ഭിന്നാഭിപ്രായങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഭരണപക്ഷത്തിന്റെ വീഴ്‌ചകൾക്കെതിരെ ക്രിയാത്മകമായി നിലകൊള്ളുമ്പോൾ പ്രതിപക്ഷം അക്ഷരാർഥത്തിൽ തിരുത്തൽ ശക്തിയാകും. ആത്യന്തികമായി അത് ജനങ്ങളുടെ നേട്ടമായി ഭവിക്കും. സഹസ്രാബ്‌ദങ്ങളിലൂടെയുള്ള ചരിത്രസഞ്ചാരങ്ങളിലൂടെ വളർന്നതാണ് ജനാധിപത്യമെന്ന ആശയം. വളർച്ചയുടെ പടവുകളിലെല്ലാം ഭരിക്കുന്നവരോടുള്ള വിയോജിപ്പുകളും ഭിന്നാഭിപ്രായങ്ങളുമെല്ലാം ആ ആശയത്തെ പ്രോജ്വലിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ദൗത്യമെന്തെന്ന് പ്രതിപക്ഷം സൗകര്യപൂർവം മറന്നു എന്നതാണ് സമകാല കേരളാനുഭവം. അധികാരം നഷ്ടപ്പെട്ട യുഡിഎഫ് ഏഴുവർഷത്തിലേറെയായി കേരളമെന്ന ഭൂവിഭാഗത്തോടും ഇവിടുത്തെ ജനങ്ങളോടും അടങ്ങാത്ത ശത്രുതയും അസഹിഷ്‌ണുതയുമാണ് പ്രതിപക്ഷത്തിരുന്ന് പ്രകടിപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രണ്ടാംതവണയും ജനം തെരഞ്ഞെടുത്തത് അംഗീകരിക്കാൻ രണ്ടു വർഷമായിട്ടും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല.
എൽഡിഎഫ് സർക്കാരിനു കീഴിൽ കേരളം ഉത്തരോത്തരം വളരുന്നതു കണ്ട് സഹിക്കാനാകുന്നില്ല കോൺഗ്രസ് നേതാക്കൾക്ക്. എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വയ്‌ക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ ആ പാർടി ചെന്നുപെട്ട കടുത്ത നിരാശാബോധവും നേതാക്കളെ നയിക്കുന്ന അധമചിന്തയുമാണെന്ന് നിസ്സംശയം പറയാം. ജനാധിപത്യത്തോടുള്ള പ്രതിപക്ഷ മുന്നണിയിലെ നേതാക്കളുടെ ആദരവില്ലായ്‌മ മാത്രമല്ല ഈ അസഹിഷ്‌ണുതയ്‌ക്കും ദുഷിച്ച പകയ്‌ക്കും കാരണം. പ്രതിപക്ഷത്തെ ചരിത്രത്തിലെങ്ങും ഇല്ലാത്തവിധം പ്രതിസന്ധി മൂടിയിരിക്കുകയാണ്. ആ മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ചരടുപൊട്ടിയ പട്ടംപോലെ നട്ടംതിരിയുന്നു. അഴിമതിക്കേസുകളിൽപ്പെട്ട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുൻമന്ത്രിയുംമുതൽ പ്രാദേശിക നേതാക്കൾവരെ അഴിയെണ്ണുന്ന സ്ഥിതി. നേതൃത്വം കൂട്ടത്തോടെ നിയമനടപടികൾക്ക് വിധേയമാകുന്ന അസാധാരണമായ പ്രതിസന്ധി കോൺഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമായ ഏകസിവിൽകോഡ് വിഷയത്തിൽപ്പോലും സുചിന്തിതമായ ഒരു നിലപാടെടുക്കാൻ കഴിയുന്നില്ല കോൺഗ്രസിന്. ന്യൂനപക്ഷങ്ങൾക്ക് ആ പാർടിയിൽ എന്നേ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് കൈക്കൊള്ളുന്നത് അഴകൊഴമ്പൻ നിലപാടാണെന്ന വിമർശം ഉയർന്നു കഴിഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ സമീപകാലത്ത് ഉന്നയിച്ച ആരോപണങ്ങളത്രയും മാലിന്യക്കൂമ്പാരത്തിൽ കിടന്ന് അഴുകുകയാണ്. എഐ കാമറയുടെ പേരിലും മറ്റും ഉയർത്തിവിട്ട ആരോപണ ബലൂണുകൾ ദയനീയമായി പൊട്ടിത്തകർന്നിരിക്കുന്നു. ആരോപണം ഉന്നയിക്കുക, തെളിവു ചോദിക്കുമ്പോൾ കൈമലർത്തുക എന്നത് ദൈനംദിന പരിപാടിയായി മാറി. പുനർജനി തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരടക്കം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാതിലിൽ മുട്ടി. മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഇഡി പലയാവർത്തി ചോദ്യം ചെയ്തു. പോക്‌സോ കേസിൽ ആജീവനാന്ത ശിക്ഷ അനുഭവിക്കുന്ന മോൻസൺ മാവുങ്കൽ എന്ന പുരാവസ്‌തു തട്ടിപ്പുകാരനുമായി ചങ്ങാത്തം കൂടിയാൽ എന്ത് പ്രശ്‌നം എന്നു ചോദിച്ച കെപിസിസി പ്രസിഡന്റ് ഈ കേസിലെ പ്രതിരോധമെല്ലാം പാളി കൂടുതൽ ദുർബലനായിരിക്കുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി ജയിലഴിക്കുള്ളിലായി. എത്രയോ കാലമായി മൃതാവസ്ഥയിലായ കോൺഗ്രസിൽനിന്ന് നല്ല മൂല്യങ്ങളൊന്നും പ്രതീക്ഷിക്കുക വയ്യ. സമൂഹത്തിനോ ജനങ്ങൾക്കോ ഉപകാരപ്രദമായ ഒരു വിഷയവും കോൺഗ്രസിന്റെ അജൻഡയിലില്ല. കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കുന്നതുകൊണ്ടും അത്തരമൊരു വിഷയം ചർച്ചയാകുന്നതുകൊണ്ടും നാട്ടുകാർക്ക് എന്തുഗുണം? തലസ്ഥാനം മാറ്റണമെന്നാവശ്യപ്പെട്ട ഹൈബി ഈഡനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അനുകൂലിക്കുന്ന പരിഹാസ്യമായ കാഴ്‌ചയും കേരളം കണ്ടു. രണ്ടു പതിറ്റാണ്ടെങ്കിലും മുമ്പ് സിപിഐ എം പുറത്താക്കിയ ഒരാളുടെ ദുർബലമായ ദുരാരോപണങ്ങളിൽ കടിച്ചു തൂങ്ങേണ്ട ഗതികേടിലായിരിക്കുന്നു കോൺഗ്രസ്.
വലതുപക്ഷം ദുർബലമാകുമ്പോഴൊക്കെ രക്ഷാപ്രവർത്തനവുമായി മുഖ്യധാരാ മാധ്യമങ്ങളെത്തുന്നതാണ് ചരിത്രം. എന്നാൽ, ദിശാബോധം നഷ്‌ടപ്പെട്ട കോൺഗ്രസ് നേതാക്കളെ വെളുപ്പിച്ചെടുക്കാനുള്ള മാധ്യമശ്രമങ്ങൾ അമ്പേ പരാജയപ്പെടുകയാണ്. മാധ്യമങ്ങൾ പറയുന്നതല്ല പരമമായ സത്യമെന്ന് മനസ്സിലാക്കാനും വസ്‌തുതകൾ ഗ്രഹിക്കാനുമുള്ള ശേഷി ജനങ്ങൾ ആർജിച്ചു കഴിഞ്ഞു. പ്രതിപക്ഷവും മാധ്യമവും സൃഷ്‌ടിക്കുന്ന പുകമറയ്‌ക്കപ്പുറമുള്ള സത്യം ജനങ്ങൾ മനസ്സിലാക്കുന്ന കാലത്തോളം ഒരു ദുരാരോപണവും കേരളത്തിൽ വിലപ്പോകില്ല. കേരളം കുറേക്കൂടി ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ അർഹിക്കുന്നുണ്ടെന്നു പറയാതെ വയ്യ.