറയേണ്ടിവരും.
കൂടാതെ, ചൈനീസ് ഉൽപ്പന്നങ്ങൾ ഗുണമേന്മയില്ലാത്തവയാണെന്ന നിർമ്മിത പൊതുബോധത്തിനൊപ്പമാണ് പല വിമർശനങ്ങളും. അതുകൊണ്ടാണ് “ചൈനീസ് എന്ന് കേൾക്കുമ്പോൾ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്” എന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എല്‍) ആണ്. ബി.ഇ.എല്‍, റെയില്‍ ടെല്‍, എസ്.ആര്‍.ഐ.ടി, എല്‍.എസ്. കേബിള്‍സ് എന്നിവയുടെ കണ്‍സോര്‍ഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക സര്‍വ്വേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച് 8 ന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.
അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെണ്ടര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു.
സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു.
ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചിലവും ഒരു വര്‍ഷത്തെ പരിപാലന ചിലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചിലവും കൂടി ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം 7 വര്‍ഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാല്‍, ബി ഇ എല്‍ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.
ഇതും ജി എസ് ടിയും കൂടി ഉള്‍പ്പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയത്. 7 വര്‍ഷത്തെ പരിപാലന ചിലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചിലവിന്റെ തുക ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. ആയതിനാല്‍, സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
നടപടി ക്രമങ്ങളെല്ലാം പൂര്‍ണ്ണമായും പാലിച്ചാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയിട്ടുള്ളതെന്ന് ടെക്‌നിക്കല്‍ കെ-ഫോണ്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.