ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത്‌ യുവാക്കളെ അടിച്ചുകൊല്ലുന്നതും പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ശേഷം നാവ്‌ മുറിച്ചും കണ്ണുകൾ ചൂഴ്‌ന്നെടുത്തും കൊന്നുതള്ളുന്നതും പതിവാണ്‌

മോദി അധികാരത്തിൽ വന്നശേഷം ഉത്തരേന്ത്യയിൽനിന്നു വരുന്ന വാർത്തകൾ ഒട്ടും പ്രതീക്ഷ ഉണർത്തുന്നതല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത്‌ യുവാക്കളെ അടിച്ചുകൊല്ലുന്നതും പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ശേഷം നാവ്‌ മുറിച്ചും കണ്ണുകൾ ചൂഴ്‌ന്നെടുത്തും കൊന്നുതള്ളുന്നതും പതിവാണ്‌. മധ്യപ്രദേശിൽനിന്ന്‌ കഴിഞ്ഞദിവസം പുറത്തുവന്ന വാർത്ത മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണ്‌. ചെയ്‌ത ജോലിക്ക്‌ കൂലി ചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത്‌ ബിജെപി നേതാവ്‌ മൂത്രമൊഴിക്കുന്ന ദൃശ്യം സംഘപരിവാർ രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നീതിശാസ്‌ത്രം എന്താണെന്നതിന്റെ ഉദാഹരണമാണ്‌. നിരവധി കേസിലെ പ്രതിയും ഉന്നത ജാതിക്കാരനും സിദ്ധി ജില്ലയിലെ ബിജെപി എംഎൽഎയുമായ കേദർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേശ് ശുക്ലയാണ്‌ ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്‌. ദൃശ്യം പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാനിയമം, പട്ടികജാതി– വർ​ഗ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതിയെ സംരക്ഷിക്കാൻ ബിജെപി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്‌. കേദാർ നാഥ്‌ ശുക്ല സിദ്ധിയിലെയും സമീപ ജില്ലകളിലെയും ബ്രാഹ്മണർക്കിടയിൽ സ്വാധീനമുള്ള നേതാവാണ്‌. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ നടന്ന പല ആക്രമണങ്ങൾക്കുപിന്നിലും ശുക്ലയുടെ അനുയായികളാണ്‌. കോൾ ഗോത്രത്തിലെ യുവാവിനുനേരെ നടന്ന ഹീനകൃത്യത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന്‌ മനസ്സിലാക്കിയാണ്‌ കേസെടുക്കാൻ സർക്കാർ നിർബന്ധിതമായത്‌. മൂത്രമൊഴിക്കൽ സംഭവത്തിൽ ബിജെപി പ്രതിരോധത്തിലായതോടെ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാൻ വ്യാഴാഴ്‌ച ദളിത്‌ യുവാവിന്റെ കാൽകഴുകൽ നാടകമൊരുക്കി വാർത്ത സൃഷ്ടിച്ചു.
ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്രം ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്‌ത്രീകൾക്കും കരുതിവച്ചിരിക്കുന്നത്‌ എന്താണെന്നാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്‌. നവനാസികളെപ്പോലെ നവബ്രാഹ്മണ്യാധികാര ശക്തികളെ വളർത്തിയെടുക്കുകയാണ്‌ സംഘപരിവാർ. പൊലീസിന്റെ ഒത്താശയോടെ അഴിഞ്ഞാടുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള ജാതിഭീകരർ ജനാധിപത്യത്തെയും മനുഷ്യത്വത്തെയും തെരുവുകളിൽ കൊല ചെയ്യുകയാണ്‌. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏതു നിമിഷവും ഇരയാകുമെന്ന ഭീകരമായ അവസ്ഥയിലാണ്‌ ദളിതർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ കഴിഞ്ഞുകൂടുന്നത്‌. അധികാരമോ സമ്പത്തോ സ്വാധീനശക്തിയോ ഒന്നുമില്ലാത്ത പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട ഭരണനേതൃത്വമാണ്‌ അവർക്കെതിരെയുള്ള ആക്രമണങ്ങൾക്കും കൂട്ടക്കുരുതികൾക്കും അവസരമൊരുക്കുന്നത്‌. അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻപോലും കഴിയാത്ത ദയനീയ സ്ഥിതിയിലാണ്‌ ഇവർ.
നാഷണൽ ക്രൈം റെക്കോർഡ്‌ ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത്‌ പട്ടിക വർഗ വിഭാഗങ്ങൾക്കുനേരെ ഏറ്റവുമധികം അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ്‌ മധ്യപ്രദേശ്‌. സ്‌കൂളിലെ കുടിവെള്ളപ്പാത്രത്തിൽനിന്ന്‌ വെള്ളം കുടിച്ചതിന്‌ ദളിത്‌ ബാലനെ സവർണനായ അധ്യാപകൻ അടിച്ചുകൊന്നത്‌ മാസങ്ങൾക്കുമുമ്പാണ്‌. മോഷ്ടാവെന്ന് സംശയിച്ച് നാൽപ്പതുകാരനായ കനയ്യലാൽ ഭീൽ എന്ന ആദിവാസി യുവാവിനെ എട്ടുപേർ ചേർന്ന് മർദിച്ച്‌ വാഹനത്തിൽ കെട്ടിവലിച്ചുകൊണ്ട്‌ പോയി കൊലപ്പെടുത്തിയതും തീപ്പെട്ടി നൽകിയില്ലെന്നാരോപിച്ച്‌ ഗുണ ജില്ലയിൽ ദളിത്‌ യുവാവിനെ തല്ലിക്കൊന്നതും ഛത്തർപുരിൽ ഭക്ഷണത്തിൽ തൊട്ടതിന്‌ യുവാവിനെ മർദിച്ചുകൊന്നതും മധ്യപ്രദേശിലാണ്‌. ദളിതരെ ആക്രമിക്കുന്ന കേസുകളിലെ ശിക്ഷാ നിരക്ക്‌ വളരെ കുറവാണെങ്കിലും സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നവരിൽ 58 ശതമാനവും ദളിതരാണ്‌.

ഭരണഘടനയും അതിലടങ്ങിയ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച്‌ എല്ലാവരെയും തുല്യരായിക്കണ്ട്‌ നീതി നടപ്പാക്കുമെന്നാണ്‌ പ്രധാനമന്ത്രി മോദി ഇടയ്‌ക്കിടെ പറയുന്നത്‌. തെരഞ്ഞെടുപ്പുവേളയിൽ ദളിത്‌, ആദിവാസി വിഭാഗങ്ങളുടെ വോട്ട്‌ നേടാനായി പല വാഗ്‌ദാനങ്ങളും നൽകുന്ന ബിജെപി അധികാരത്തിൽ എത്തിയാൽ അവരെ മറക്കുന്നു. 2017ൽ പട്ടികജാതി വിഭാഗത്തിൽനിന്നുള്ള രാംനാഥ്‌ കോവിന്ദിനെയും 2022ൽ ഗോത്രവർഗക്കാരിയായ ദ്രൗപദി മുർമുവിനെയും രാഷ്ട്രപതിയാക്കിയെങ്കിലും ദളിത്‌, ആദിവാസി വിഭാഗങ്ങളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായിട്ടില്ല. ബ്രാഹ്മണ്യാചാര പ്രകാരം നടന്ന പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ ദളിത്‌ ആയതുകൊണ്ടുമാത്രം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മാറ്റിനിർത്തിയത്‌ ആർഎസ്‌എസ്‌ ഉയർത്തിപ്പിടിക്കുന്ന മനുവാദത്തിന്റെ ഉദാഹരണമാണ്‌. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ ദളിതുകൾക്കെതിരെ സവർണ ജാതിക്കാരായ പട്ടേലുകളും താക്കോറുകളും നിയമം കൈയിലെടുത്ത്‌ വൻതോതിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ സർക്കാർ മൗനത്തിലായിരുന്നു. ആദിത്യനാഥിന്റെ യുപിയിലാണെങ്കിൽ നിരന്തരം ഈ വിഭാഗം ആക്രമണത്തിന്‌ ഇരയാകുന്നു. ഒമ്പതുവർഷക്കാലത്തെ മോദി ഭരണത്തിന്റെ ചെയ്‌തികളെല്ലാം ദളിത്‌, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ എതിരായിരുന്നു. വ്യാപകമാകുന്ന ഇത്തരം ദളിത്–- ന്യൂനപക്ഷ പീഡനങ്ങൾ മറച്ചുവയ്‌ക്കാനും വർഗീയ ചേരിതിരിവുണ്ടാക്കി വീണ്ടും അധികാരത്തിൽ എത്താനുമാണ്‌ ഇപ്പോൾ ഏക സിവിൽ കോഡ്‌ നടപ്പാക്കാൻ ഇറങ്ങിയിരിക്കുന്നത്‌.


കെ ടി വിനോദ്, ദേശാഭിമാനി