ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു.
നാക്, എൻഐആർഎഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന ഗ്രേഡും എൻഐആർഎഫ് റാങ്കങ്ങും നൽകിയിരിക്കുന്നത്. നാക് അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് എന്നീ സർവ്വകലാശാലകൾക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങിൽ ഏഷ്യയിൽ 95ാം സ്ഥാനം എം ജി സർവ്വകലാശാല നേടി.
നാക് എ പ്ലസ് പ്ലസ് നേടിയ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും എ പ്ലസ് നേടിയ 31 സ്ഥാപനങ്ങളും കേരളത്തിനുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നാല്പത്തിരണ്ടെണ്ണം കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിലാണ്. അഭിമാനകരമാണ് ഈ നേട്ടങ്ങളെല്ലാം.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സർവെ റിപ്പോർട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും വിദ്യാർഥി -അധ്യാപക അനുപാതത്തിൽ ആദ്യസ്ഥാനങ്ങളിലാണ് കേരളം. റാങ്കിങ്ങ് നിർണ്ണയത്തിനുള്ള നടപടികൾക്കായി സ്ഥാപനങ്ങളിൽ എത്തുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. ഇവർ കേരളത്തിന്റെ പക്ഷംപിടിച്ച് ഉയർന്ന ഗ്രേഡുകൾ നൽകുകയില്ലായെന്നത് ഉറപ്പാണ് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് 2020-21ലെ ദേശീയ സർവേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് 10-ാം സ്ഥാനം. ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകളുള്ളത്. പിറകിലായി മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിങ്ങനെയാണ് കണക്കുകൾ.
18-23 പ്രായപരിധിയിലുള്ള ഒരുലക്ഷം പേർക്ക് ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളം 3-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 50 എണ്ണം എന്ന തോതിലാണ് കേരളത്തിൽ കോളേജുകൾ. ഒരു ലക്ഷത്തിന് 62 കോളേജുകളുമായി കർണാടക 1-ാം സ്ഥാനത്തും 53 കോളേജുകളുമായി തെലങ്കാന 2-ാം സ്ഥാനത്തുമാണ്. കോളേജുകളുടെ എണ്ണത്തിൽ 1-ാം സ്ഥാനത്തുള്ള യു.പി.യിൽ (8,114 കോളേജ്, പക്ഷേ ഒരു ലക്ഷം വിദ്യാർഥികൾക്ക് 32 കോളേജ് എന്നതാണ് കണക്ക്. 4,532 കോളേജുകളുള്ള മഹാരാഷ്ട്രയിൽ ലക്ഷത്തിന് 34 കോളേജുകളാണ് തോത്. കർണാടകയിൽ 4,233 കോളേജുകളാണുള്ളത്.
രാജ്യത്തെ 43,796 കോളേജുകളിൽ 8,903 സർക്കാർ കോളേജുകളും 5,658 സ്വകാര്യ എയ്ഡഡ് കോളേജുകളും 27,039 സ്വകാര്യ അൺ എയ്ഡഡ് കോളേജുകളുമാണ്. 2020-21ൽ രാജ്യത്ത് 70 സർവകലാശാലകളും 1,453 കോളേജുകളും പുതുതായി തുറന്നു. ഭൂരിഭാഗം കോളേജുകളും ബിരുദതല പ്രോഗ്രാമുകൾ മാത്രമാണ് നടത്തുന്നതെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2.9 ശതമാനം കോളേജുകളിൽ പിഎച്ച്ഡി പ്രോഗ്രാമും 55.2 ശതമാനം കോളേജുകളിൽ ബിരുദാനന്തര പ്രോഗ്രാമുകളും നടത്തുന്നുണ്ട്. രാജ്യത്തെ കോളേജ് അധ്യാപകരുടെ എണ്ണം 15,51,070 ആണ്. ഇതിൽ 42.9 ശതമാനം വനിതകളാണ്.
രാജ്യത്ത് M Phil (62.10%) ബിരുദാനന്തരബിരുദ ( 56.45%) കോഴ്‌സുകളിൽ സ്ത്രീകളാണ് കൂടുതൽ. പുരുഷ വിദ്യാർഥികളേക്കാൾ കൂടുതൽ സ്ത്രീ വിദ്യാർഥികളുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്ത് 11.28 ലക്ഷം വിദ്യാർഥികൾ പോളിടെക്‌നിക് കോഴ്സുകൾ പഠിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത് തമിഴ്നാട്ടിലാണ് (2.49 ലക്ഷം). കേരളത്തിൽ 0.53 ലക്ഷം വിദ്യാർഥികൾ.
ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ടിൽ പണം നടത്തുന്ന വിദ്യാർഥികളിൽ കൂടുതൽ സ്ത്രീ വിദ്യാർഥികളുള്ള സംസ്ഥാനം തമിഴ്നാടാണ് (92%) തൊട്ടുപുറകിൽ കേരളമാണ് (80.2%).
https://aishe.gov.in/aishe/BlankDCF/AISHE%20Final%20Report%202020-21.pdf ).