കെ-ഫോൺകേരളത്തിന്റെ ജനകീയ ബദലാണ്

എന്താണ് കെ-ഫോൺ ?
സാമൂഹ്യ പുരോഗതിയിൽ അവിശ്വസനീയമായ കുതിപ്പാണ് ഇന്റർനെറ്റും അനുബന്ധ സംവിധാനങ്ങളും കൊണ്ടുവന്നത്. എന്നാൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ വികസിത രാജ്യങ്ങൾ വലിയ മുന്നേറ്റം നടത്തുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഡിജിറ്റൽ ഡിവൈഡ് എന്ന അസമത്വം അനുഭവിക്കുന്നുണ്ട്, ഇതിന് പരിഹാരമാകുകയാണ് കെ-ഫോൺ. കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ചതാണ് കെ-ഫോൺ പദ്ധതി. ’ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്’ എന്നാണ് കെ ഫോൺ അറിയപ്പെടുന്നത്.

ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ഡിവൈഡ് പൂർണമായി ഇല്ലാതാക്കിക്കൊണ്ട് എല്ലാവർക്കും മികച്ച ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നതാണ് കെ-ഫോൺ പദ്ധതി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകളിലൂം സ്‌കൂളുകളിലും കെ-ഫോൺ കണക്ഷൻ ലഭ്യമാകും. കൂടാതെ 20 ലക്ഷം നിർധന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് നിശ്ചിത നിരക്കിലും ഇൻർനെറ്റ് കണക്ഷൻ ലഭ്യമാക്കും, ഇതുവഴി സംസ്ഥാനത്തൊട്ടാകെ മികച്ച അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്ന ഉദാത്തമായ ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുകയാണ്. എല്ലാവർക്കും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് സംസ്ഥാനമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശ്യംഖലയൊരുക്കിയാണ് കെ-ഫോൺ യാഥാർത്ഥ്യമാക്കുന്നത്.

20 ലക്ഷം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടതിൽ ആദ്യഘട്ടത്തിൽ 14000 വീടുകളിലാണ സൗജന്യ കണക്ഷൻ എത്തിക്കുക. ഈ കുടുംബങ്ങൾക്ക് ദിവസേന 1.5 ജി.ബി ഡാറ്റ 15 എം.ബി.പി.എസ് വേഗത്തിൽ സൗജന്യമായി ലഭിക്കും.

30,000 സർക്കാർ ഓഫിസുകൾക്ക് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26492 ഓഫിസുകളിൽ കണക്ഷൻ നൽകുകയും 18700 ഓഫിസുകളിൽ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. കുറഞ്ഞ സമയംകൊണ്ട് തന്നെ കേരളം മുഴുവൻ കെഫോൺ ശ്ൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതോടെ സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകും.

സമ്പൂർണ ഇഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. ഭരണ നിർവഹണത്തിന്റെ വേഗവും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെഫോൺ നൽകുന്ന മികച്ച ഇന്റർനെററ് കണക്ററിവിറ്റി വലിയ പിന്തുണ നൽകും. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എൽ ഉം ചേർന്ന സംയുക്ത സംരഭമായ കെ-ഫോൺ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനപരിധിയിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിന് കേന്ദ്ര ടെലികോം അതോറിററിയുടെ അനുമതി കേരളത്തിന് ലഭിച്ചിട്ടുണ്ട്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡിന് ഔദ്യോഗികമായി ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കാറ്റഗറി ബി യുണിഫൈഡ് ലൈസൻസാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐ.എസ്.പി ലൈസൻസും സ്വന്തമായി ഇന്റർനെറ്റ് സംവിധാനവുമള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
രാജ്യത്ത്‌ ഏറ്റവുമധികം ഇന്റർനെറ്റ്‌ ഉപഭോക്താക്കളുള്ള സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് സാക്ഷരതയുടെ കാര്യത്തിൽ ഒന്നാമതായ കേരളം എക്കാലത്തും ടെലികോം കുത്തകകളുടെ റഡാറിലുള്ള പ്രദേശമാണ്. വടക്കുനിന്നും തെക്കോട്ടു നീളുന്ന ഗ്രാമ-നഗരങ്ങളുടെ തുടർച്ചയാണ് (Rural-Urban Continuum) കേരളം. സംസ്‌ഥാനത്തെ വലിയ മധ്യവർഗ്ഗ സാന്നിധ്യം കാരണം ഇന്റർനെറ്റ് പെനിട്രേഷൻ നിരക്കിന്റെ കാര്യത്തിൽ സ്വാഭാവികമായും കേരളം കാതങ്ങൾ മുന്നിലാണ്. ടെലികോം കുത്തകകൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറുന്നത് അങ്ങനെയാണ്.

റിലയൻസ് ജിയോ പോലുള്ള ടെലികോം കമ്പനികളെ ബിജെപിയും കോൺഗ്രസ്സും ആശ്ലേഷിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇത്തരം കുത്തകകളെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് കൈക്കൊണ്ടത്. സംസ്‌ഥാന സർക്കാർ മുൻകൈയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി അങ്ങനെയാണ് ജനിച്ചത്. ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദലാണ് കെ ഫോൺ. ഇന്റർനെറ്റ് സേവനദാതാക്കളായ സ്വകാര്യ കേബിൾ ശൃംഖലകളുടെയും ടെലികോം കമ്പനികളുടെയും ചൂഷണത്തിനാണ് കെ ഫോൺ കടിഞ്ഞാണിടുന്നത്. ഇന്റർനെറ്റ് ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈ പദ്ധതി.

കെ ഫോണിന്‌ തുരങ്കം വയ്‌ക്കാൻ കോൺഗ്രസ്സും ബിജെപിയും മത്സരിക്കുകയാണുണ്ടായത്. കേരള നിയമസഭയിൽ കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യമുണ്ടോയെന്നും എന്തുകൊണ്ട് ടെലികോം രംഗത്തെ നിലവിലുള്ള കോർപ്പറേറ്റുകളുടെ സഹായം നമുക്ക് സ്വീകരിച്ചുകൂടാ എന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവിന്റെ ചോദ്യം. റിലയൻസ് പോലുള്ള ടെലികോം കുത്തകകൾക്കുവേണ്ടിയായിരുന്നു രമേശ്‌ ചെന്നിത്തലയുടെ അന്നത്തെ ആശങ്ക. ജിയോ ഉള്ളപ്പോൾ എന്തിനാണ് കെ ഫോണെന്ന് ചോദിച്ചത് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു. കോർപറേറ്റ് ദാസന്മാരായ ബിജെപിയാവട്ടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ കെ ഫോണിനെ അട്ടിമറിക്കാനും ശ്രമം നടത്തി. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ കെ ഫോൺ ഇന്ന് ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. കെ ഫോൺ ഉദ്ഘാടന ദിവസം പോലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പദ്ധതിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നത് ആരുടെ ക്വട്ടേഷനാണെന്ന് വ്യക്തമാണ്.

സ്വകാര്യ കുത്തകകൾ അരങ്ങുവാഴുന്ന ടെലികോം മേഖലയിൽ കെ ഫോൺ കേരളത്തിന്റെ ജനകീയ ബദലാണ്. ഇന്റർനെറ്റ് വഴി സമൂഹത്തിലുണ്ടാവാൻപോകുന്ന ഡിജിറ്റൽ ഡിവൈഡിനെ പ്രശ്നവൽക്കരിക്കാനും അതിനെ ഒരു നയം വഴി മറികടക്കാനുമുള്ള ഒരു തൊഴിലാളി വർഗ്ഗ ഗവണ്മെന്റിന്റെ കൃത്യമായ രാഷ്ട്രീയ നിലപാട് കൂടിയാണ് കെ ഫോൺ.

മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്‌ഷൻ നൽകും. ഈമാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. കെ ഫോൺ–- കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയായി. അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടര ലക്ഷം കുടുംബത്തിന് സൗജന്യ കണക്‌ഷൻ ഉറപ്പാക്കും. ഇതിനൊപ്പം ഒന്നരലക്ഷം വാണിജ്യ കണക്‌ഷനും നൽകുമെന്ന് കെ ഫോൺ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. 2025ൽ രണ്ടാംഘട്ടമായി അഞ്ചുലക്ഷം സൗജന്യ കണക്‌ഷൻ നൽകും. മൂന്നും നാലും ഘട്ടങ്ങളിൽ ആറും 6.5 ലക്ഷം കണക്‌ഷനും എത്തിക്കും. 2026 മാർച്ചിൽത്തന്നെ പൂർണലക്ഷ്യം ഉറപ്പാക്കാനാണ്‌ കെ ഫോൺ ശ്രമം. കേരള വിഷനു പുറമെ 924 പ്രദേശിക കേബിൾ ഓപ്പറേറ്റർമാരുമായും കരാറുണ്ട്‌.