മെഡിസെപ് പദ്ധതിക്ക് ഒരുവർഷം പൂർത്തിയാകുകയാണ്. 2022 ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത് നടപ്പാക്കിവരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. അനേകം പെൻഷൻകാർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയതോതിൽ സഹായകരമായ പദ്ധതിയിൽ 30 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഉള്ളത്. ഒരു കുടുംബത്തിന് പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. മെഡിസെപ്പിൽ ഇതുവരെ (2023 ജൂൺ ആറ്) 738.41 കോടി രൂപയുടെ 3,08,036 ക്ലെയിമുകൾ വന്നിട്ടുണ്ട്. അതിൽ 55.43 കോടി രൂപയുടെ 29,682 ക്ലെയിമുകൾ സർക്കാർ ആശുപത്രിയിൽനിന്നും 682.98 കോടിയുടെ 2,78,354 ക്ലെയിമുകൾ സ്വകാര്യ ആശുപത്രിയിൽനിന്നുമാണ്. ഇതിൽ 719.01 കോടി രൂപയുടെ 2,84,924 ക്ലെയിമുകൾ അംഗീകരിച്ചു.1922 അവയവമാറ്റ ശസ്ത്രക്രിയക്കായി 38.63 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പ്രീമിയം തുക ഒടുക്കി 1920 ചികിത്സാ പ്രക്രിയക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപ്പിലൂടെ നൽകുന്നു. നിലവിലെ മറ്റേത് പദ്ധതിയേക്കാളും കുറഞ്ഞ പ്രീമിയം തുകയാണ് മെഡിസെപ്പിൽ ഉള്ളത്. കൂടാതെ 12 മാരകരോഗത്തിനും അവയവമാറ്റ ചികിത്സാപ്രക്രിയക്കും അധിക പരിരക്ഷയും പദ്ധതിയിൽ ഉൾപ്പെടുന്നു. നിരവധി മെഡിക്കൽ പരിശോധനയ്ക്കുശേഷം മാത്രമേ 40 മുതൽ 45 വരെ വയസ്സുള്ളവർക്കുപോലും ഇതര മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ കഴിയൂ. എന്നാൽ, പ്രായമായവർക്കുപോലും പ്രീമെഡിക്കൽ പരിശോധന ഇല്ലാതെ മെഡിസെപ്പിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 1670 പാക്കേജ് മാത്രമാണ് ഉള്ളത്. ഗുരുതര രോഗത്തിനുള്ള പരിരക്ഷ ആയുഷ്മാൻ ഭാരതിൽ ഇല്ല. തമിഴ്നാട്, കർണാടകം സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും കേരളത്തിന്റെ മെഡിസെപ്പിലുള്ളത്ര പാക്കേജുകൾ ലഭ്യമല്ല. കഴിയുന്നത്ര പാക്കേജ് ഉൾപ്പെടുത്തിയാണ് മെഡിസെപ് നടപ്പാക്കുന്നത്. നിലവിലെ ക്ലെയിം ഡാറ്റാ അനാലിസിസ് നടത്തി വരുംവർഷങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. മെഡിസെപ്പിനായി രൂപീകരിച്ച മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റി തീരുമാനിച്ച നിരക്കാണ് പാക്കേജിലുള്ളത്. ഇൻഷുറൻസ് കമ്പനി ആശുപത്രികളുമായി ഏർപ്പെട്ട കരാറിൽ പാക്കേജ് നിരക്ക് അംഗീകരിച്ച് ഒപ്പിട്ട് നൽകിയിട്ടുമുണ്ട്.
2022 ജൂലൈയിൽ ആരംഭിച്ച് 2025 ജൂണിൽ അവസാനിക്കുന്ന മൂന്നുവർഷ കാലയളവിലേക്കാണ് ഇൻഷുറൻസ് കമ്പനിയുമായി കരാറിലെത്തിയത്. ഈ പോളിസി കാലയളവിൽ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ചികിത്സയ്ക്കായി 35 കോടി രൂപയുടെ ഒരു കോർപസ് ഫണ്ട് ഇൻഷുറൻസ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതി തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോൾ തന്നെ ഈ തുക പൂർണമായും വിനിയോഗിക്കപ്പെട്ടു. ഗുണഭോക്താക്കളുടെ ക്ഷേമം മുൻനിർത്തി ചികിത്സ മുടങ്ങാതിരിക്കാൻ സർക്കാർ രൂപീകരിച്ചിട്ടുള്ള കോർപസ് ഫണ്ടിൽനിന്നും അധിക തുക നൽകാൻ നടപടിയെടുത്തിട്ടുണ്ട്. മെഡിസെപ് നടപ്പാക്കുന്നത് സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ചാണ്. എല്ലാ വിവരവും വെബ്സൈറ്റ് ഡാഷ് ബോർഡിൽ അതത് സമയത്ത് അപ്‌ലോഡ് ചെയ്യുകയും പൊതുജനങ്ങളും മാധ്യമങ്ങളുമായും പങ്കുവയ്ക്കുന്നുമുണ്ട്. മെഡിസെപ് ബില്ലിങ് ആശുപത്രികൾക്കും ജീവനക്കാർക്കും ഓൺലൈനായി കാണാൻ സാധിക്കും. പദ്ധതി കൂടുതൽ ഉപഭോക്തൃസൗഹൃദമാക്കാൻ 2023 മെയ് ഒന്നിന് മൊബൈൽ ആപ് പുറത്തിറക്കുകയും ചെയ്‌തു.
മെഡിസെപ്പിന്റെ ക്ലെയിം അനാലിസിസ് നടത്തിയപ്പോൾ ചില ആശുപത്രികൾ മാനദണ്ഡങ്ങളില്ലാതെ പാക്കേജ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാൽ അൺസ്പെസിഫൈഡ് പാക്കേജുകളിൽ ചില മാർഗരേഖ കൊണ്ടുവരാൻ നടപടി സ്വീകരിക്കേണ്ടിവന്നു.
എല്ലാ ആരോഗ്യ ഇൻഷുറൻസിലും മെഡിക്കൽ ഓഡിറ്റ് നടത്തുമ്പോൾ കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാറ്റംവരുത്താറുണ്ട്. മെഡിസെപ്പിന്റെ ക്ലെയിം അനാലിസിസ് നടത്തിയപ്പോൾ ചില ആശുപത്രികൾ മാനദണ്ഡങ്ങളില്ലാതെ പാക്കേജ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാൽ അൺസ്പെസിഫൈഡ് പാക്കേജുകളിൽ ചില മാർഗരേഖ കൊണ്ടുവരാൻ നടപടി സ്വീകരിക്കേണ്ടിവന്നു. കൂടാതെ ചില ആശുപത്രികൾക്കെതിരെ താൽക്കാലിക നടപടികളെടുക്കാനും ഇൻഷുറൻസ് കമ്പനി നിർബന്ധിതമായി.
സംസ്ഥാനത്തിന് പുറത്തുള്ള 13 സ്വകാര്യ ആശുപത്രി, സംസ്ഥാനത്തിനകത്തുള്ള മികച്ച 323 സ്വകാര്യ, സഹകരണ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 143 സർക്കാർ ആശുപത്രികൾ, ആർസിസി, മലബാർ കാൻസർ സെന്റർ ഉൾപ്പടെ ആശുപത്രികളുടെ ഒരു ബൃഹത് ശൃംഖല പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ചില ആശുപത്രികൾ വിമുഖത കാണിക്കുന്ന സ്ഥിതിയുമുണ്ട്. അവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.
മെഡിസെപ് വിഭാവനം ചെയ്ത ഉദ്ദേശ്യലക്ഷ്യത്തേക്കാൾ വലിയ നേട്ടമാണ് ഒരു വർഷത്തിനുള്ളിൽ കൈവരിച്ചത്. ചില ആശുപത്രികൾ ഗുണഭോക്താവിൽനിന്നും പാക്കേജിന് മുകളിലുള്ള തുക ഈടാക്കുന്ന പ്രവണത പരാതികളിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തെറ്റുകാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. ആശുപത്രികൾ നൽകിയ ചികിത്സയ്ക്കുള്ള ക്ലെയിം സമയബന്ധിതമായി ഇൻഷുറൻസ് കമ്പനി നൽകുന്നില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഈ പ്രശ്നം ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ തുടക്കംമുതൽ നടത്തുന്ന ദ്വൈവാര അവലോകന യോഗത്തിൽ ചർച്ച ചെയ്യുകയും അതത് സമയം പരിഹരിക്കുകയും ചെയ്യുന്നുണ്ട്.
മുമ്പ് സൂചിപ്പിച്ചപോലെ ഇന്ത്യയിലെ എന്നല്ല, ലോകത്തെ തന്നെ ഏറ്റവും നല്ല രീതിയിൽ നടക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് മെഡിസെപ് എന്നത് കുറഞ്ഞ കാലംകൊണ്ട് തെളിയിക്കപ്പെട്ടു. എന്നാൽ, പദ്ധതിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ പല സ്ഥാപിത താൽപ്പര്യക്കാരും നിരന്തരമായ കുപ്രചാരണങ്ങളും നടത്തുന്നുണ്ട്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി മെഡിസെപ് നടപ്പാക്കുന്നതോടൊപ്പം സാധാരണ ജനങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകൾ നേരിടാനും കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാനും കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ട്.
കാരുണ്യ ഇൻഷുറൻസ് പദ്ധതിക്ക് 100 കോടി രൂപ അടുത്തിടെ ധന വകുപ്പ് അനുവദിച്ചിരുന്നു. ഈ സാമ്പത്തികവർഷം മൊത്തം 900 കോടി രൂപയാണ് കാരുണ്യക്കായി സർക്കാർ ഇതുവരെ അനുവദിച്ചത്. ഒരു സാമ്പത്തികവർഷം ഏകദേശം 1600 കോടി രൂപയിലധികം കാരുണ്യക്കായി കേരള സർക്കാർ ചെലവഴിക്കുന്നുണ്ട്. അതിൽ കേന്ദ്ര സഹായമായി ലഭിക്കുന്നത് ഏകദേശം 150 കോടി രൂപ മാത്രമാണ്. കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് കഴിയുന്നുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിപുലമായ സർക്കാർ ആരോഗ്യപരിപാലന ശൃംഖലകളിലൂടെയും മെഡിസെപ്, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി എന്നീ ഇൻഷുറൻസ് പദ്ധതികളിലൂടെയും കേരളത്തിലെ ജനങ്ങളുടെ സമഗ്ര ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത്.