ത്രിമൂർത്തി ഭരണം തേടിയിറങ്ങിയ മനോരമയ്ക്ക് ഒരു ചുക്കും കിട്ടിയിട്ടില്ല.
പണ്ട് കേരളത്തിൽ പോലീസ് മന്ത്രിമാരുടെ മക്കളെ ആന കളിപ്പിച്ച് തോളിലെ നക്ഷത്രത്തിന്റെ എണ്ണം കൂട്ടിയ പോലീസ് ഏമാൻമാറുണ്ടായിരുന്നു.
ആ കാലം പോയി. ഇപ്പോൾ കുറ്റകൃത്യങ്ങൾ അന്വേഷിച്ചു തെളിവ് ശേഖരിച്ചു കേസ് ചാർജ് ചെയ്യുന്ന പോലീസാണുള്ളത്.
നിയമത്തിനു മുന്നിൽ നാട്ടിലെ ദിവ്യന്മാർക്കോ മഹാ മാന്യന്മാർക്കോ മാധ്യമ പ്രവർത്തകർക്കോ ഇമ്മ്യൂണിറ്റി ഇല്ല.
സത്യസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തകനെതിരെയും ഒരു കേസും എടുത്തിട്ടില്ല.
വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിലും കേസ് ഇല്ല.
സർക്കാരിനെയും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കുടുംത്തിലിരിക്കുന്നവരെയും നിരന്തരം മാന്യതയുടെ അതിരു വിട്ട് ആക്ഷേപിക്കുന്ന മാധ്യമങ്ങൾക്കെതിരെ അതിന്റെ പേരിൽ ഒരു കേസും എടുത്തിട്ടില്ല.
മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന നടപടികളേ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ.
മാധ്യമങ്ങൾക്കെതിരായ ഭീഷണികൾ എന്ന തലക്കെട്ടിൽ മനോരമ ആര് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോന്നിന്റെയും വസ്തുത നോക്കാം.
1 ചവറ കെഎംഎംഎൽ അഴിമതി തുറന്നുകാട്ടിയ കൊല്ലത്തെ മനോരമ ലേഖകനെ ചോദ്യം ചെയ്ത് വാർത്തയുടെ ഉറവിടം കണ്ടെത്താൻ ശ്രമം. സ്ഥാപനത്തിന്റെ എംഡി മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്.
മനോരമ ലേഖകനെതിരെ ഒരു കേസും ചാർജ് ചെയ്തിട്ടില്ല.
ആലപ്പുഴ ക്രൈം ബ്രാഞ്ച് അന്വേഷത്തിന്റെ ഭാഗമായി ജയചന്ദ്രൻ ഇലങ്കത്ത് എന്ന മനോരമ ലേഖകന്റെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. നാടിനെ ബാധിക്കുന്ന ഒരു വിഷയത്തിൽ കുറ്റം കണ്ടെത്താൻ സഹായിക്കുക എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ എന്തിനാണിത്ര വൈക്ലബ്യം?
അഴിമതിയെ കുറിച്ച് ഉത്കണ്ഠയുണ്ടെങ്കിൽ അതിന്റെ തെളിവുകളോ സൂചനകളോ നൽകാൻ തയ്യാറാകേണ്ട ആൾ തന്നെ, കേസെന്നും ചോദ്യം ചെയ്യലെന്നും ഉറവിടം കണ്ടെത്തലെന്നും നിലവിളിക്കുകയാണ്.
2 ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യങ്ങളും വാർത്തയും പുറത്തുവിട്ടതിനു മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ കേസ്.
ആര് വാർത്തയും ചിത്രവും പുറത്തുവിട്ടു എന്നതല്ല. അതിനേക്കാൾ സങ്കീർണ്ണവും ഗുരുതരവുമായ വിഷയങ്ങൾ ഈ കേസിൽ അടങ്ങിയിട്ടുണ്ട്.
ഏലത്തൂർ ട്രെയിൻ തീവെപ്പ് നാടിനെ നടുക്കിയ സംഭവമാണ്. ആ കേസിലെ പ്രതി എന്ന് സംശയിക്കുന്നയാളെ ഏപ്രിൽ അഞ്ചിന് മഹാരാഷ്ട്രയിലെ രത്നഗിരി പോലീസ് സ്റ്റേഷനിൽ നിന്നും നിയമാനുസരണം കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി രത്നഗിരിയിൽ നിന്നും കോഴിക്കോട്ടേക്ക് അയാളെ കൊണ്ടുവരുമ്പോൾ ഭട്കലിനും ഉഡുപ്പിക്കുമിടയിൽ തടഞ്ഞു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. കേസിലെ തെളിവ് നശിപ്പിക്കും വിധവും കസ്റ്റഡിയിലുള്ള ആളുടെയും പോലീസുദ്യോഗസ്ഥരുടെയും ജീവന് പോലും അപകടകരമാം വിധവും “വാർത്താ സംഘം” പെരുമാറി എന്നതാണ് കേസ്. പോലീസുദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് പോലീസ് സംഘത്തിന്റെയും പ്രതിയുടെയും ഫോട്ടോ എടുത്തു. പിൻവാങ്ങിപ്പോകാൻ ശ്രമിച്ച പോലീസ് സംഘത്തെ ഒരു ബുള്ളറ്റിലും ഇന്നോവ കാറിലുമായി പിൻതുടർന്നു- ഇതാണ് എഫ് ഐ ആർ.
പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നത് കേസിന്റെ നടത്തിപ്പിനെ ബാധിക്കും. യാത്രയ്ക്കിടയിൽ പിന്തുടരലുണ്ടായാൽ അപകടം സംഭവിക്കുകയോ യാത്രാ വിവരം ചോർന്ന് അപായപ്പെടുത്തലുണ്ടാവുകയോ ചെയ്യാം.
ഇത്തരമൊരവസ്ഥയിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമല്ല, കേസന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ ജാഗ്രതയാണ് പോലീസിൽ നിന്നുണ്ടായത്.
3 ലഹരിവിരുദ്ധ റിപ്പോർട്ടിൽ പൊതുവിദ്യാഭ്യാസമേഖലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കമുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കേസ്. പോക്സോ വകുപ്പും ചുമത്തി.
കേസുണ്ട്. പോക്സോ കുറ്റവും ഉണ്ട്. നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരിൽ വെരി വെരി ഡേർട്ടിയായ വാർത്താ നിർമ്മാണം നടത്തിയതിന്.
പോക്സോ നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നടന്ന വിവരം സ്കൂൾ യൂണിഫോമിട്ട കുട്ടി പറഞ്ഞു. അത് സംപ്രേഷണം ചെയ്തിട്ടും കുറ്റകൃത്യത്തെ കുറിച്ച് അധികാരികളെ അറിയിച്ചില്ല എന്നത് ഒരു കുറ്റമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ നേരോടെ നിർഭയം നിരന്തരം നമ്മുടെ മുന്നിൽ വന്നു നിൽക്കുന്ന ചേച്ചിമാരും ചേട്ടന്മാരും? (ഒരു കുട്ടിയെ വേഷം കെട്ടിച്ചു കൊണ്ടിരുത്തി അഭിനയിപ്പിച്ചു എന്നത് മറുവശം.)
ഇതിൽ പരാതി ലഭിച്ചാൽ, മാധ്യമ സ്വാതന്ത്ര്യമല്ലേ, നമ്മുടെ സ്വന്തം സുഹൃത്തുക്കളല്ലേ, പോക്സോ വകുപ്പുകൾ മാറിനിൽക്കട്ടെ എന്ന് പറയണമോ പോലീസ്? വേഷം കെട്ടിക്കൽ മഹത്വപ്പെട്ട കൃത്യവും അതിനെതിരെ കേസെടുക്കൽ അധമപ്രവൃത്തിയുമാകുന്ന യുക്തി കവർസ്റ്റോറിയിൽ ചെലവായേക്കും.
4 , ഇ.പി.ജയരാജന്റെ ബന്ധുനിയമന കേസ് റിപ്പോർട്ട് ചെയ്യാൻ കോടതിവളപ്പിലെത്തിയ വനിതാ മാധ്യമപ്രവർത്തർക്കെതിരെ അഭിഭാഷകരുടെ പരാതിയിൽ കേസ്. മാധ്യമപ്രവർത്തകരെ അസഭ്യം പറഞ്ഞ് സംഘടിതമായി ഗേറ്റിനു പുറത്താക്കിയശേഷം അവരുടെ പരാതിക്കു ബദലായി അഭിഭാഷകർ നൽകിയ പരാതിയിലായിരുന്നു കേസ്.
ഒന്നല്ല, രണ്ടു കേസുണ്ട്. ഒന്ന് മാധ്യമ പ്രവർത്തക അഭിഭാഷകർക്കെതിരെ നൽകിയ പരാതിയിൽ.
രണ്ട് അഭിഭാഷകർ മാധ്യമ പ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ.
അഭിഭാഷകർക്കെതിരെയുള്ള കേസിൽ പരാതിക്കാരി അജിത സി.പി, ചീഫ് ബ്രോഡ് കാസ്റ്റിംഗ് ജേർണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്. പ്രതികൾ: ആനയറ ഷാജി, രതിൻ ആറാട്ടുകുഴി, അരുൺ പി നായർ.
എഫ്.ഐ.ആർ: മാധ്യമ പ്രവർത്തകയായ ആവലാതിക്കാരി കോടതി നടപടികൾ റിപ്പോർട്ട് ചെയ്തതിലുള്ള വിരോധം നിമിത്തം പ്രതികൾ ചേർന്ന് അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി എന്നും മറ്റും.
മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസ്- പരാതിക്കാരൻ: ആനയറ ഷാജി
പ്രതികൾ: പ്രഭാത് നായർ, രാമകൃഷ്ണൻ, അജിത സി.പി. ,. ജസ്റ്റിന തോമസ്
എഫ്.ഐ.ആർ. : മാധ്യമ പ്രവർത്തകരും വക്കീലന്മാരും ആയുള്ള വിരോധത്തിൽ അഡ്വക്കേറ്റായ ആവലാതിക്കാരനെ വഞ്ചിയൂർ ജെ.എഫ്.എം.സി. അഞ്ചാം കോടതിക്ക് സമീപം വച്ച് പ്രതികളെല്ലാരും ചേർന്ന് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല് പിക്കുകയും ചെയ്തു എന്ന്
രണ്ടു കേസും ക്രൈംബ്രാഞ്ച് അന്വേഷിച്ചു 2020 ൽ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. മാധ്യമ പ്രവർത്തകർക്കെതിരെ അഭിഭാഷകരും അഭിഭാഷകർക്കെതിരെ തിരിച്ചും പരാതി കിട്ടിയാൽ ഒന്നിൽ കേസെടുക്കണം, മറ്റേത് വിട്ടുകളയണം എന്നത് എന്ത് ന്യായം? എന്ത് നീതി?
5 ചാനൽ ചർച്ചയ്ക്കിടെ തന്നെ മർദിക്കാൻ ആഹ്വാനം ചെയ്തെന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോഷ്യേറ്റ് എഡിറ്റർക്കെതിരെ കേസ്.
ന്യൂസ് അവർ എന്ന തെറിവിളിപ്പരിപ്പാടിയിൽ മുഴക്കിയ ഭീഷണിക്കെതിരെയാണ് കേസ്. തന്നെ ഭീഷണിപ്പെടുത്തിയതിലും കുടുംബത്തെ ഉൾപ്പെടെ മറ്റുള്ളവർ ആക്രമിക്കണമെന്നുമുള്ള പ്രേരണ നൽകിയതിലും നിയമ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭ മെമ്പറും മുൻ മന്ത്രിയുമായ എളമരം കരീം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് കേസ്. (വിനു വി ജോണിന്റെ അന്നത്തെ ആക്രോശം അതേപടി പ്രസിദ്ധീകരിച്ചാൽ ഫേസ്‌ബുക്കിന്റെ കമ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് യോജിക്കില്ല എന്ന നോട്ടീസ് കിട്ടും, പോസ്റ്റ് ഹൈഡ് ചെയ്യപ്പെടും.)
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വണ്ടി അടിച്ച് പൊട്ടിക്കണമായിരുന്നു. കുടുംബസമേതം ആണെങ്കിൽ അവരെയൊക്കെ ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ മുഖത്തടിച്ച് മൂക്കിൽ നിന്നും ചോര വരുത്തണമായിരുന്നു എന്നൊക്കെ വിളിച്ചു കൂവാനുള്ള ലൈസൻസിനെ മാധ്യമ സ്വാതന്ത്ര്യമെന്നും അതിനെതിരെ ലഭിച്ച പരാതിയിന്മേൽ കേസെടുക്കുന്നതിനെ മാധ്യമ സ്വാതന്ത്ര്യ ധ്വംസനമെന്നും വായിക്കാനുള്ള ഒരു നിഘണ്ടുവും നാട്ടിൽ ഇറങ്ങിയിട്ടില്ല.
6 . മുല്ലപ്പള്ളി രാമചന്ദ്രൻ 2020ൽ നടത്തിയ പ്രസംഗം ചാനലിൽ വായിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ വാർത്താ അവതാരകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ഇതാണ് ഏറ്റവും രസകരമായ ആരോപണം. തന്നെ അഭിസാരികയെന്നടക്കം പൊതു പ്രസംഗത്തിൽ അവഹേളിച്ചതിനെതിരെ വനിത നൽകിയ പരാതിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ അബ്‌ജോദ് വർഗ്ഗീസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പള്ളിയുടെ പ്രസംഗം ചാനലിൽ അതേപടി വായിച്ച ആൾ എന്ന നിലയിൽ സാക്ഷിയായി മൊഴിയെടുപ്പ്.ചോദ്യം ചെയ്യലല്ല. ഏതു കേസിന്റെ ഭാഗമായും ഉണ്ടാകുന്ന നടപടിക്രമം. അതിൽ സഹകരിക്കാൻ അഭ്യര്ഥിക്കുന്നതാണോ മാധ്യമ സ്വാതന്ത്ര്യ നിഷേധം? അതാണോ സർക്കാരിന്റെ പ്രതികാര നടപടി?
മനോരമ അവതരിപ്പിച്ച ആറുകേസുകളിൽ ഒന്നിലും മാധ്യമങ്ങൾക്കെതിരായ സർക്കാരിന്റെ കടന്നുകയറ്റം കാണാനാവുന്നില്ല.
മനോരമയും സുഹൃത്തുക്കളും സർക്കാരിനും അതിനെ നയിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ നടത്തുന്ന നികൃഷ്ടമായ യുദ്ധം കാണുമ്പോൾ അവയ്‌ക്കെതിരെ ശക്തമായി നിലകൊള്ളണം എന്ന് ആർക്കും തോന്നിപ്പോകും എന്നത് വസ്തുത. ആ തോന്നലിനെ സാധൂകരിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല എന്നത് അതിനേക്കാൾ വലിയ വസ്തുത.
അതുകൊണ്ട് മനോരമേ, ആ പരിപ്പ് ഇവിടെ വേവില്ല.