തിരുവനന്തപുരം ആയുർവേദ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളിൽ ആൺകുട്ടികൾ 17 പേർ. ഒരാൾപോലും ക്ലീൻ ഷേവുകാർ ഇല്ല. എല്ലാവർക്കും മീശയും പല അളവിൽ താടിയുമുണ്ട്. എന്നാൽ, മാതൃഭൂമി ഒന്നാംപേജിൽ വാർത്ത നൽകിയത് ഒന്നാംവർഷ വിദ്യാർഥികളെ താടിയും മുടിയും വളർത്താൻ സീനിയേഴ്‌സായ എസ്‌എഫ്‌ഐക്കാർ അനുവദിക്കുന്നില്ലെന്ന്. എസ്‌എഫ്‌ഐയെ തുടർച്ചയായി ആക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യാജവാർത്തയും.
കോളേജിൽ സീനിയർ, ജൂനിയർ വേർതിരിവില്ലാതെ സൗഹൃദത്തോടെയാണ് വിദ്യാർഥികൾ ഇടപഴകുന്നത്. കോളേജിൽ നടക്കുന്ന അധ്യാപക സംഘടനയുടെ സമ്മേളനത്തിന്റെ വിജയത്തിനായി ഒപ്പംചേർന്ന് പ്രവർത്തിക്കുന്നതിനിടെയാണ് വ്യാജ ആരോപണം.
എല്ലാ വിദ്യാർഥികളും യൂണിയൻവഴി പുസ്‌തകം വാങ്ങണമെന്ന് നിർബന്ധിക്കുന്നെന്നാണ് മറ്റൊരു കള്ളം. യൂണിയൻ നേതൃത്വത്തിൽ പുസ്‌തകങ്ങൾ ഒന്നിച്ചുവാങ്ങി വിലക്കുറവിൽ വിദ്യാർഥികൾക്ക് നൽകുന്നതിനെയാണ് ഇത്തരത്തിൽ ആക്ഷേപിച്ചത്. ‘എസ്സൻഷ്യൽ ഓഫ് മെഡിക്കൽ സൈക്കോളജി’ എന്ന പുസ്‌തകത്തിന്റെ വിപണി വില 2095 രൂപയാണ്. ഒന്നിച്ച് വാങ്ങി നൽകിയപ്പോൾ അത് 1620 ആയി കുറഞ്ഞു. സമാനമായി ഓരോ പുസ്‌തകവും 100 രൂപമുതൽ 500 രൂപവരെ വിലക്കുറവിലാണ് നൽകുന്നത്. ഹോസ്റ്റലിൽ പഠിക്കാൻ അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ശരിയല്ലെന്ന് ഒന്നാംവർഷ വിദ്യാർഥി സുബ്രഹ്മണ്യം പറയുന്നു. സീനിയർ വിദ്യാർഥികളുമായി നല്ല ബന്ധമാണുള്ളതെന്നും സുബ്രഹ്മണ്യം പറഞ്ഞു.
സീനിയേഴ്സ് ചങ്ക് ബ്രോസ്
സീനിയേഴ്‌സ് ഞങ്ങൾക്ക് ചങ്ക് ബ്രോസാണെന്ന് ഒന്നാംവർഷ വിദ്യാർഥിയായ രാജസ്ഥാൻ സ്വദേശി രാഹുൽ പറഞ്ഞു. വ്യാജവാർത്ത വന്നതായി കൂട്ടുകാർ പറഞ്ഞു. വാർത്ത വായിച്ച് അർഥം പറഞ്ഞുതന്നു. തനിക്കും താടിയും മീശയുമുണ്ട്. അതിന്റെ പേരിൽ ആരും ഇതുവരെ ഒന്നുംപറഞ്ഞിട്ടില്ല–- രാഹുൽ പറഞ്ഞു.പുസ്‌തകം വില കൂട്ടി വിൽക്കുന്നതായി പരാതിയുണ്ടെന്നു പറഞ്ഞാണ് മാതൃഭൂമി ലേഖകൻ വിളിച്ചതെന്ന് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാമിൽ പറഞ്ഞു . അത് തെറ്റാണെന്നും വസ്‌തുത എന്താണെന്നും ബോധ്യപ്പെടുത്തി. അപ്പോൾ മീശക്കാര്യം ചോദിച്ചു. വന്നുകണ്ട് ബോധ്യപ്പെട്ടോളൂ എന്ന് മറുപടിയും നൽകി. പത്രം കണ്ടപ്പോഴാണ് പച്ചക്കള്ളമാണ് വാർത്തയായി നൽകിയതെന്ന് മനസ്സിലായതെന്നും ഷാമിൽ പറഞ്ഞു. മനോരമ പത്രം കത്തിച്ചുകൊണ്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു .