വിദ്യാഭാസ മേഖല -യു ഡി എഫ് ,എൽ ഡി എഫ് ഭരണ താരതമ്യം

1990ൽ കേരളത്തിൽ ആദ്യമായി ഹയർ സെക്കൻഡറി സ്കൂളുകൾ ആരംഭിച്ചത്. കോളേജുകളിൽനിന്ന് പ്രീ ഡിഗ്രി വേർപെടുത്തുന്നതിന്റെ ഭാഗമായി പ്ലസ് ടു സമ്പ്രദായത്തിന് അതോടെ തുടക്കമായി. അന്നുമുതൽ 2023വരെ യുഡിഎഫും എൽഡിഎഫും മാറി മാറി വന്നു. എൽഡിഎഫ്‌ ഭരിച്ച 18 വർഷം (1990-–-91, 1996-–-2001, 2006-–-2011, 2016-–-2023) 671 പ്ലസ് ടു ബാച്ചാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ്‌ ഭരിച്ച 15 വർഷത്തിൽ (1991-–-96, 2001-–-2006, 2011-–-2016) മലപ്പുറത്തിന് നൽകിയത് 449 പ്ലസ് ടു ബാച്ചാണ്. മലപ്പുറത്ത്‌ നിലവിലുള്ള 85 ശതമാനം അൺ എയ്ഡഡ് പ്ലസ് ടു ബാച്ചുകളും അനുവദിച്ചത് യുഡിഎഫ്‌ കാലത്താണെന്ന് സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ബോധ്യമാകും.
മലപ്പുറം ഉൾപ്പെടെ മലബാറിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർ സെക്കൻഡറി സ്കൂളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്ഡഡ് ഹൈസ്കൂൾ പ്ലസ് ടു പഠനം സാധ്യമായ ഹയർ സെക്കൻഡറിയായത്. ആവശ്യമായ പരിശോധന നടത്തി മലബാറിൽമാത്രം ഹയർ സെക്കൻഡറി സ്കൂൾ അനുവദിച്ചതിനെതിരെ കോൺഗ്രസും ചില സമുദായ സംഘടനകളും വി എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും ഉറഞ്ഞു തുള്ളിയത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കൻഡറി സർക്കാർ–- എയ്ഡഡ് മേഖലകളിൽ വടക്കൻ ജില്ലകളിൽ വന്നതോടെയാണ് മലബാറും തിരു–- കൊച്ചിയും തമ്മിലുള്ള അസന്തുലിതാവസ്ഥയ്‌ക്ക് ഏതാണ്ടു പരിഹാരമായത്.
എന്നാൽ, 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ 2014-–-15, 2015-–-16 വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നുംപ്രകാരം പ്ലസ് ടു അനുവദിച്ചു. അന്ന് അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ് ടു പഠനരംഗത്തെ മലബാർ-–- തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വൻതോതിൽ ഉയർന്നു.

അഡീഷണൽ ബാച്ചുകൾ ഒറ്റപ്പെട്ട് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കണക്കിൽ വ്യത്യാസം വന്നേക്കാം. എങ്കിലും മലപ്പുറത്തെ പ്ലസ് ടു സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് എൽഡിഎഫ്‌ കാലത്താണെന്നത് മറക്കരുത്. മലപ്പുറത്തു നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് ‘വീരസ്യം’ പറഞ്ഞ് "സ്കോൾ കേരള’യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-–-16-ൽ യുഡിഎഫ്‌ കാലത്താണെന്നതും ഓർമ വേണം. 2006-വരെ മലപ്പുറം ജില്ലയിൽ ഒരേയൊരു ഗവ. ഐടിഐയേ (അരീക്കോട്) ഉണ്ടായിരുന്നുള്ളൂ. 2009ൽ വി എസ് സർക്കാരാണ് മൂന്നു പുതിയ ഗവ. ഐടിഐ ആരംഭിച്ചത്.
മലപ്പുറത്തെ പ്ലസ്‌ ടു പഠനസൗകര്യം വർധിപ്പിക്കാനുള്ള നടപടികൾ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചുവരികയാണ്. യുഡിഎഫ്‌ വരുത്തിവച്ച തെക്കു-– -വടക്ക് വ്യത്യാസം സമയബന്ധിതമായി പൂർണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി സംഭാഷണ മധ്യേ വ്യക്തമാക്കി.
മലപ്പുറത്ത്‌ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഒരു സ്കൂളിൽ ഓപ്ഷൻ നൽകിയ പ്രകാരം പ്രവേശനം കിട്ടി. പ്രശസ്തമായ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ അടുത്തുള്ള ഹയർ സെക്കൻഡറിയിൽത്തന്നെ മുഴുവൻ എ പ്ലസുകാർക്കും പ്രവേശനം വേണമെന്ന് ശഠിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ? താമസിക്കുന്ന വില്ലേജ്, എസ്എസ്എൽസി പഠിച്ച വിദ്യാലയം, താലൂക്ക് എന്നിവയ്‌ക്കൊക്കെയുള്ള വെയ്റ്റേജ് പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതയും കുറവാണ്.

സപ്ലിമെന്ററി അലോട്ട്മെന്റ്‌ അവസാനിക്കുന്നതോടെ മലപ്പുറത്ത്‌ ഏതാണ്ടെല്ലാ വിദ്യാർഥികൾക്കും പ്ലസ് ടു പഠനം ഉറപ്പാക്കാനാകും. ശേഷിക്കുന്നവ സർക്കാർ പരിശോധിച്ച് പരിഹരിക്കും. യുഡിഎഫ് ഭരിക്കുമ്പോൾ തളർന്നുറങ്ങുകയും എൽഡിഎഫ് ഭരണത്തിൽ സടകുടഞ്ഞെണീക്കുകയും ചെയ്യുന്ന ചിലരുടെ "സമുദായപ്രേമവും’ മറ്റുചിലരുടെ "മലപ്പുറം പ്രണയവും"പച്ചയായ കാപട്യമാണെന്ന് ആർക്കാണറിയാത്തത്?

കുടിയൊഴിപ്പിക്കൽ നിരോധന നിയമത്തിലൂടെ മലപ്പുറത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയത്‌, കെഎസ്‌എസ്‌ആർ കൊണ്ടുവന്ന് മുസ്ലിങ്ങളുൾപ്പെടെ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കിയത്‌, മസ്ജിദുകൾ പണിയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കലക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന വ്യവസ്ഥ അറബിക്കടലിലേക്ക് മുക്കിത്താഴ്ത്തിയത്‌, മലപ്പുറം ജില്ലയ്‌ക്ക് രൂപം നൽകിയത്‌, കലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത്‌, സംസ്ഥാനത്തെ ഏറ്റവുമധികം സർക്കാർ വിദ്യാലയങ്ങൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ചത്‌, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പെരിന്തൽമണ്ണയിൽ യാഥാർഥ്യമാക്കിയത്‌, പ്ലസ്‌ ടു ബാച്ചുകൾ യുഡിഎഫിനേക്കാൾ മലപ്പുറം ജില്ലയിൽ അനുവദിച്ചത്‌–- തുടങ്ങിയ കാര്യങ്ങളെല്ലാം നടപ്പാക്കിയത്‌ ഇടതുപക്ഷ ഭരണകാലത്താണ്‌. വൈകാതെ മലപ്പുറത്തിന്റെ ഉപരിപഠന സൗകര്യങ്ങളുടെ കുറവും പരിഹരിക്കും. സംശയം വേണ്ട.

സ്‌കോൾ കേരളയിൽ മലബാറിൽനിന്നും മലപ്പുറത്തുനിന്നും കുട്ടികൾ വർധിച്ചത് കഴിഞ്ഞ ഏഴു വർഷമായിട്ടാണെന്ന രൂപേണ പ്രചാരണമുണ്ട്‌. സ്കോൾ കേരള ഉണ്ടായ കാലംമുതൽ സ്‌കോൾ കേരളയിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്ത് പഠിക്കുന്നത് മലബാറിൽനിന്നും മലപ്പുറത്തുനിന്നുമാണ്. അത് ഏഴു കൊല്ലമായി മാത്രമുള്ള പ്രതിഭാസമല്ല. 2011 മുതൽ 16 വരെ യുഡിഎഫ്‌ ഭരണത്തിലും സ്ഥിതി സമാനമായിരുന്നു. അതെന്തേ കുപ്രചാരകരുടെ "ഗവേഷണപട്ടിക’യിൽ വന്നില്ല? അന്ന് വിദ്യാഭ്യാസ മന്ത്രി ലീഗുകാരനായ അബ്ദുറബ്ബായതുകൊണ്ടാണോ? 2001––2006 വരെയുള്ള യുഡിഎഫ്‌ കാലത്തും സ്ഥിതി ഭിന്നമായിരുന്നില്ലല്ലോ? അതും ഇമ്മിണി വലിയ കണ്ടുപിടിത്തത്തിൽ ഇടം കാണാതെ പോയത് എന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാർ മുസ്ലിംലീഗ് നേതാക്കളായ ‘സൂപ്പി സാഹിബും ബഷീർ സാഹിബു’മായതിനാലാണോ?

സ്കോൾ കേരളയിൽ കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്തു നിന്നാണെന്ന "മേനി’ പറഞ്ഞാണ് സ്കോൾ കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് മാറ്റാൻ തകൃതിയായ നീക്കം അബ്ദുറബ്ബിന്റെ കാലത്ത് (2011-–-16) നടന്നത്. കോൺഗ്രസ് എതിർത്തതിനെ തുടർന്ന് അത്‌ വിജയിച്ചില്ല. സ്കോൾ കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് മാറ്റി അതിനെ ശക്തിപ്പെടുത്താനല്ലേ "സമുദായപ്രേമികൾ’ അന്ന് ഒരുമ്പെട്ടിറങ്ങിയത്. തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടിറങ്ങിയവർ അതൊന്നും കാണില്ല. കാണാൻ അവർക്ക് കഴിയില്ല. കാരണം, അത്രമാത്രമാണ് അവരെ കമ്യൂണിസ്റ്റ് വിരോധവും പിണറായി വിരോധവും വരിഞ്ഞു മുറുക്കിയിരിക്കുന്നത്.

യുഡിഎഫിന്റെ പ്രീതി പിടിച്ചുപറ്റി എങ്ങനെയെങ്കിലും വെൽഫെയർ പാർടിക്ക് ഐക്യമുന്നണിയിൽ ഒരിടം നേടിക്കൊടുക്കാനുള്ള പിടച്ചിലിൽ വസ്തുതകൾ "വഴിത്തിരിവു’കാർക്ക് മറച്ചുവയ്‌ക്കേണ്ടി വരുന്നത് സ്വാഭാവികം.
പ്ലസ്‌ ടുവിന് വേണ്ടത്ര വിദ്യാർഥികളില്ലാത്ത ബാച്ചുകൾ പി ജെ ജോസഫ് അനുവദിച്ച കാലത്ത് ഉണ്ടായിരുന്നില്ല. എസ്‌എസ്‌എൽസി പൂർത്തിയാക്കിയ വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരികയാണ്. ഈ കുറവ് പ്ലസ്‌ ടു ബാച്ചുകളിലെ വിദ്യാർഥികൾ കുറയുന്നതിന് ഇടയാക്കുന്നുണ്ട്. തെക്കൻജില്ലകളിൽ എസ്‌എസ്‌എൽസി കുട്ടികളുടെ കുറച്ചിലും പ്ലസ്‌ ടു ബാച്ചുകളിലെ കുട്ടികളുടെ കുറച്ചിലും മലബാറിനെ അപേക്ഷിച്ച് കൂടുതലാണ്.
2014-–-15, 2015-–-16 വർഷങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കൃത്യമായി പഠിക്കാതെ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചപ്പോൾ മുമ്പുണ്ടായിരുന്ന ബാച്ചുകളിലും പുതിയ ബാച്ചുകളിലുമായി വിദ്യാർഥികൾ വിഭജിക്കപ്പെടുന്ന സാഹചര്യം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. അത് പഴയ ബാച്ചുകളിലും വിദ്യാർഥികളിലും പുതിയ ബാച്ചുകളിലും കുട്ടികൾ കുറയുന്നതിന് കാരണമായി. "ജോസഫ് ബാച്ചുകളി’ൽ വിദ്യാർഥികൾ കുറഞ്ഞതിന് ഒരു കാരണം ആവശ്യമില്ലാതെ ‘അബ്ദുറബ് ബാച്ചുകൾ’ വന്നതുകൊണ്ടാണ്. 2010ലേതുപോലെ 2014––16ലും വടക്കൻ ജില്ലകൾക്ക്, വിദ്യാർഥികളുടെ എണ്ണം കണക്കിലെടുത്ത് പ്ലസ്‌ ടു ബാച്ചുകൾ അനുവദിച്ചിരുന്നെങ്കിൽ ഇത്രമാത്രം അന്തരം തെക്കും വടക്കും തമ്മിൽ ഉണ്ടാകുമായിരുന്നില്ല.
നിലവിലുള്ള വിദ്യാർഥികൾ വിഭജിക്കപ്പെടുന്ന സാഹചര്യം പ്രധാനമായും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണുണ്ടായത്. മറ്റു ചില ജില്ലകളിലും ചിലയിടങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് മനസ്സിലാക്കിയിട്ടാണ് 2016നു ശേഷം ബാച്ചനുവദിക്കാനുള്ള സമ്മർദം പലഭാഗത്തുനിന്നും ഉണ്ടായിട്ടും വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകൾ ഷിഫ്റ്റ് ചെയ്ത് ക്രമീകരണം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. ഇതുവരെ കുട്ടികൾ തീരെ കുറഞ്ഞ 36 ബാച്ച്‌ മലബാറിലേക്ക് മാറ്റിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും മലപ്പുറത്തിനാണ് ലഭിച്ചത്. വിദ്യാർഥികളുടെ എണ്ണം കുറവാണെങ്കിലും ദൂരപരിധി നോക്കുമ്പോൾ ഇടുക്കിപോലുള്ള ജില്ലകളിൽനിന്ന് എല്ലാ ബാച്ചുകളും ഷിഫ്റ്റ് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ വർഷത്തെ അഡ്മിഷൻ സ്റ്റാറ്റിസ്റ്റിക്സും അടുത്ത വർഷങ്ങളിൽ എസ്‌എസ്‌എൽസി എഴുതുന്നവരുടെ എണ്ണവുംകൂടി കണക്കിലെടുത്ത് വരും വർഷങ്ങളിലേ ഇത്തരം ബാച്ചുകൾ മാറ്റാൻ കഴിയൂ.

33 വർഷമായി നിലനിൽക്കുന്ന ഒരു പ്രശ്നം സമയബന്ധിതമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നത്. കഴിയുന്നത്ര സർക്കാർ സ്കൂളുകളിലും അതില്ലാത്തിടത്ത് എയ്ഡഡ് സ്കൂളുകളിലും പുതിയ ബാച്ചുകൾ നൽകാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. അതിന്‌ അദ്ദേഹത്തെ അനുവദിക്കുന്നതിന് പകരം വഴിതടഞ്ഞ് ബലം പ്രയോഗിച്ച് കാര്യം നേടാമെന്ന് കരുതുന്നവർ മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയല്ല, സ്വാർഥമായ രാഷ്ട്രീയലാഭമാണ് ലാക്കാക്കുന്നത്.
2011ൽ വി എസ് നേതൃത്വം നൽകിയ ഭരണം അവസാനിക്കുമ്പോൾ മലപ്പുറം ജില്ലയിൽ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 19,735 ആയിരുന്നു. യുഡിഎഫ്‌ ഭരിച്ച് അഞ്ചുവർഷം പൂർത്തിയാക്കിയ 2016ൽ അത് 25,733 ആയി.
|
ഇടതുപക്ഷം ആറു വർഷം പൂർത്തിയാക്കിയ 2022ൽ സ്കോൾ കേരളയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 15,988 ആയി വീണ്ടും താഴ്ന്നു. ഈ രണ്ടു ടേബിളും ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത് ഇടതുപക്ഷ ഭരണം അവസാനിക്കുമ്പോൾ പ്രൈവറ്റായി പ്ലസ്‌ ടു പഠിച്ച കുട്ടികളുടെ എണ്ണം മലപ്പുറത്ത് കുറയുന്നുവെന്നും യുഡിഎഫ്‌ ഭരണം പൂർത്തിയാക്കുമ്പോൾ ക്രമാതീതമായി സ്വകാര്യമായി പ്ലസ്‌ ടു പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നുമാണ്. എൽഡിഎഫ്‌ കാലത്താണ് മലപ്പുറത്ത്‌ സർക്കാർ-–- എയ്ഡഡ് സ്കൂളുകളിൽ കൂടുതൽ പഠനാവസരങ്ങൾ സൃഷ്ടിച്ചത് എന്നാണ് ഇതിന്റെ പച്ചമലയാളത്തിലുള്ള അർഥം. സത്യം ഇതായിരിക്കെ പച്ചക്കള്ളം പ്രചരിപ്പിച്ച് നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ഒരുമ്പെടുന്നവർ ജനങ്ങളുടെ സ്വൈര ജീവിതമാണ്


ww(4)