പൊതുചെലവുകൾ ഉയർത്തുകയെന്ന ആശയത്തിന് കൂടുതൽ സ്വീകാര്യത കൈവരുന്നു എന്നതാണ് ആഗോളതലത്തിൽ ധന സമീപനങ്ങളിലെ ഏറ്റവും പുതിയ പ്രവണത. കോവിഡ് ഘട്ടത്തിലും അതിനുശേഷവും സാമ്പത്തികമേഖലയുടെ തിരിച്ചുവരവിന് പൊതുചെലവഴിക്കൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഭരണനേതൃത്വങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടുകയും ചെയ്തു. ആഗോളതലത്തിൽത്തന്നെ കൃത്യമായി ബോധ്യപ്പെട്ട പ്രധാനപ്പെട്ട ഒരുകാര്യം, കോവിഡ് ഘട്ടത്തിൽ പൊതുചെലവുകൾ ജിഡിപിയുടെ 10 ശതമാനത്തിനു മുകളിൽ ഉയർത്തിയ സമ്പദ്ഘടനകൾ അതിവേഗത്തിൽ സാധാരണനിലയിലേക്ക് മടങ്ങിയെന്നതാണ്. പൊതുവെ സമ്പന്ന രാജ്യങ്ങളും ചിലി, സെർബിയ, തായ്‌ലൻഡ് തുടങ്ങിയ ഏതാനും ചില വികസ്വര രാജ്യങ്ങളുമാണ് ഇപ്രകാരം 10 ശതമാനത്തിനു മുകളിൽ ചെലവഴിച്ചത്. ദരിദ്ര രാജ്യങ്ങൾക്ക് ഈ ഘട്ടത്തിൽ വിവിധ കാരണത്താൽ പൊതുചെലവുകൾ ഉയർത്താൻ കഴിയാതെ പോയി.
ജിഡിപിയുടെ അഞ്ചുശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യ കോവിഡ് പാക്കേജുകൾക്കായി ചെലവഴിച്ചതെന്ന് കാണാം. അതുകൊണ്ട് ഇന്ത്യൻ സമ്പദ്ഘടന ജിഡിപി കണക്കുകളിൽ മുന്നേറ്റം പ്രകടമാക്കുന്നുണ്ടെങ്കിലും അതിന്റെ യഥാർഥ ചിത്രം തികച്ചും പരിതാപകരമാണ്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മ, ഭക്ഷ്യവസ്തുക്കളുടെയടക്കം ശക്തമായ വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ കാതലായ പ്രശ്നങ്ങൾക്കൊപ്പം ഡിമാൻഡിൽ ഉണ്ടായ ഇടിവിന് ഇനിയും വിരാമമില്ലാത്തത് പല വ്യാവസായിക ഉൽപ്പാദന മേഖലകളിലെയും തളർച്ച തുടരുന്നതിന് കാരണമായിട്ടുണ്ട്. ഡിമാൻഡിലെ തളർച്ച കാരണം നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.3 ശതമാനമാകുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം. എന്നാൽ, ജിഡിപിയുടെ 10 ശതമാനത്തിനു മുകളിൽ ചെലവഴിച്ചിട്ടുള്ള രാജ്യങ്ങളിൽ ഡിമാൻഡ് കോവിഡിന് മുമ്പുള്ള ഘട്ടത്തിലേക്ക് തിരിച്ചെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതുകൊണ്ട് പൊതുചെലവുകൾ ഉയർത്തിക്കൊണ്ട് സാമ്പത്തിക വളർച്ച തിരികെ പിടിക്കുകയെന്ന സമീപനമാണ് ലോകത്തെ പ്രമുഖ രാജ്യങ്ങൾ ധന രംഗത്ത് സ്വീകരിച്ചിരിക്കുന്ന തന്ത്രം. ഇതിനായി കടമെടുക്കുന്നത് ഉയർത്തിക്കൊണ്ടായാലും കൂടുതൽ ഫണ്ട് സർക്കാരുകൾ തന്നെ നേരിട്ട് സമ്പദ്‌വ്യവസ്ഥയുടെ ധമനികളിലേക്ക് ഒഴുക്കുകയെന്ന തന്ത്രമാണ് ആ രാജ്യങ്ങൾ സ്വീകരിക്കുന്നതെന്ന് ആഗോള സാമ്പത്തിക ചലനങ്ങൾ സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയും. അത്യപൂർവമായ നിയമഭേദഗതി വഴിയായി, റിപ്പബ്ലിക്കൻ പാർടിയുടെകൂടി സമവായത്തോടെ രാജ്യത്തിന്റെ കടമെടുക്കുന്നതിന്റെ പരിധി അമേരിക്ക ഉയർത്തിയതിനെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. ഇത് വ്യക്തമാക്കുന്ന സാമ്പത്തിക ആശയം ഇതാണ്, ചെലവുകൾ ഉയർത്തിക്കൊണ്ടല്ലാതെ സാമ്പത്തികമായ കുതിപ്പ് ഇത്തരമൊരു സവിശേഷ സാഹചര്യത്തിൽ അസാധ്യമാണ് എന്നതാണ്.
ചെലവിനൊപ്പം കുതിക്കുന്ന കടം
മഹാമാരിക്കൊപ്പം ലോകത്തിന്റെ കടബാധ്യതയും ഉയർന്നിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് എന്ന ഏജൻസിയുടെ ഡാറ്റ അനുസരിച്ച് 2023ലെ ആദ്യ പാദത്തിൽ ലോകത്തിന്റെ മൊത്തം കടം 305 ലക്ഷം കോടി ഡോളറാണ്. ഐഎംഎഫിന്റെ 2022ലെ കണക്കുകൾ പ്രകാരം ലോകത്തിന്റെ മൊത്തം കടം ആഗോള ജിഡിപിയുടെ 247 ശതമാനമെന്ന തോതിലേക്ക് ഉയർന്നു. പൊതുകട - ജിഡിപി അനുപാതം ആഗോള ജിഡിപിയുടെ 96 ശതമാനമെന്ന നിലയിലേക്കും കുതിച്ചുയർന്നു. ഇവിടെ ഉയർന്നുവരുന്ന, ഇക്കാര്യങ്ങളെ കാര്യമായിത്തന്നെ ബാധിക്കുന്ന നിർണായകമായ സമസ്യ, ലഭ്യമായ വിഭവങ്ങൾ ചെലവഴിക്കുന്ന കാര്യത്തിലെ മുൻഗണന നിശ്ചയിക്കലും അതിന്റെ ഏറ്റവും കൃത്യവും സൂക്ഷ്മവുമായ ആസൂത്രണവുമാണ്. അതുതന്നെയാണ് ചെലവഴിക്കലിനു പിന്നിലെ കലയെന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തിന്റെ അർഥാന്തരവും.
എന്നാൽ, ആഗോള സാമ്പത്തികമേഖലയെ കൂടുതൽ ഊർജസ്വലമാക്കുന്ന ചെലവഴിക്കൽ തന്ത്രത്തിനെതിരായ ആശയങ്ങളുടെ വക്താക്കളാകുന്ന ചിലരുണ്ട്. ചെലവുകൾ ചുരുക്കി പ്രതിസന്ധിയെ നേരിടാൻ കഴിയണമെന്നതാണ് അവരുടെ വാദഗതി. എന്നാൽ, ചെലവ് ചുരുക്കുക എന്നതിന് ഇന്നത്തെ ലോകത്ത് കേവലം ആശയപരമായ സാംഗത്യം മാത്രമേയുള്ളൂ. ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കണമെന്ന വാദത്തോട് യോജിക്കാമെങ്കിലും പൊതു ചെലവുകൾ വലിയ അളവിൽ കുറയ്ക്കുകയെന്നത് ആഗോള തലത്തിൽത്തന്നെ പ്രായോഗികമല്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡ് പോലുള്ള വലിയ പ്രതിസന്ധികൾ പൊതു ചെലവഴിക്കൽ വല്ലാതെ ഉയർത്തേണ്ടുന്ന വിധത്തിൽ ശക്തമായ സമ്മർദമാണ് ധന മാനേജ്‌മെന്റ് രംഗത്ത് ചെലുത്തുന്നത്. പ്രത്യയശാസ്ത്രപരമായി ഏതു നിലപാട് സ്വീകരിക്കുന്ന രാജ്യത്തിനും സാമൂഹ്യമായ ചെലവഴിക്കൽ കുറച്ചുകൊണ്ടുവരികയെന്നത് നിലവിലെ സാഹചര്യത്തിൽ അപ്രായോഗികവും വികസന വിരുദ്ധവുമായ സമീപനവുമായി മാറുന്നുവെന്നതാണ് സ്ഥിതി. വ്യക്തിയുടെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും കാര്യത്തിൽ ചെലവുകൾ ചുരുക്കി മുന്നോട്ടുപോകുക പ്രായേണ അസാധ്യമാകുന്ന സ്ഥിതിയുണ്ട്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ അപകടകരമായ ഒരു ഉപോൽപ്പന്നംകൂടിയാണ് ഇതെന്നും വിലയിരുത്താം
ഉയരുന്ന ചെലവുകൾക്കൊപ്പം വരുമാനവും വർധിപ്പിക്കുകയെന്ന ആശയവും ശക്തമായുണ്ട്. പക്ഷേ, പ്രായോഗികമായ നിരവധി വൈതരണികൾ ഇതിനു മുന്നിലുണ്ട്. ചെലവുകൾക്ക് സ്പ്രിന്റ് ഓട്ടത്തിന്റെ വേഗമാണുള്ളതെങ്കിൽ മാരത്തൺ ഓട്ടത്തിന്റെ രീതിയിലാണ് വരുമാനത്തിന്റെ കാര്യത്തിലെ വളർച്ച. അതുകൊണ്ടാണ് സാമൂഹ്യമായ ചെലവഴിക്കൽ ഒരു കലയായി മാറുന്നതും. വികസനത്തെ, സാമൂഹ്യവളർച്ചയെ, ജീവിതനിലവാരത്തെ ത്വരിതപ്പെടുത്തുന്ന വിധത്തിൽ മുൻഗണനകൾ നിശ്ചയിക്കുകയും തദനുസൃതമായി ചെലവുകൾ ശാസ്ത്രീയമായി ക്രമീകരിക്കുകയും ചെയ്യുന്ന കല. തുള്ളി ജലസേചനത്തിലെന്നപോലെ ഓരോ രൂപയും സാമ്പത്തിക വളർച്ചയെ ത്വരിതമാക്കുന്നവിധത്തിൽ വിന്യസിക്കുന്ന ഒരു പ്രയോഗശാസ്ത്രമാണ് അത്. ആവശ്യത്തിന് ഫണ്ട് ലഭ്യമാകുന്നില്ലെന്ന വിമർശവും പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്, പ്രത്യേകിച്ച് ബ്യൂറോക്രാറ്റിക് തലത്തിൽ. മനുഷ്യന്റെ അപരിമേയമായ ആവശ്യങ്ങൾക്ക് അനുസരിച്ച് വിഭവങ്ങൾ ഇല്ല എന്നതാണ് അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നമെന്ന ബോധ്യമാണ് ഇവിടെ ഉണ്ടാകേണ്ടത്. അങ്ങനെയാണ് ചെലവഴിക്കലിന്റെ കല കൂടുതൽ മിഴിവാർന്നതാകുന്നത്. അതുതന്നെയാണ് വികസനോന്മുഖമായ സാമ്പത്തിക ശാസ്ത്രവും.