ബെമൽ വിൽപ്പന ; വാശി വിടാതെ കേന്ദ്രം; മിണ്ടാതെ എംപി വി കെ ശ്രീകണ്‌ഠൻ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) കഞ്ചിക്കോട്‌ യൂണിറ്റ്‌ സ്വകാര്യ കമ്പനിക്ക്‌ വിൽക്കരുതെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം 915 ദിവസം പിന്നിട്ടിട്ടും പാലക്കാട്‌ എംപി വി കെ ശ്രീകണ്‌ഠൻ തിരിഞ്ഞുനോക്കുന്നില്ല. സൈന്യത്തിന്‌ വാഹനങ്ങളും ഇന്ത്യക്ക്‌ അകത്തുംപുറത്തും മെട്രോകോച്ചും നിർമിക്കുന്ന പ്രതിരോധ മന്ത്രാലയത്തിനുകീഴിലെ തന്ത്രപ്രധാന സ്ഥാപനമാണിത്‌. രാജ്യരക്ഷയ്ക്ക് ഭീഷണിയാകുന്ന ബെമൽ വിൽപ്പനയ്ക്കെതിരെ തൊഴിലാളികളുടെ ചെറുത്തുനിൽപ്പ് ശക്തമായിട്ടും പാർലമെന്റിൽ ഒരു വാക്ക്‌ മിണ്ടിയിട്ടില്ല എംപി. വിൽപ്പന നടപടികളുടെ ഓരോഘട്ടത്തിലും തൊഴിലാളികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ടെൻഡറിൽ 12 കമ്പനികൾ പങ്കെടുത്തതിൽ മൂന്ന്‌ കമ്പനികളെ കേന്ദ്രം തെരഞ്ഞെടുത്തു. വിൽക്കുമെന്ന വാശിയിലാണ് കേന്ദ്രം. ബെമൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് സമരം. സമരകേന്ദ്രത്തിൽ എത്താനോ തൊഴിലാളികളോട് സംസാരിക്കാനോ എംപി ഇതുവരെ തയ്യാറായില്ല. സിഐടിയു നേതൃത്വത്തിലുള്ള സമിതിയാണ് സമരത്തിന് സഹായം നൽകുന്നത്. ഏറ്റെടുക്കാൻ അവസാനപട്ടികയിൽ ഇടംപിടിച്ചത്‌ ഹൈദരാബാദിലെ മേഘ ഇൻഡസ്‌ട്രീസ്‌, മുംബൈയിലെ കല്യാണി ഗ്രൂപ്പ്‌, റഷ്യൻ കമ്പനി എന്നിവയാണ്‌.
വിൽപ്പന 2,000 കോടിക്ക്‌
ബെമലിന്‌ രാജ്യത്താകെ 50,000 കോടിരൂപയുടെ ആസ്‌തിയാണുള്ളത്‌. രണ്ടായിരം കോടിക്കാണ്‌ 26 ശതമാനം ഓഹരി വിൽക്കുന്നത്‌. മാനേജ്‌മെന്റ്‌ അധികാരം ഉൾപ്പെടെ കൈമാറാനാണ്‌ ടെൻഡർ. കേന്ദ്ര സർക്കാരിന്റെ 54 ശതമാനം ഓഹരിയിൽനിന്നാണ്‌ വിൽപ്പന. 46 ശതമാനം ഓഹരി എൽഐസിപോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്‌. ഭൂമിയും യന്ത്രസാമഗ്രികളും കെട്ടിടങ്ങളും കൈമാറും. ഓഹരി ഒന്നിന്‌ 1,855 രൂപയാണ്‌. 1.10 കോടി ഓഹരി 2,000 കോടി രൂപയ്‌ക്ക്‌ വിൽക്കും. കഴിഞ്ഞ വർഷം 203 കോടി രൂപ ലാഭവും 4,000 കോടി വിറ്റുവരവും നേടിയ ബെമൽ 10,000 കോടിയുടെ ഓർഡറും സ്വന്തമാക്കി. രാജ്യത്തെ കണ്ണായ നഗരങ്ങളിൽ ബെമൽ ഉടമസ്ഥതയിലുള്ള 3,675 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക്‌ സ്വന്തമാകും.

170720233