സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം 24നും 25നുമായി ഡൽഹിയിൽ ചേർന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളൊക്കെ യോഗത്തിൽ ചർച്ചാവിഷയമായി. അതിൽ ഏറ്റവും പ്രധാനം പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗംതന്നെയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്‌തവും പ്രതിപക്ഷത്തിന് അനുകൂലവുമായ രാഷ്ട്രീയാന്തരീക്ഷമാണ് രൂപപ്പെട്ടുവരുന്നതെന്ന് വിലയിരുത്തിയ യോഗം ആ വഴിയിലുള്ള സുപ്രധാന ചുവടുവയ്‌പായാണ് പട്‌നയിലെ പ്രതിപക്ഷ കൂട്ടായ്മയെ വിലയിരുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ഉയർന്നുവന്ന പ്രതിപക്ഷ നീക്കത്തിന് സമാനമായ രാഷ്ട്രീയ ചുവടുവയ്‌പായാണ് പല മാധ്യമങ്ങളും പട്‌ന യോഗത്തെ വിലയിരുത്തിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണമനുസരിച്ച് 15 രാഷ്ട്രീയ പാർടിയാണ് ജൂൺ 23ന് പട്‌നയിൽ യോഗം ചേർന്നത്. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യസ്വഭാവം നിലനിർത്തണമെങ്കിൽ മോദി സർക്കാരിനെ അധികാരത്തിൽനിന്നും പുറത്താക്കണമെന്ന സുചിന്തിതമായ അഭിപ്രായമാണ് പട്‌ന യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ നേതാക്കളും പങ്കുവച്ചത്.
ബിജെപിക്ക് എതിരായ വോട്ടുകൾ പരമാവധി ഭിന്നിക്കാതിരിക്കാൻ പ്രതിപക്ഷ പാർടികൾ സംസ്ഥാനാടിസ്ഥാനത്തിൽ ചർച്ച തുടങ്ങണമെന്നാണ് യോഗത്തിൽ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്‌ത് പങ്കെടുത്ത ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്‌ക്കാനുള്ള പ്രധാന കാരണം ബിജെപിയെ തോൽപ്പിക്കാനുള്ള രാഷ്ട്രീയ സംവിധാനവും സാഹചര്യവും ഓരോ സംസ്ഥാനത്തും വ്യത്യസ്‌തമാണ് എന്നതിനാലാണ്. ഉദാഹരണത്തിന് കേരളം തന്നെയെടുക്കാം. ഇവിടെ മത്സരം സിപിഐ എം നയിക്കുന്ന എൽഡിഎഫും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും തമ്മിലാണ്. എന്നാൽ, ഈ മത്സരംകൊണ്ട് ബിജെപിക്ക് ഗുണമുണ്ടാകില്ലെന്നു മാത്രമല്ല, അവർക്ക് തീരെ വിജയസാധ്യത ഇല്ലതാനും. തമിഴ്‌നാട്ടിലും ബിഹാറിലും മഹാരാഷ്ട്രയിലും ഇപ്പോൾത്തന്നെ ശക്തമായ ബിജെപി വിരുദ്ധ മുന്നണിയുണ്ട്. ഈ രീതിയിലുള്ള സഖ്യവും ധാരണയും എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കാനായാൽ മോദിയെ പരാജയപ്പെടുത്താൻ കഴിയും. ബദൽ സർക്കാർ രൂപീകരണം തെരഞ്ഞെടുപ്പിനുശേഷം നടക്കേണ്ട രാഷ്ട്രീയ പ്രക്രിയയായാണ്. അതിന് വഴിയൊരുക്കാൻ വലിയ പ്രയാസമൊന്നുമുണ്ടാകില്ല എന്നതാണ് മുൻ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
ഇതോടൊപ്പം, മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണവും പ്രക്ഷോഭവും വളർത്തിക്കൊണ്ടുവരാനും പ്രതിപക്ഷ കൂട്ടായ്‌മ തയ്യാറാകണം. ജൂലൈ രണ്ടാം വാരം ഹിമാചൽപ്രദേശ് തലസ്ഥാനമായ സിംലയിൽ ചേരുന്ന പ്രതിപക്ഷ പാർടികളുടെ രണ്ടാമത്തെ യോഗം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും സമകാലിക ഇന്ത്യയിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കമാണ് പട്‌നയിലെ പ്രതിപക്ഷ പാർടികളുടെ യോഗം.
പ്രതിപക്ഷനീക്കം കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ വല്ലാതെ ഉലച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെയും മറ്റും വാക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മധ്യപ്രദേശിൽ പാർടി പ്രവർത്തകരോട് സംസാരിക്കവേ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരിക്കുകയാണ്. ആർഎസ്‌എസും ബിജെപിയും വർഷങ്ങളായി ഉയർത്തുന്ന മൂന്ന് പ്രധാന വിഷയത്തിൽ രണ്ടെണ്ണം‐ ജമ്മു കശ്‌മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ് റദ്ദാക്കലും അയോധ്യയിൽ രാമക്ഷേത്ര നിർമാണവും ലക്ഷ്യം കണ്ടു. മൂന്നാമത്തേതാണ് ഏക സിവിൽ കോഡ്. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വർഗീയധ്രുവീകരണം കൂടുതൽ ശക്തമാക്കുകമാത്രമാണ് ബിജെപിക്ക് മുമ്പിലുള്ള മാർഗം. അത്രമാത്രം ജനരോഷമാണ് മോദി സർക്കാരിനെതിരെ ഉയരുന്നത്. പ്രതിപക്ഷ പാർടികളിലെ ഐക്യംപോലും ഈ ജനരോഷത്തിന്റെ പ്രതിഫലനമാണ്. ഈ സാഹചര്യത്തിൽ ബിജെപിക്ക് എതിരെ ഒന്നിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ഏക സിവിൽ കോഡ് വിഷയം വീണ്ടും സജീവമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലോ കമീഷൻ എക സിവിൽ കോഡ് സംബന്ധിച്ച ചർച്ചയ്‌ക്ക് തുടക്കമിട്ടത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന് ഇതുസംബന്ധിച്ച് അഭിപ്രായം തേടിയിരിക്കുകയാണ് ലോ കമീഷൻ. കേന്ദ്ര നിയമ മന്ത്രാലയം ഈ വിഷയത്തെക്കുറിച്ച് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് വ്യത്യസ്‌തമായ സിവിൽ കോഡുകൾ നിലനിൽക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് എതിരായ ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സമാനമായ അഭിപ്രായംതന്നെയാണ് പ്രധാനമന്ത്രി മോദിയും ഭോപാലിൽ ആവർത്തിച്ചത്. ഏകീകൃത സിവിൽ കോഡ് സമത്വം സ്ഥാപിക്കാൻ അനിവാര്യമാണെന്ന ആഖ്യാനമാണ് ബിജെപിയും മോദിയും നടത്തുന്നത്. എന്നാൽ, ബിജെപി വരുത്താൻ പോകുന്ന ഈ എകീകരണം സമത്വത്തിനു തുല്യമാകുമെന്ന അഭിപ്രായം സിപിഐ എമ്മിന് ഇല്ല. വിവിധ സമുദായങ്ങളിലെ സ്‌ത്രീ‐ പുരുഷന്മാരുടെ ജനാധിപത്യപരമായ പങ്കാളിത്തത്തോടെയാണ് നടപ്പുനിയമങ്ങളിലും വ്യക്തി നിയമങ്ങളിലും മാറ്റംവരുത്തേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് അത്യാവശ്യമോ അഭിലഷണിയമോ അല്ലെന്ന 2018ലെ ലോ കമീഷന്റെ അഭിപ്രായമാണ് ശരി. ബിജെപിയും മോദിയും ഇപ്പോൾ എകീകൃത സിവൽ കോഡിനെക്കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. രാജ്യത്തെമ്പാടും, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ചെറുതും വലുതുമായ വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തിയതും ഇതേ ലക്ഷ്യംവച്ചാണ്. വികസനത്തെക്കുറിച്ചോ, ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയധ്രുവീകരണ അജൻഡയിൽ ബിജെപി കേന്ദ്രീകരിക്കുന്നത്.
രണ്ടു മാസത്തോളമായി മണിപ്പുരിൽ തുടരുന്ന കലാപത്തിലും പിബി യോഗം അതീവ ഉൽക്കണ്‌ഠ രേഖപ്പെടുത്തുകയുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് ഒരുമാസം പൂർത്തിയായിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 35,000ൽ അധികം അർധസൈനിക സേനയെയും സൈന്യത്തെയും വിന്യസിച്ചിട്ടും മണിപ്പുർ നിന്നുകത്തുകയാണ്. പൊലീസ് സ്‌റ്റേഷനിൽനിന്ന് ആയുധം കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര‐ സംസ്ഥാന മന്ത്രിമാരുടെയും എംഎൽമാരുടെയും വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെടുന്നു. ഇതിനകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 250ൽ അധികം ചർച്ചുകൾ തകർക്കപ്പെട്ടു. അരലക്ഷത്തോളംപേർ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഭരണം പൂർണമായും സ്‌തംഭിച്ചിരിക്കുന്നു. സർക്കാർ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിക്കുന്നില്ല. എന്നിട്ടും പ്രധാനമന്ത്രി മൗനംതുടരുകയാണ്. സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം ബിജെപി മുഖ്യമന്ത്രി എകപക്ഷീയമായാണ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നു. അതുകൊണ്ടുതന്നെ സമാധാന ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഡബിൾ എൻജിൻ സർക്കാർ മണിപ്പുരിൽ പൂർണമായും പരാജയമാണെന്ന് ജനങ്ങൾക്ക് അനുഭവത്തിൽനിന്നും ബോധ്യപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റി മണിപ്പുരിനെ സാധാരണ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും കേന്ദ്ര സർക്കാർ നടത്തണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം.
യോഗം ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായി പൂർണമായും മാറുന്നതിന് സഹായിച്ച സന്ദർശനമാണ് ഇത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ജറ്റ് എൻജിൻ സംയുക്തമായി നിർമിക്കുന്നത് ഉൾപ്പെടെയുള്ള കരാറുകൾ, അമേരിക്കയുടെ പ്രതിരോധ പങ്കാളിയായി മടിയില്ലാതെ ഇന്ത്യ മാറിയെന്നതിന്റെ നിദർശനമാണ്. ചൈന ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ലോകമേധാവിത്വം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ഇന്ത്യക്ക് സാങ്കേതികവിദ്യ ഉൾപ്പെടെ കൈമാറി (2008ൽ ഒപ്പിട്ട ആണവക്കരാറിൽ നൽകിയ വാഗ്‌ദാനമാണ് ഇത്) കൂടെനിർത്താൻ അമേരിക്ക തയ്യാറായത്. ഇളവുകൾ നൽകിയത് ഇന്ത്യയെ സഹായിക്കാൻ എന്നതിനേക്കാൾ അമേരിക്കയ്‌ക്ക് ലോക മേധാവിത്വം നിലനിർത്താൻ വേണ്ടിയാണെന്ന് മനസ്സിലാക്കാം. നേരത്തേ അമേരിക്കയുടെ സാമന്തനായി വേഷം കെട്ടിയാടിയ പാകിസ്ഥാന്റെയും തുർക്കിയയുടെയും ഈജിപ്‌തിന്റെയും സ്ഥിതി എന്തായെന്ന് ഡൽഹി ഓർമിക്കുന്നത് നല്ലതാണ്.