തദ്ദേശഭരണവകുപ്പിന്റെ പ്രോപ്പർട്ടി മാപ്പിങ് സൊല്യൂഷനുവേണ്ടി വസ്തുനികുതി മാപ്പിങ്ങും വീട്ടു സർവേയും നടത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അനുമതി നൽകിയതിനെ വളച്ചൊടിച്ച് വിവാദമാക്കാൻ മലയാള മനോരമയുടെ പാഴ്‌വേല. 2016 ഫെബ്രുവരി 19 ന് ഉമ്മൻചാണ്ടി സർക്കാർ നൽകിയ അനുമതിയാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇപ്പോൾ കുത്തിപ്പൊക്കുന്നത്.
വീടുകളിൽനിന്ന് വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ നാല് ഏജൻസികളിൽ ഒന്നുമാത്രമാണ് യുഎൽസിസിഎസ്. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‌ആർഇസി), കരകുളം ഗ്രാമീണപഠനകേന്ദ്രം, തൃശൂരിലെ സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് (സിഎസ്‌ആർഡി) എന്നിവയാണ് മറ്റ് ഏജൻസികൾ. എന്നാൽ, ഊരാളുങ്കലിനുവേണ്ടി പിണറായി സർക്കാർ വഴിവിട്ട് അനുമതി നൽകിയെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം.
‘വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ- ഓർഡിനേഷൻ കമ്മിറ്റി’യുടെ 2016 ജനുവരി ആറിലെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫെബ്രുവരി 19-ന് സർവേ നടത്തിപ്പിന്റെ ഉത്തരവുമിറങ്ങി. എന്നാൽ, പദ്ധതി 2017ൽ തുടങ്ങിയെന്നാണ് മനോരമയുടെ നുണ. കുടുംബങ്ങളുടെ സോഷ്യോളജിക്കൽ ഡാറ്റകൂടി മാപ്പിങ്ങിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഇതേ ഉത്തരവിലുണ്ട്. എന്നാൽ, 2018 ഒക്ടോബർ നാലിന് ഇതിനായി പ്രത്യേക ഉത്തരവിറങ്ങിയെന്നാണ് മനോരമ പറയുന്നത്.
ഇൻഫർമേഷൻ കേരള മിഷ (ഐകെഎം) ന്റെ മേൽനോട്ടത്തിലാണ് ഈ നാല് ഏജൻസിയും പ്രവർത്തിക്കുന്നത്. പഞ്ചായത്തുവകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റർ, എൻഐസി ഡയറക്ടർ, ഐകെഎം ഡയറക്ടർ എന്നിവർ അംഗങ്ങളായ സമിതിയാണ് ഇതിനുള്ള നിരക്കുകൾ നിശ്ചയിച്ചതും നിർവഹണ ഏജൻസിയെ വിലയിരുത്തുന്നതും. ഇത്തരത്തിൽ പഴുതുകൾ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളാണ് സർവേയ്ക്ക് ഓരോ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ടെൻഡറിങ് സംബന്ധിച്ചും സർക്കാർ വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.